പാദപൂജ – സാധകനും മനസ്സും

January 24, 2011 സനാതനം

അധ്യായം – 2

ബ്രഹ്മശ്രീ നീലകണ്‌ഠഗുരുപാദര്‍

സിദ്ധിനിരാസം

ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി

(തുടര്‍ച്ച)

സ്വര്‍ഗസ്ഥമായ അവസ്ഥ പലപ്പോഴും അഭികാമ്യമായിത്തോന്നാറുണ്ട്‌. എന്നാല്‍ മനസ്സിന്റെ അതിസൂക്ഷ്‌മമായ ബീജം സൂക്‌ഷിക്കുന്ന വികാരങ്ങള്‍ സ്വര്‍ഗാവസ്ഥയിലും സജീവമാണ്‌. ദേവേന്ദ്രന്റെ ഭോഗവാഞ്‌ഛയും തന്മൂലം ലഭിച്ച ശാപവും മേല്‍പറഞ്ഞതിനുദാഹരണമാണ്‌. ഉപാസകന്‌ ഉപാസ്യവുമായ താദാത്മ്യപ്രാപ്‌തിയുണ്ടാകുന്നതുവരെ പല ദിവ്യാനുഭവങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. എന്നാല്‍ അവയെല്ലാം സൂക്ഷമശരീരത്തിലേയും കാരണശരീരത്തിലേയും ഭോഗവസ്‌തുക്കളാണെന്നറിഞ്ഞുകൊണ്ട്‌ ഭുവര്‍ലോകസ്വര്‍ലോകാനുഭവങ്ങളെ വര്‍ജിക്കണം.
സ്വര്‍ലോകസുഖങ്ങളെന്ന്‌ സാധാരണമനുഷ്യര്‍ അധ്യാസിക്കുന്ന സുഖഭാവന പുനര്‍ജന്മത്തിനും മരണത്തിനും കാരണമായിത്തീരുന്ന അനുഭവങ്ങളെ ഉണ്ടാക്കുന്നു. അതിനാല്‍ സ്വര്‍ഗാദിസുഖങ്ങള്‍ സമ്പൂര്‍ണമനോനിഗ്രഹംകൊണ്ട്‌ സധിച്ചവയാണെന്ന്‌ കരുതാന്‍വയ്യ. മറിച്ച്‌ മനസ്സിന്റെ സ്ഥൂലഭാവത്തില്‍നിന്നു വ്യതിചലിച്ച്‌ ഈശ്വരാഭിമുഖമായ അവസ്ഥയിലേക്ക്‌ കടക്കുമ്പോള്‍ സംഭവിക്കുന്ന താല്‍ക്കാലികാനുഭവങ്ങളായിട്ടേ ഇവയെ വിലയിരുത്താവൂ. അണിമാദ്യഷ്‌ടൈശ്വര്യസിദ്ധികളും ഇക്കൂട്ടത്തില്‍പ്പെടുന്നവയാണ്‌. പേരിനും പെരുമയ്‌ക്കും വേണ്ടിയും, ധനസമ്പാദനത്തിനും വിറ്റഴിക്കപ്പെടുന്ന സൂക്ഷ്‌മലോകത്തിലെ ഭോഗസാധനങ്ങളാണ്‌ മേല്‍പറഞ്ഞവ. സ്ഥൂലലോകത്തിലിന്നുകാണുന്ന ഉപഭോഗസംസ്‌കാരത്തില്‍ നിന്ന്‌ വളരെ വ്യത്യസ്‌തമായ പദവിയൊന്നും മേല്‍പറഞ്ഞ സൂക്ഷ്‌മലോകത്തിലെ ഉപഭോഗവാസനയ്‌ക്കില്ല. ഒന്നു സ്ഥൂലവും മറ്റേത്‌ സൂക്ഷ്‌മവുമെന്നതില്‍ കവിഞ്ഞ്‌ രണ്ടുകൊണ്ടും പുനര്‍ജന്മത്തില്‍നിന്ന്‌ മുക്തിനേടാന്‍ അവസരമോ അവകാശമോ ലഭിക്കുന്നില്ല. അതുകൊണ്ടാണ്‌ കര്‍മവാസനകളെ ജയിക്കുന്നതിലൂടെ സമ്പൂര്‍ണമായ മനോനിഗ്രഹം ആചാര്യന്മാര്‍ നിര്‍ദ്ദേശിക്കുന്നത്‌. അഭ്യാസത്തിന്റെ വിവിധമേഖലകളെ തരണം ചെയ്‌ത്‌ സമ്പൂര്‍ണമനോനിഗ്രഹം സാധിക്കുന്നതുവരെ സിദ്ധികളില്‍ കുടുങ്ങിയോ ഭ്രമിച്ചോ ഇഹലോകജീവിതത്തില്‍ ലഭിക്കുന്ന ഏതെങ്കിലുമൊന്നില്‍ ആകൃഷ്‌ടമായോ ഉള്ള അപകടം സംഭവിക്കരുതെന്ന്‌ ഉപദേശിച്ചിട്ടുണ്ട്‌.
“പ്രക്ഷീണചിത്തദര്‍പ്പസ്യ നിഗൃഹീതേന്ദ്രിയദ്വിഷ:
പത്മിന്യാ ഹേമന്തേ ക്ഷീയന്തേ ഭോഗവാസനാ”

– `ഹേമന്തകാലത്തില്‍ താമരപ്പൊയ്‌കകള്‍ എപ്രകാരമാണോ നശിച്ചുപോകുന്നത്‌ അതുപോലെ ചിത്താഹങ്കാരം ഭോഗവാസനകള്‍ നശിക്കുന്നു. (മഞ്ഞുകാലത്ത്‌ മഞ്ഞും ആലിപ്പഴവും വീണ്‌ താമരപ്പൊയ്‌കകള്‍ നശിക്കാറുണ്ട്‌.) താമരപ്പൂവ്‌ നശിക്കുന്നതിന്‌ വിപരീതമായ കാലാവസ്ഥയെന്നപോലെ ഭോഗവാസനകള്‍ നശിക്കുന്നതിന്‌ തദനുഗുണമായ കാലാവസ്ഥ ഉപാസകന്‍ സൃഷ്‌ടിക്കേണ്ടതാണ്‌’.
വാസനാബലം
പുണ്യം, പാപം, പണ്യപാപമിശ്രമെന്നിങ്ങനെ പറയപ്പെടുന്ന കര്‍മങ്ങളേതും ദേശകാലങ്ങള്‍ക്ക്‌ അനുകൂലമായും പ്രതികൂലമായും സംഭവിക്കാവുന്നതാണ്‌. എന്നാല്‍ കര്‍മങ്ങളുടെ നിയമങ്ങള്‍ പ്രകൃതിയിലെ പരിണാമനിയമങ്ങളോട്‌ ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട്‌ കര്‍മാനുഭവങ്ങള്‍ പരിണാമവിധേയമായി സംഭവിക്കുന്നു. പ്രകൃതിയുടെ ഉല്‌പത്തിക്ക്‌ കാരണമായ നിയമം വിവിധസ്വഭാവത്തില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്‌ സമസ്‌തജീവരാശികള്‍ക്കും കര്‍മാനുസൃതമായ മനോവൃത്തി അഥവാ മനോവൃത്തിക്കനുസൃതമായ കര്‍മം ഉണ്ടാകുന്നത്‌. ഇച്ഛയ്‌ക്കനുസൃതമായ ക്രിയയാണ്‌ ചെയ്യുന്നതെങ്കിലും ക്രിയയ്‌ക്കനുഗുണമായ ഫലം വന്നുകൊള്ളണമെന്നില്ല. പൂര്‍വകര്‍മഫലങ്ങളോട്‌ അഥവാ വാസനകളോട്‌ ബന്ധപ്പെട്ടുണ്ടാകുന്ന കര്‍മങ്ങളേതും പ്രത്യക്ഷത്തില്‍ ആഗ്രഹങ്ങളുടെ പലതും അതിനുശേഷമുള്ള ദേശകാലപരിതസ്ഥിതികള്‍ക്കനുസരിച്ച്‌ മാറിക്കൊണ്ടിരിക്കും. അതുകൊണ്ട്‌ ഇച്ഛാനുസൃതകര്‍മങ്ങളെല്ലാം ആഗ്രഹിച്ചഫലത്തെ നല്‍കണമെന്നില്ല.
ഈശ്വരീയമാര്‍ഗങ്ങളില്‍ ചരിക്കുന്നവര്‍ക്കുപോലും വൈരാഗ്യവും ദൃഢചിന്തയുമില്ലെങ്കില്‍ ഇച്ഛ, ക്രിയ എന്നിവകളെ ജ്ഞാനമെന്ന ലക്ഷ്യവുമായി കൂട്ടിയിണക്കുവാന്‍ കഴിയുകയില്ല. ധര്‍മസങ്കല്‌പങ്ങളില്‍ അടിയുറച്ച വിശ്വാസവും ബാഹ്യവൃത്തികളില്‍ സ്വാഭാവികമായ വിരാഗതയും നിഷ്‌കാമകര്‍മസംസ്‌കാരവും സര്‍വോപരി ഗുരുവിന്‍രെ അനുഗ്രഹവും സര്‍വകര്‍മദോഷങ്ങളേയും പരിത്യജിക്കുവാനും മുക്തിമാര്‍ഗം സുനിശ്ചിതമാക്കാനും ആവശ്യമാണ്‌. ധര്‍മത്തിന്റെ ശാശ്വതനിയമം ജഗത്സൃഷ്‌ടിക്കടിത്തറയാണ്‌. എന്നാല്‍ കര്‍മനിയമം സങ്കല്‌പഭേദത്തിലും വൃത്തിഭേദത്തിലും സദാപി മാറിക്കൊണ്ടിരിക്കുന്നു.
വ്യാവഹാരിക കര്‍മങ്ങളില്‍ വരുന്ന മാറ്റങ്ങളെ അധ്യാസംകൊണ്ട്‌ ധര്‍മമെന്നുധരിക്കരുത്‌. “സത്യം ധര്‍മേ പ്രതിഷ്‌ഠിതം” – സത്യം ധര്‍മത്തില്‍ പ്രതിഷ്‌ഠിതമായിരിക്കുന്നു’ – എന്ന ആപ്‌തവചനം സ്ഥിരമായ ശരണതത്ത്വത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. വാസനാജന്യമായ സങ്കല്‌പങ്ങള്‍ പലപ്പോഴും മേല്‍പറഞ്ഞ ശാശ്വതധര്‍മത്തെ അനുസരിക്കാന്‍ പ്രാപ്‌തിനല്‍കണമെന്നില്ല. ധര്‍മത്തെപ്പറ്റിയും അധര്‍മത്തെപ്പറ്റിയുമുള്ള ബോധം കഴിഞ്ഞകാലകര്‍മങ്ങളുടെ അവശിഷ്‌ടമായിട്ടാണ്‌ ജീവന്‍ സൂക്ഷിച്ചുവയ്‌ക്കുന്നത്‌. #ീ അവശിഷ്‌ടവസ്‌തുക്കള്‍ക്ക്‌ പലഗുണങ്ങളുള്ള വസ്‌തുക്കളോടു വ്യക്തികളോടുമായിരിക്കും ബന്ധമുണ്ടാകുക. ജീവന്‍ പ്രസ്‌തുത വസ്‌തുക്കളില്‍ നിന്നു സമ്പാദിക്കുന്ന കര്‍മങ്ങള്‍ക്ക്‌ വാസനാബന്ധമുണ്ട്‌. വ്യക്തികളോടും വസ്‌തുക്കളോടും സ്വാഭാവികമായി രൂപനാമങ്ങളുള്ള ഓരോന്നിനോടും തോന്നുന്ന ഇഷ്‌ടാനിഷ്‌ടങ്ങള്‍ ജീവന്‍ നേരത്തേ സമ്പാദിച്ച വസ്‌തുബന്ധത്തിന്റെ തുടര്‍ച്ചമാത്രമാണ്‌. പലര്‍ക്കും ധര്‍മമെന്തെന്നറിയാമെങ്കിലും അതനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ കഴിയാറില്ല. എന്നാല്‍ മറ്റുചിലര്‍ അധര്‍മത്തില്‍ ബോധവാന്മാരാണെങ്കിലും അവര്‍ക്ക്‌ അതില്‍ നിന്ന്‌ പിന്‍തിരിയുന്നതിനും കഴിയാറില്ല.
“ജാനാമി ധര്‍മം ന ച മേ പ്രവൃത്തി
ജാനാമ്യധര്‍മം ന ച നിവൃത്തി”.

– എനിക്ക്‌ ധര്‍മം അറിയാം എന്നാല്‍ അതില്‍ വര്‍ത്തിക്കാന്‍ കഴിയുന്നില്ല. എനിക്ക്‌ അധര്‍മം എന്തെന്നറിയാം എന്നാല്‍ അതില്‍നിന്ന്‌ നിവൃത്തിക്കാനും കഴിയുന്നില്ല’-എന്ന്‌ മഹാഭാരതത്തില്‍കാണുന്ന പ്രസ്‌താവം മേല്‍പറഞ്ഞ വാസനയുടെ സ്വാധീനതയെ സ്ഥാപിക്കുന്നു.
വര്‍ത്തമാനകാലത്തിലനുഷ്‌ഠിക്കുന്ന ഏതു കര്‍മത്തിനും വാസനാബന്ധമുള്ളതുകൊണ്ട്‌, സങ്കല്‌പംതന്നെയാണ്‌ മനസ്സിന്റെ സ്വരൂപമെന്നു പറയുന്നതില്‍ തെറ്റില്ല (സങ്കല്‌പ കര്‍മ മാനസ:). എന്നാല്‍ മനസ്സുണ്ടായത്‌ എന്ന ചോദ്യത്തിന്‌ നിശ്ചിതമായ ഉത്തരം കണ്ടെത്താന്‍ പ്രയാസമുണ്ട്‌. “സങ്കല്‌പമനസീ ഭിന്നേ ന കദാചന കേനചിത്‌” – ഇതുവരെയും ആര്‍ക്കും മനസ്സിനെയും സങ്കല്‌പത്തെയും വേര്‍തിരിക്കുവാന്‍ സാധിച്ചിട്ടില്ല’ – എന്ന ഉപനിഷദ്‌വാക്യം മുകളില്‍പറഞ്ഞ ആശയത്തെ സാധൂകരിക്കുന്നു.

(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം