മോക്‌ഡ്രില്ലിനിടെ ഫയര്‍ എന്‍ജിനിടിച്ചു മരിച്ച ഡിവൈഎസ്‌പിയുടെ സംസ്‌കാരം നടത്തി

January 27, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: ദുരന്തനിവാരണത്തിന്റെ ഭാഗമായി നടന്ന മോക്‌ ഡ്രില്ലിനിടെ ഫയര്‍ എന്‍ജിന്‍ ഇടിച്ച്‌ മരിച്ച ആലപ്പുഴ ഡിവൈഎസ്‌പി മാവേലിക്കര ചെറുകോല്‍ വാരോട്ടില്‍ ബി. രവീന്ദ്രപ്രസാദി (50) ന്റെ സംസ്‌കാരം നടത്തി. ഇന്ന്‌ രാവിലെ 11 ന്‌ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങ്‌. സംഭവത്തില്‍ ആലപ്പുഴ ഫയര്‍ യൂണിറ്റിലെ ഫയര്‍ എന്‍ജിന്റെ ഡ്രൈവര്‍ ബനഡിക്‌റ്റിനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക്‌ ട്രാഫിക്ക്‌ പോലീസ്‌ കേസെടുത്തു.
സംഭവത്തിന്റെ അന്വേഷണം ആലപ്പുഴ ക്രൈം ഡിറ്റാച്ച്‌മെന്റ്‌ ഡിവൈഎസ്‌പി ബര്‍ണാഡ്‌ ദേവിനാണ്‌. ഇന്ത്യന്‍ ശിക്ഷാനിയമം 179, 337, 38, 304 (എ) എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ കേസെടുത്തിരിക്കുന്നത്‌.
വിവിധ വകുപ്പുകള്‍ ചേര്‍ന്ന്‌ അടിയന്തിര സാഹചര്യങ്ങളിലെ പ്രവര്‍ത്തനം വിലയിരുത്താനായി കഴിഞ്ഞ ദിവസം നടത്തിയ മോക്ക്‌ ഡ്രില്ലിനിടെയിരുന്നു അപകടം.
അമിതവേഗതയിലെത്തിയ ഫയര്‍ എഞ്ചിന്‍ ഇടിച്ച്‌ നിലത്തുവീണ ഡിവൈഎസ്‌പിയുടെ മുട്ടിനുകീഴെ രണ്ടായികീറി. പോലീസുകാര്‍ ഓടിക്കൂടി ഇദ്ദേഹത്തില്‍ ജീപ്പില്‍തന്നെ വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചു. അടിയന്തര ശസ്‌ത്രക്രീയക്ക്‌ വിധേയനാക്കി. കഴിഞ്ഞദിവസം ഉച്ചയ്‌ക്ക്‌ 12 ഓടെയായിരുന്നു സംഭവം. വഴിച്ചേരി ഇഎസ്‌ഐയിലായിരുന്നു മോക്ക്‌ഡ്രില്‍ അരങ്ങേറിയത്‌. ഇവിടെ ഗുണ്ടുപൊട്ടിച്ച്‌ ബോംബ്‌ പൊട്ടുന്ന പ്രതീതിയുണ്ടാക്കിയശേഷം വിവിധ വകുപ്പുകളില്‍ വിവരമറിയിക്കുകയായിരുന്നു. തിരക്കില്‍ എത്തിയ ആലപ്പുഴ ഫയര്‍ യൂണിറ്റിലെ കെഎല്‍ 01 എഎം 4702 എന്ന ഫയര്‍ എഞ്ചിനാണ്‌ ഡിവൈഎസ്‌പിയെ ഇടിച്ചത്‌.
ജീപ്പില്‍നിന്നിറങ്ങി ഗേറ്റിലൂടെ ഓടി അകത്തേക്കു കയറിയ ഡിവൈഎസ്‌പിയെ അമിതവേഗതയില്‍ തിരിച്ച ഫയര്‍ എഞ്ചിനാണ്‌ ഇടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഡിവൈഎസ്‌പി ഫയര്‍ എഞ്ചിന്റെ അടിയില്‍പെടാതെ രക്ഷപെട്ടത്‌ തലനാരിഴയ്‌ക്കാണ്‌. ഏത്‌ അടിയന്തിര സാഹചര്യങ്ങളിലാണെങ്കിലും വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഫയര്‍ഫോഴ്‌സുകാര്‍ റഫ്‌ ഡ്രൈവിംങ്ങാണ്‌ നടത്തിയതെന്നും മോക്ക്‌്‌ഡ്രില്‍ ഒബ്‌്‌സര്‍വര്‍മാര്‍ വിലയിരുത്തിയിരുന്നു. ആലപ്പുഴ റെയില്‍വേ സ്റ്റേഷനുസമീപമുള്ള റെയില്‍വേ ട്രാക്കിലും സമാനരീതിയില്‍ മോക്ക്‌ഡ്രില്‍ നടത്തിയെങ്കിലും ഇവിടെ അപകടങ്ങളൊന്നും ഉണ്ടായില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം