സമരം: രോഗികള്‍ വലയുന്നു

January 27, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളില്‍ പി.ജി. വിദ്യാര്‍ത്ഥികളുടെ സമരത്തിന്‌ പിന്നാലെ ഹൗസ്‌ സര്‍ജന്‍മാരുടെ സമരവും രോഗികളെ ദുരിതത്തിലാഴ്ത്തി. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം സ്‌തംഭനാവസ്ഥയിലേക്ക്‌ നീങ്ങുകയാണ്‌. വിവിധ മെഡിക്കല്‍ കോളേജുകളിലായി 1700ഓളം പി.ജി വിദ്യാര്‍ത്ഥികളാണ്‌ സമരം ചെയ്യുന്നത്‌.
ഇന്നലെ ആരോഗ്യമന്ത്രി പി.കെ ശ്രീമതിയുമായി നടത്തിയ ചര്‍ച്ച പരാജപ്പെട്ടതിനെ തുടര്‍ന്നാണ്‌ സമരം തുടരാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്‌. 700ഓളം ഹൗസ്‌ സര്‍ജന്‍മാരാണ്‌ ഇന്ന്‌ മുതല്‍ സമരത്തില്‍ പങ്ക് ചേര്‍ന്നത്. മെഡിക്കല്‍ കോളേജുകളിലെ ഒ.പി വിഭാഗത്തിലെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചിട്ടുണ്ട്‌.
സ്റ്റൈപ്പന്റ്‌ വര്‍ദ്ധനവ്‌, ഫീസ്‌ വര്‍ദ്ധനവ്‌ പിന്‍വലിക്കല്‍, അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുക, ഡ്യൂട്ടി സമയത്തില്‍ കൃത്യത വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ഹൗസ്‌ സര്‍ജന്‍മാര്‍ സമരം നടത്തുന്നത്. സ്റ്റൈപ്പന്റ്‌ വര്‍ദ്ധനവ്‌ സംബന്ധിച്ച്‌ തീരുമാനം എടുക്കുന്നതിന്‌ രണ്ടാഴ്ചത്തെ സാവകാശം ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും പി.ജി ഡോക്ടര്‍മാര്‍ അത്‌ ചെവിക്കൊണ്ടില്ല.
പി.ജി ഡോക്ടര്‍മാരുടെ സമരം അധാര്‍മ്മികവും രോഗികളോടുമുള്ള യുദ്ധപ്രഖ്യാപനമാണെന്ന്‌ ആരോഗ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം