ഡോക്‌ടര്‍മാരുടെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെടണം: ഉമ്മന്‍ചാണ്ടി

January 28, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കോട്ടയം: മെഡിക്കല്‍ പിജി ഡോക്‌ടര്‍മാരുടെയും ഹൗസ്‌ സര്‍ജന്‍മാരുടെയും സമരം അവസാനിപ്പിക്കുന്നതിനായി മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നു പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്‌ഥമാണ്‌. സമരത്തെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ സമയമില്ലെന്ന ധനമന്ത്രിയുടെ നിലപാട്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. ഡോക്‌ടര്‍മാരുടെ സമരമുറയോടു യോജിപ്പില്ല. പരിമിതിക്കുള്ളില്‍ നിന്നുവേണം സമരം നടത്താനെന്ന്‌ അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .സ്വകാര്യ പ്രാക്‌ടീസ്‌ നിര്‍ത്തുന്നതിനോടു തനിക്കു വ്യക്‌തിപരമായി യോജിപ്പില്ലെന്ന്‌ ഉമ്മന്‍ ചാണ്ടി കോട്ടയത്തു വാര്‍ത്താ സമ്മേളനത്തില്‍ വ്യക്‌തമാക്കി.
അതേസമയം, മെഡിക്കല്‍ പിജി വിദ്യാര്‍ഥികളും ഹൗസ്‌ സര്‍ജന്മാരും നടത്തി വരുന്ന സമരത്തെ തുടര്‍ന്ന്‌ നാലാം ദിവസവും മെഡിക്കല്‍ കോളജ്‌ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലായി. പിജി ഡോക്‌ടര്‍മാര്‍ 24 മണിക്കൂറിനകം ഡ്യൂട്ടിക്ക്‌ ഹാജരാകണമെന്ന്‌ കഴിഞ്ഞദിവസം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത്‌ അവഗണിച്ചും ഡോക്‌ടര്‍മാര്‍ സമരം തുടരുകയാണ്‌. സമരത്തിന്റെ പശ്‌ചാത്തലത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ശസ്‌ത്രക്രിയകള്‍ മാറ്റിവച്ചു. ഓര്‍ത്തോ,ഗൈനക്കോളജി വിഭാഗങ്ങളിലെ ശസ്‌ത്രക്രിയകളാണു മാറ്റിവച്ചത്‌.ഡോക്‌ടര്‍മാരുടെ എണ്ണം കുറഞ്ഞത്‌ ചികിത്സ തേടിയെത്തുന്ന രോഗികളെ വലക്കുകയാണ്‌. ആശുപത്രിയില്‍ കഴിയുന്നവര്‍ക്കും ഡോക്‌ടര്‍മാരുടെ സേവനം ആവശ്യത്തിനു കിട്ടാതെ വന്നിരിക്കുകയയാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം