തപാലില്‍ മേഘയുടെ നികുതി; വാണിജ്യനികുതി വകുപ്പ്‌ നിയമോപദേശം തേടി

January 27, 2011 കേരളം,മറ്റുവാര്‍ത്തകള്‍

പാലക്കാട്‌: കേരളത്തില്‍ അന്യസംസ്‌ഥാന ലോട്ടറി വില്‍ക്കാനുള്ള ശ്രമം മേഘ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ തുടരുന്നു. മാര്‍ച്ച്‌ ഒന്ന്‌ മുതല്‍ നറുക്കെടുപ്പിനുള്ള മുന്‍കൂര്‍ നികുതി തപാല്‍മാര്‍ഗം പാലക്കാട്‌ വാണിജ്യനികുതി ഓഫിസില്‍ എത്തിച്ചു. രണ്ടു ഡിഡികളിലായി ഏഴുകോടി രൂപയാണ്‌ മേഘ നികുതിയിനത്തില്‍ വാണിജ്യ നികുതി ഓഫിസിലേക്കയച്ചിരിക്കുന്നത്‌.
ഈ നികുതി സ്വീകരിക്കുന്നതിനെക്കുറിച്ച്‌ വാണിജ്യനികുതി വകുപ്പ്‌ നിയമോപദേശം തേടിയിട്ടുണ്ട്‌. അന്യ സംസ്‌ഥാന ലോട്ടറി നടത്തിപ്പുകാരില്‍ നിന്ന്‌ മുന്‍കൂര്‍ നികുതി വാങ്ങണമെന്ന്‌ ഹൈക്കോടതി സിംഗിള്‍ബെഞ്ച്‌ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ മേഘാ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ മുന്‍കൂര്‍ നികുതി അടയ്‌ക്കാനെത്തിയപ്പോള്‍ കോടതി ഉത്തരവിന്റെ പകര്‍പ്പ്‌ കിട്ടിയില്ലെന്ന്‌ അറിയിച്ച്‌ വാണിജ്യ നികുതി വകുപ്പ്‌ തിരിച്ചയക്കുകയായിരുന്നു.
തുടര്‍ന്നാണ്‌ ഇപ്പോള്‍ തപാലില്‍ നികുതി അയച്ചിരിക്കുന്നത്‌.
മുന്‍കൂര്‍ നികുതി സ്വീകരിക്കില്ലെന്ന്‌ മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. നികുതി സ്വീകരിക്കണമെന്ന വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം