കോഴിക്കോട്‌ കിരീടം ഉറപ്പാക്കി

January 23, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കോട്ടയം: അന്‍പത്തിയൊന്നാമത്‌ സംസ്‌ഥാന സ്‌കൂള്‍ കലോല്‍സവത്തിന്‌ ഇന്ന്‌ കൊടിയിറങ്ങുമ്പോള്‍, കോഴിക്കോട്‌ ജില്ല സ്വര്‍ണക്കപ്പില്‍ മുത്തമിടുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായി. 779 പോയിന്റോടെയാണ്‌ കഴിഞ്ഞ വര്‍ഷത്തെ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോടിന്റെ മുന്നേറ്റം. രണ്ടാം സ്‌ഥാനത്തുള്ള തൃശൂരിന്‌ 744 പോയിന്റാണുള്ളത്‌. 731 പോയിന്റുമായി കണ്ണൂര്‍ മൂന്നാമതും 725 പോയിന്റുമായി പാലക്കാട്‌ നാലാമതുമാണ്‌. 699 പോയിന്റുള്ള എറണാകുളമാണ്‌ അഞ്ചാമത്‌. ആതിഥേയരായ കോട്ടയം 691 പോയിന്റുമായി ആറാം സ്‌ഥാനത്താണ്‌.
ചാംപ്യന്‍ സ്‌കൂളുകളുടെ പട്ടികയില്‍ ഒന്നാമത്‌ ദുര്‍ഗ എച്ച്‌എസ്‌എസ്‌ കാഞ്ഞങ്ങാടാണ്‌ (219 പോയിന്റ്‌). ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഒന്നാമതെത്തിയാണ്‌ ദുര്‍ഗ എച്ച്‌എസ്‌എസിന്റെ നേട്ടം.
അറബി കലോല്‍സവത്തില്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തൃശൂരും കണ്ണൂരും പാലക്കാടും മലപ്പുറവും 95 പോയിന്റുമായി തുല്യനിലയിലാണ്‌. കാസര്‍കോടാണു രണ്ടാമത്‌ – 93 പോയിന്റ്‌. കൊല്ലം, കോഴിക്കോട്‌ ജില്ലകള്‍ക്കു 91 പോയിന്റ്‌ വീതമുണ്ട്‌. സംസ്‌കൃതോല്‍സവത്തില്‍ തൃശൂരും എറണാകുളവും 93 പോയിന്റോടെ മുന്നില്‍ തുടരുന്നു.
പ്രധാന വേദിയായ പൊലീസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ ഇന്ന്‌ അഞ്ചിനു സമാപനസമ്മേളനം മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്യും. മന്ത്രി എം. എ. ബേബി അധ്യക്ഷത വഹിക്കും. ജേതാക്കള്‍ക്കു സ്വര്‍ണക്കപ്പ്‌ കൈമാറുന്നത്‌ യേശുദാസാണ്‌. സുവനീര്‍ പ്രകാശനം മന്ത്രി മുല്ലക്കര രത്‌നാകരന്‍ നിര്‍വഹിക്കും. അടുത്ത കലോല്‍സവം നടക്കുന്ന തൃശൂരിനുവേണ്ടി മേയര്‍ ഐ. പി. പോള്‍, കോട്ടയം നഗരസഭാ ചെയര്‍മാന്‍ സണ്ണി കല്ലൂരില്‍നിന്നു കലോല്‍സവ പതാക ഏറ്റുവാങ്ങും. പുല്ലുമേട്‌ ദുരന്തത്തെത്തുടര്‍ന്നു കലോല്‍സവത്തിന്റെ ഉദ്‌ഘാടനദിനത്തില്‍നിന്നു മാറ്റിയ സാംസ്‌കാരിക ഘോഷയാത്ര രണ്ടുമണിക്കു നാഗമ്പടം സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം മൈതാനത്തുനിന്നും ആരംഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം