ശ്രീ ലളിതാസഹസ്രനാമസ്‌തോത്ര വ്യാഖ്യാനം

August 31, 2015 സനാതനം

Lalitha-1-pbഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍

പ്രഭാവതീ പ്രഭാരൂപാ പ്രസിദ്ധാ പരമേശ്വരീ
മൂലപ്രകൃതി രവ്യക്താ വ്യക്താവ്യക്ത സ്വരൂപിണീ

അണിമ മുതലായ വിശിഷ്ടഗുണങ്ങള്‍ ആവരണദേവതകളുടെ രൂപത്തില്‍ തനിക്കുചുറ്റുമുള്ളവളും പ്രകാശംതന്നെ സ്വന്തം രൂപമായവളും, മേന്മയേറിയ (പ്ര=പ്രകര്‍ഷണയുള്ള) അസംഖ്യം സിദ്ധികളിയന്നവളും, ശ്രീ പരമേശ്വരപത്‌നിയുമാണ് അമ്മ. പ്രസിദ്ധ = പ്രകര്‍ഷേണ, സവിശേഷ രീതിയില്‍ (സര്‍വശക്തയും സര്‍വത്രസന്നിഹിതയും എന്ന നിലയ്ക്ക്) സിദ്ധയും എന്നുമാകാം. പരമേശ്വരീ = വേറെ ഏതു ദേവിയെയും അതിശയിക്കുന്ന ഈശ്വരി (പരമ ഈശ്വരി) എന്നും എല്ലാറ്റിനും കാരണവും ഏറ്റവും ആദിമമായ ഉറവിടവുമാണ് ദേവി. മൂലാധാരത്തിലുദിക്കുന്ന വാക്കിന്റെ കാരണബിന്ദുവായ ദേവിയുടെ രൂപം വ്യക്തമേയല്ല, സമസ്തചരാചങ്ങളിലും കളിയാടുന്ന ദേവീചൈതന്യം യഥാര്‍ത്ഥജ്ഞാനികള്‍ക്കുമാത്രം സ്പഷ്ടവും സാധാരണജനങ്ങളെ സംബന്ധിച്ചിടത്തോളം അസ്പഷ്ടവുമാകുന്നു. (മൂലപ്രകൃതി – അവ്യക്താ) (വ്യക്താ – അവ്യക്ത)

വ്യാപിനീ വിവിധാകാരാ വിദ്യാവിദ്യാ സ്വരൂപിണീ
മഹാകാമേശനയന കുമുദാഹ്ലാദകൗമുദീ

പ്രപഞ്ചമാസകലം വ്യാപിച്ചിരിക്കുന്നവളും സന്ദര്‍ഭാനുസരണം വിഭിന്നരൂപങ്ങള്‍ സ്വീകരിക്കുന്നവളും മോക്ഷത്തിലേക്കുനയിക്കുന്ന ശുദ്ധവിദ്യയായ ആത്മജ്ഞാനംപോലെതന്നെ കര്‍മബന്ധകാരണവും മായാരൂപവുമായ അവിദ്യയും അഥവാ അജ്ഞാനവും സ്വന്തം രൂപങ്ങളായവളുമാണ് ലളിതാപരമേശ്വരി. കാമദേവനെ ചുട്ടെരിച്ചതിലൂടെ കാമവികാരത്തെ കീഴടക്കിയ മഹേശ്വരന്റെ കണ്ണുകളാകുന്ന ആമ്പല്‍പ്പൂക്കളെ കുളിര്‍പ്പിച്ചുവിടര്‍ത്തുന്ന തൂനിലാവാണ് ത്രിപുരസുന്ദരി. കുമുദം = ആമ്പല്‍, കൗമുദി = നിലാവ്, കാര്‍ത്തികമാസത്തിലെ പൗര്‍ണമി.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം