കാലത്തെ വെല്ലുവിളിച്ച മഹാത്മ അയ്യന്‍കാളി: ഭാഗം -3

July 8, 2015 ലേഖനങ്ങള്‍

സാമൂഹ്യമാറ്റങ്ങള്‍ക്ക് നാന്ദികുറിച്ച അയ്യന്‍കാളി പള്ളിക്കൂടം

പുതിയ നൂറ്റാണ്ടിന്റെ പിറവിയോടൊപ്പം തിരുവിതാംകൂറിലെങ്ങും സാമൂഹ്യമണ്ഡലത്തില്‍ അനിവാര്യമായ ചില മാറ്റങ്ങള്‍ക്കും സംഭവബഹുലമായ വ്യതിയാനങ്ങള്‍ക്കും കാരണമായി. ആ മാറ്റത്തിന്റെ ഭാഗമായിരുന്നു അയിത്ത ജാതി കുട്ടികള്‍ക്കുവേണ്ടി അയിത്ത ജാതിക്കാരനായ അയ്യന്‍കാളി സ്വന്തം കൈകൊണ്ട് ഇന്ത്യയില്‍ ആദ്യത്തെ അവര്‍ണ സ്‌കൂളിന് അസ്ഥിവാരമിട്ടത്. ഇത് പിന്നീട് വന്‍പിച്ച അവര്‍ണ മുന്നേറ്റങ്ങള്‍ക്ക് വേദിയായി പരിണമിച്ചു. പക്ഷെ അയ്യന്‍കാളി വെങ്ങാനൂരില്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിന് 52 വര്‍ഷം മുന്‍പ് അയിത്ത ജാതികുട്ടികള്‍ക്ക് ആദ്യമായി ജോതി ബാഫൂലെ ഒരു സ്‌കൂള്‍ സ്ഥാപിച്ചിരുന്നു. മഹാരാഷ്ട്ര സംസ്ഥാനത്ത് പൂനയിലായിരുന്നു 1852-ല്‍ ഈ വിദ്യാലയം അദ്ദേഹം സ്ഥാപിച്ചത്.

സവര്‍ണനായിരുന്നുവെങ്കിലും ജോതിബാഫൂലെ സാമൂഹ്യ പ്രവര്‍ത്തകനും അയിത്ത ജാതിക്കാരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ആളായിരുന്നു. എന്നാല്‍ അര്‍ണര്‍ക്കുവേണ്ടി ഒരവര്‍ണന്‍ ആദ്യമായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കാന്‍ മുതിര്‍ന്നത് അയ്യന്‍കാളി തന്നെ. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സവര്‍ണരോട് ഏറ്റുമുട്ടി സ്ഥാപിച്ച അയ്യന്‍കാളി പള്ളിക്കൂടമിന്ന് ഒരു നൂറ്റാണ്ടിന്റെ വീരഗാഥയുമായി ചരിത്രത്തില്‍ ഇടം തേടിയിരുന്നു. അതിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ആശങ്കകള്‍ ഇല്ലാതില്ല.

കാലപ്രവാഹത്തില്‍ സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വില്ലുവണ്ടിയില്‍ കയറി സാധുജനവിമോചന പ്രക്ഷോഭങ്ങള്‍ (ലഹളകള്‍) നാടിന്റെ നാനാഭാഗത്തും അരങ്ങു തകര്‍ത്ത് മുന്നേറിക്കൊണ്ടിരുന്നു. ഈ മുന്നേറ്റങ്ങള്‍ അയ്യന്‍കാളിക്കും അണികള്‍ക്കും ആവേശവും കരുത്തും പകര്‍ന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അയിത്ത വിഭാഗത്തിലെ കുട്ടികളുടെ വിദ്യാലയ പ്രവേശനം ഒരു കീറാമുട്ടിയായി തന്നെ നിലനിന്നിരുന്നു. ഇതില്‍ പ്രകോപിതനായ അയ്യന്‍കാളി അടുത്തപുറപ്പാട് സ്‌കൂള്‍ പ്രവേശന വിഷയത്തിലായി. സര്‍ക്കാര്‍ സ്ഥാപിച്ച എല്ലാ സ്‌കൂളുകളിലും തീണ്ടല്‍ ജാതികുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന പശ്ചാത്തലത്തില്‍ ഇതിനെതിരെ പോരാട്ടമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അയ്യന്‍കാളിക്കു മുന്നിലില്ലായിരുന്നു. സവര്‍ണ മേധാവികളുടെ സാമൂഹ്യ അനാചാരങ്ങള്‍ കൊടുമ്പിരികൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് തന്റെ അനുചരസംഘവുമൊന്നിച്ച് അയ്യന്‍കാളി അതിനെതിരെ അടര്‍ക്കളത്തിലിറങ്ങിയത്. സവര്‍ണരുടെ ഈ കാട്ടാള അനീതിക്കെതിരെ സ്വന്തമായി ഒരു കുടിപ്പള്ളിക്കൂടം (നിലത്തെഴുത്തുപള്ളി) നിര്‍മ്മിക്കാനാണ് ശ്രമിച്ചത്. ഈ തീരുമാനത്തിനു പിന്നില്‍ ശ്രീനാരായണ ഗുരുവിന്റെ ഉപദേശമായിരുന്നുവെന്ന് ചില സജാതീയ ചരിത്രകാരന്മാര്‍ അടുത്തിടെ ചരിത്രം ചമച്ചത് കാപട്യവും നിന്ദ്യവുമായ ഏര്‍പ്പാടാണ്. അയ്യന്‍കാളി പള്ളിക്കൂടത്തിന്റെ ആശയം ആരുടെയെങ്കിലും ഉപദേശത്താലോ നിര്‍ദ്ദേശത്താലോ നിര്‍മ്മിതമല്ല. മറിച്ച് അയ്യന്‍കാളിയില്‍ സ്വയം രൂപമെടുത്ത ഒരാശയമായിരുന്നത്. തീണ്ടല്‍ ജാതിക്കാരായ പുലയരുടെ സ്‌കൂള്‍ പ്രവേശനത്തെ ആ കാലത്ത് ശക്തിയായി എതിര്‍ത്തിരുന്ന മറ്റൊരു തീണ്ടല്‍ ജാതിയായിരുന്നു ഈഴവര്‍. അവയൊക്കെ വരും അദ്ധ്യായങ്ങളില്‍ സന്ദര്‍ഭോചിതമായി വായിച്ചെടുക്കാവുന്നതാണ്.

അയ്യന്‍കാളിയെന്ന നിരക്ഷരന്‍ വിദ്യാലയം സ്ഥാപിക്കുന്നതിനു മുന്‍പായി തന്നെ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളെ സംബന്ധിച്ചും സമ്പ്രദായങ്ങളെക്കുറിച്ചുമെല്ലാം അറിയേണ്ടതാണ്. സംഘകാലത്തിനുമുന്‍പും പിന്‍പും പുലയര്‍ അറിവിലും സംസ്‌കാരത്തിലുമെല്ലാം മുന്‍പന്തിയിലായിരുന്നു. അന്നത്തെ കവികളില്‍ ശ്രേഷ്ഠനായിരുന്നു തിരുവള്ളുവര്‍. ഏകദേശം അഞ്ചുനൂറ്റാണ്ടുകള്‍ക്ക് മുന്‍പ് രചിക്കപ്പെട്ടുവെന്ന് കരുതുന്ന ‘ജ്ഞാനാമൃതം’ എന്ന തമിഴ് കാവ്യത്തില്‍ നിന്നാണ് തിരുവള്ളുവരുടെ ജനനത്തെക്കുറിച്ച് അറിവു ലഭിക്കുന്നത്. ഇതില്‍ തിരുവള്ളുവരും രണ്ട് സഹോദരന്മാരും നാല് സഹോദരിമാരും കാളിദത്തന്റെയും ആതിയെന്ന പുലയസ്ത്രീയുടെയും മക്കളായിട്ടാണ് പിറക്കുന്നത്. തിരുവള്ളുവര്‍ അതിയന്‍, കപിലര്‍ എന്നീ സഹോദരന്മാരും, ഔവ്വയാര്‍, ഉപ്പൈ, ഉരുവൈ, വള്ളി എന്നീ സഹോദരിമാരും. ഇവരില്‍ തിരുവള്ളുവരും ഔവ്വയ്യാരും പ്രസിദ്ധരായ കവികളായിരുന്നു. വേദേതിഹാസങ്ങള്‍ക്ക് തുല്യമായതാണ് തിരുവള്ളുവരുടെ ‘തിരുക്കുറല്‍: ഈ കാവ്യത്തിന്റെ 40 മുതല്‍ 43 വരെ അദ്ധ്യായങ്ങള്‍ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിന് മതിയായ തെളിവുകളാണ്. സംഘകാലഘട്ടത്തില്‍ പോലും മരുതനിലങ്ങളിലും മുല്ലൈപ്രദേശങ്ങളിലും ‘പയല്‍’ വിദ്യാലയങ്ങള്‍ നിലനിന്നിരുന്നുവെന്ന് ഡോ.കെ.കെ.പിള്ളയുടെ കേരള ചരിത്രം ഒന്നാം ഭാഗത്ത് വ്യക്തമായ സൂചന നല്‍കുന്നു. ഈ പയല്‍ സ്‌കൂളുകള്‍ പള്ളികളായും പില്‍ക്കാലത്ത് പള്ളിക്കൂടങ്ങളായും രൂപാന്തരം പ്രാപിക്കുന്നുണ്ട്. ബുദ്ധമതത്തിന്റെ സ്വാധീനമാണ് കേരളത്തില്‍ പുരാതനകാലത്ത് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് ബീജാപം നടന്നതെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. അങ്ങിനെ നോക്കുമ്പോള്‍ കേരളത്തിലെ ആദിമനിവാസി ഗോത്ര സംസ്‌കാരത്തില്‍പ്പെടുന്ന പുലയര്‍ പുരാതന കാലത്ത് വിദ്യാസമ്പന്നരായിരുന്നുവെന്ന് പുറയുന്നതില്‍ തെറ്റില്ല. പുലയന്‍ എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ കൃഷിക്കാരന്‍, ഭൂവുടമ, അറിവുള്ളവന്‍, പണ്ഡിതന്‍ എന്നെല്ലാമാണ്.

തിരുവിതാംകൂറില്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന് ആദ്യ അടിത്തറയിട്ടത് ഇവിടത്തെ ഭരണാധികാരികളായിരുന്നു. 1775-ല്‍ വേലുത്തമ്പിദളവ തിരുവിതാംകൂറില്‍ കരകള്‍ തോറും കുടിപ്പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. ഈ കുടിപള്ളിക്കൂടങ്ങളില്‍ നായര്‍ കുട്ടികള്‍ക്കേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ഈ കുടിപള്ളിക്കൂടങ്ങള്‍ തൊട്ടായിരുന്നു ചരിത്രത്തില്‍ ആദ്യമായി അയിത്ത ജാതിക്കാരുടെ കുട്ടികളെ ഒഴിവാക്കിത്തുടങ്ങിയത്. കേരളത്തില്‍ കുടിപള്ളിക്കൂടങ്ങളുടെ ചരിത്രവും തുടങ്ങുന്നത് വേലുത്തമ്പിയുടെ കാലത്തോട് കൂടിയായിരുന്നു. പിന്നീട് നാല്പത്തി ഒന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് എ.ഡി.1816-ല്‍ റാണിഗൗരിപാര്‍വ്വതിഭായി വിദ്യാഭ്യാസത്തെ സംബന്ധിച്ച് ഒരു നീട്ട് പുറപ്പെടുവിച്ചു. ഈ നീട്ടാണ് തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ആദ്യത്തെ വിദ്യാഭ്യാസ രേഖ. ഈ നീട്ടില്‍ വ്യക്തമായ എല്ലാവിദ്യാഭ്യാസ കാര്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കാനും അവയില്‍ ആവശ്യമുള്ള അദ്ധ്യാപകരെ നിയമിക്കാനും, അവര്‍ക്ക് ശമ്പളം നല്‍കാനുമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളള്ളച്ചിരുന്നു. പക്ഷെ ഈ പള്ളിക്കൂടങ്ങളില്‍ ഒന്നില്‍ പോലും അയിത്ത ജാതികുട്ടികളെ പ്രവേശിപ്പിച്ചിരുന്നില്ല.

റാണി ഗൗരിപാര്‍വ്വതിഭായിയുടെ പ്രസിദ്ധമായ വിദ്യാഭ്യാസ സംബന്ധമായ നീട്ട് ഇങ്ങനെയാണ് ‘കൊല്ലത്തിന് വടക്കുള്ള പിള്ളരെ എഴുത്തുപഠിപ്പിക്കുന്നതിന് വാദ്ധ്യാര്‍ക്കു ശമ്പളം കൊടുക്കാന്‍ ജനങ്ങള്‍ക്കു വകയില്ലാതെയും ആ ദിക്കിലുള്ള ആളുകള്‍ക്ക് എഴുത്തും കണക്കും ഇടപെട്ടുള്ള അഭ്യാസം ഏറ്റം കുറവായിട്ടു വന്നിരിക്കുന്നു എന്നും പണ്ടാരവകയില്‍ നിന്ന് ശമ്പളവും കൊടുത്ത് വാദ്ധ്യാരെ ആക്കി പിള്ളരെ എഴുത്തും കണക്കും പഠിപ്പിച്ച് പ്രാപ്തിയാക്കിയാല്‍ ഓരോ ഉദ്യോഗങ്ങള്‍ക്കും കണക്കെഴുത്തിനും ഉപകാരമായിട്ടും വരുന്നതാകകൊണ്ട് ആ വകയ്ക്ക് മലയാള അക്ഷരവും വില്പത്തിയും ജോതിഷവും വശമുള്ളതില്‍ ഒരാളിനെയും ഇതിവണ്ണം ഓരോ സ്ഥലത്തേയ്ക്കും രണ്ട് വാദ്ധ്യാന്മാരെ വീതവും ആക്കി അവര്‍ക്ക് മാസം ഒന്നിന് അന്‍പത് പണം വീതം ശമ്പളവും വച്ചുകൊടുത്താല്‍ പഠിപ്പിക്കുന്നതാകെ കൊണ്ടു ഇപ്പോള്‍ മാവേലിക്കര മണ്ടപത്തും വാതുക്കലേയ്ക്ക് രാമവാര്യനേയും ശങ്കരലിംഗം വാദ്ധ്യാനെയും കാര്‍ത്തികപള്ളി മണ്ഡപത്തും വാതിക്കലേയ്ക്ക് ഹരിപ്പാട്ടു കൊച്ചുപിള്ള വാദ്ധ്യാനെയും ശുചീന്ദ്രത്ത് വള്ളിനായകം വാദ്ധ്യാനെയും കൊട്ടാരക്കര മണ്ഡപത്തും വാതിക്കലേയ്ക്ക് പേരൂര്‍ കുറുപ്പിനെയും ശിവതാണുപിള്ളയെയും ആക്കി അവര്‍ക്ക് പേരൊന്നിന് അന്‍പതുപണം വീതം ശമ്പളവും വച്ചുകൊടുക്കേണ്ടല്ലോ എഴുതിവന്നതിനാലാകുന്നു. ഇപ്രകാരം നിശ്ചയിച്ചതു യുക്തമായിട്ടുള്ളതാക കൊണ്ട് എഴുതിവന്നതിന്മണ്ണം ഓരോ സ്ഥലത്തേയ്ക്കും ഈ രണ്ട് വാദ്ധ്യാന്മാര്‍ വീതവും ആക്കി പേരൊന്നിന് അമ്പതു പണം വീതം ശമ്പളവും വച്ചുകൊടുത്ത് അവരവരുടെ പിള്ളരെ കൊണ്ടുവന്നുവിട്ടാല്‍ അവരെ ഒക്കെയും എഴുത്തും കണക്കും നല്ലപോലെ പഠിപ്പിക്കത്തക്കവണ്ണം അതാതുമണ്ടപത്തും വാതുക്കല്‍ തഹസീല്‍ദാരനും സമ്പ്രതിക്കാരന്മാരും ഓരോരുത്തനും പള്ളിക്കൂടത്തില്‍ ചെന്നു എത്രപിള്ളരു എഴുത്തു പഠിച്ചുവരുന്നുണ്ടെന്നും അവര്‍ക്ക് എന്തെല്ലാം അഭ്യാസങ്ങള്‍ ആയെന്നും വര്യോല എഴുതി ഹജൂരില്‍ കൊടുത്തയക്കേണ്ടതിനും ചട്ടം കെട്ടി ഓരോ മാസം തികയുമ്പോള്‍ ആ വകയ്ക്ക് വിവരമായിട്ടു വര്യോല എഴുതിച്ചു നാം ബോധിക്കുന്നതിന് കൊടുത്തയക്കത്തക്കവണ്ണം നിദാനം വരുത്തിക്കൊള്ളുകയും വേണം. എന്നും ഇക്കാര്യം ചൊല്ലി 992-ാം മാണ്ട് ഇടവ മാസം 19-ാം തീയതി ദിവാന്‍ പേഷ്‌കാര്‍ വെങ്കിട്ടരായര്‍ക്കു നീട്ടെഴുതി വിടൂ എന്നു തിരുവള്ളമായ നീട്ട്. 1 ഈ നീട്ടിനെ തുടര്‍ന്നാണ് തിരുവിതാംകൂറിനൊപ്പം കൊച്ചി ദിവാനായിരുന്ന കേണല്‍ മണ്‍ട്രോ എഴുത്താശാന്മാരെ അതാതു കോവിലകത്ത് നിയമിക്കാന്‍ നിര്‍ദ്ദേശം കൊടുത്തത്.

ഏതാണ്ട് ഇതേകാലത്തു തന്നെ തിരുവിതാംകൂറിലെത്തിയ വിദേശ മിഷനറി കൂട്ടങ്ങള്‍ രാജാവിനെ സ്വാധീനിച്ച് പള്ളികളും, സ്‌കൂളുകളും സ്ഥാപിച്ച് തീണ്ടാ ജാതികുട്ടികളെ വിദ്യാഭ്യാസം നല്‍കാനും അതുവഴി വ്യാപകമായി മതപരിവര്‍ത്തനം സാധിച്ചതും. മിഷനറി സ്‌കൂളുകളില്‍ തീണ്ടല്‍ കുട്ടികള്‍ക്ക് നിര്‍ബാധം സ്‌കൂള്‍ പ്രവേശനം നല്‍കി പോന്നിരുന്നു. പക്ഷെ ഒരു വ്യവസ്ഥ ക്രിസ്ത്യാനി മതത്തില്‍ ചേരണം. ഉപകാരത്തിന് പ്രത്യുപകാരം വേണമല്ലോ. കുട്ടികള്‍ മാത്രമല്ല കുട്ടികളോടൊപ്പം അച്ഛനും അമ്മയുമൊന്നിച്ചുള്ള കടുംബം മുഴുവനായി ക്രൈസ്തവവല്‍ക്കരണത്തിന് വിധേയരായി കൊണ്ടിരുന്നു. ഇങ്ങനെ ക്രൈസ്തവ മതത്തില്‍ ചേരുന്നവര്‍ക്ക് വിദ്യാഭ്യാസം മാത്രമല്ല ലഭിച്ചിരുന്നത് അടിമത്വത്തില്‍ നിന്നുള്ള മോചനം. സാമൂഹ്യഅനാചാരങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം ലഭിച്ചിരുന്നു. അങ്ങിനെയാണ് അവര്‍ണര്‍ മതം മാറിയാലും വേണ്ടില്ല സാമൂഹ്യ അസമത്വങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നവിശ്വാസത്തോടെ കൂട്ടമായി ക്രൈസ്തവ മതത്തില്‍ ചേര്‍ന്നത്. ഇതില്‍ വിദ്യാഭ്യാസം നേടുവാനായിരുന്നു ഒട്ടേറെപ്പേരും മതപരിവര്‍ത്തനത്തിന് വിധേയരായത്. ആദ്യകാലത്ത് ഇത്തരം വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പ്രധാനമായും മിഷനറിമാര്‍ പഠിപ്പിച്ചത് സുവിശേഷ വേലയും ബൈബിള്‍ പഠനവുമായിരുന്നു. പഠനം പൂര്‍ത്തീകരിച്ചവരെ സുവിശേഷ ജോലിക്കായി ഒരു നിശ്ചിതകാലത്തേയ്ക്ക് നിയമിച്ചിരുന്നു. അവര്‍ണ പഠിതാവിന് വിദ്യാഭ്യാസവും അതിലൂടെ ജോലിയും ലഭിച്ചപ്പോള്‍ മിഷനറിമാര്‍ക്ക് സുവിശേഷത്തിലൂടെ മതപരിവര്‍ത്തനം നടത്താനും സാധിച്ചു. ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയും, ഡച്ച് ഈസ്റ്റ് ഇന്ത്യാകമ്പനിയും വ്യാപകമായ മതപരിവര്‍ത്തനത്തിന് അംഗീകാരവും നല്‍കിയിരുന്നു. അങ്ങിനെ ഒരു ജനതയുടെ പൂര്‍വ്വകാല പാരമ്പര്യ ദൈവവിശ്വാസത്തെ ഹനിക്കുകയും, അവരുടെ ആചാരാനുഷ്ഠാനങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയും പുറന്തള്ളിയും സാമൂഹ്യ പ്രതിബദ്ധതയോ സ്വത്വബോധമോ ഇല്ലാത്ത ഒരു പുത്തന്‍ ജനതയെ അവര്‍ണരില്‍ നിന്നും വിദേശീയ മിഷനറികൂട്ടം വാര്‍ത്തെടുത്തു. ഇത് അയിത്തം അനുഭവിച്ചിരുന്ന തീണ്ടല്‍ സമൂഹത്തെ കുത്തിപ്പിളര്‍ക്കുകയായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. നൂറ്റാണ്ടുകളായി തുടരുന്ന ആ പ്രക്രിയ-മതപരിവര്‍ത്തനം ഇന്നും അഭംഗുരം തുടരുന്നുണ്ട്.കേരളത്തിലെ മഹത്തായ ഒരു ജനതയുടെ സര്‍വ്വനാശത്തിലേയ്ക്കാണ് ക്രിസ്ത്യന്‍ മതപരിവര്‍ത്തനം അവര്‍ണരില്‍ നടത്തി കൊണ്ടിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ലേഖനങ്ങള്‍