ഗര്‍ഗ്ഗഭാഗവതസുധ – ലീലാസരോവരാദി തീര്‍ത്ഥ മാഹാത്മ്യം

October 16, 2015 സനാതനം


Gargabhagavatha-sudha_slider3ചെങ്കല്‍ സുധാകരന്‍

ദ്വാരകാതീര്‍ത്ഥങ്ങളുടെ മാഹാത്മ്യം കേട്ടുകേട്ട് ബഹുലാശ്വമഹാരാജാവും പറഞ്ഞുപറഞ്ഞ് ശ്രീനാരദനും പരമാനന്ദത്തില്‍ മുഴുകി. രണ്ടുപേരും പരിസരംപോലും മറന്നു. ‘ത്രീഷു ലോകേഷു വിഖ്യാതാ/ ധന്യാവൈ ദ്വാരകാപുരീ’ എന്ന് ബഹുലാശ്വന്‍ തന്നെ പറയുകയുണ്ടായല്ലോ? ദ്വാരകാചരിതം കേട്ടാല്‍ ‘ശുദ്ധതാം യാതി, ലോകഘാത്യപിപാതകീ’ എന്ന് ശ്രീനാരദന്‍ അതിനെ പിന്താങ്ങുകയും ചെയ്തു. അദ്ദേഹം വിവരിച്ച കഥകളില്‍ പലപല തീര്‍ത്ഥഘട്ടങ്ങളുടെ മഹിമാനങ്ങളുമുള്‍പ്പെട്ടിരുന്നു. ചക്രതീര്‍ത്ഥം, ഗോമതീസിന്ധു സംഗമതീര്‍ത്ഥം, രൈവതാചലം, ഗോപീഭൂമി, സിദ്ധാശ്രമം എന്നീ തീര്‍ത്ഥഘട്ടങ്ങളുടെ സവിശേഷതയറിഞ്ഞ് അത്തരം കഥകേള്‍ക്കാന്‍ മിഥിലാധിപന്‍ വലിയതാല്പര്യം കാട്ടി. ശ്രോതാവിന്റെ ജിജ്ഞാസ കുറയ്ക്കാനായിട്ടാണ് ദേവര്‍ഷി, ലീലാസരോവരം, ഇന്ദ്രതീര്‍ത്ഥം തുടങ്ങിയ പുണ്യസ്ഥാനങ്ങളെപ്പറ്റി പറയാന്‍ തുടങ്ങിയത്.

മനോജ്ഞമായ നിര്‍മ്മാണ ചാതുരികൊണ്ട് അത്യന്തം ആകര്‍ഷകമാണ് ദ്വാരകാപുരി. അവിടെ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള രാസമന്ദിരത്തിന്റെ മുന്നിലായി ലീലാസരോവരം സ്ഥിതിചെയ്യുന്നു. അതിന്നുസമീപമാണ് രാധായ്ക്കായി ഭഗവാന്‍ നിര്‍മ്മിച്ച മണിമന്ദിരം ഉള്ളത്. ലീലാ സരോവരത്തില്‍ കുളിച്ച് സ്വര്‍ണ്ണം ദാനം ചെയ്യുന്നവന്‍,
‘കോടിജന്മകൃതൈ പാപൈ
മുച്യതേ നാത്ര സംശയഃ (കോടി കോടി)
ജന്മങ്ങളില്‍ ചെയ്ത പാപങ്ങളെല്ലാം നശിച്ച് മുക്തനാകുമെന്നതില്‍ സംശയമേ ഇല്ല.) മാത്രമല്ല, ജന്മാന്തത്തില്‍ അവന്‍ ഗോലോകധാമത്തില്‍ എത്തുകയും ചെയ്യും.

മുഖ്യമായ മറ്റൊരു ഭാഗത്ത് കൃഷ്ണപത്‌നിമാര്‍ക്ക് പാര്‍ക്കുവാനുള്ള പതിനാറായിരത്തി ഒരുനൂറ്റിയെട്ട് മോഹനഗൃഹങ്ങളാണ്. അതിപാവനങ്ങളായ ആ ഗൃഹങ്ങളെ പ്രദക്ഷിണം ചെയ്ത് സമീപസ്ഥമായ ജ്ഞാനതീര്‍ത്ഥത്തിലെത്താം.
‘ജ്ഞാനതീര്‍ത്ഥം സമാപ്ലുത്യ
സ്പൃശേദ്യഃ പാരിജാതകം
തസ്യജ്ഞാനം ച വൈരാഗ്യം
ഭക്തിര്‍ ഭവതി തല്‍ക്ഷണാല്‍’

(ജ്ഞാന തീര്‍ത്ഥത്തില്‍ മുങ്ങിക്കയറി പാരിജാതത്തെ സ്പര്‍ശിക്കുന്നയാള്‍ക്ക് ജ്ഞാനവൈരാഗ്യയുക്തമായ ഭക്തി ഉടന്‍ ലഭിക്കുന്നതാണ്.) ആ പുണ്യശ്ലോകന്റെ മനസ്സില്‍ ശ്രീകൃഷ്ണ ഭഗവാന്‍ സദാവസിക്കും. അയാള്‍ക്ക് സിദ്ധികളെല്ലാം ലഭിക്കും. ശ്രീഹരിയായ ഭഗവാന്‍ കൃഷ്ണന്‍ വാഴുന്ന മന്ദിരം ദര്‍ശിക്കുന്ന ഭാഗ്യവാന്റെ കാര്യം പറയാനുമില്ല. ആ ഭക്തന്‍ മുക്തനും കൃതാര്‍ത്ഥനുമായിത്തീരുന്നതാണ്. ആ പുണ്യവാനുതുല്യം മറ്റൊരു വൈഷ്ണവനോ തീര്‍ത്ഥമോ ഉണ്ടാവുകയുമില്ല! ശ്രീഭഗവാന്റെ കൊട്ടാരത്തിനു സമീപം കൃഷ്ണകുണ്ഡം സ്ഥിതിചെയ്യുന്നു. അതാകട്ടെ ശ്രീകൃഷ്ണ തേജസ്സാലുല്‍ഭവിച്ചതും. അതിനെ കാണുന്നതുതന്നെ സര്‍വ്വപാപഹരവുമാണ്.

കൃഷ്ണകുണ്ഡത്തില്‍നിന്ന് പതിനെട്ടടികിഴക്കുമാറിയാണ് ബല ഭദ്രതീര്‍ത്ഥം സ്ഥിതിചെയ്യുന്നത് ഭൂപ്രദക്ഷിണം ചെയ്ത ബലദേവന്‍ രേവതീസമേതനായി യജ്ഞം ചെയ്തസ്ഥാനമാണത്. അവിടെ സ്‌നാനം ചെയ്യുന്നയാള്‍ പാപവിമുക്തനായി മാറുന്നു. അതിലൂടെ ഭൂപ്രദക്ഷിണം ചെയ്തഫലവും ലഭിക്കുന്നു.

ദ്വാരകയിലെ മറ്റൊരു പുണ്യസ്ഥലം ദാനതീര്‍ത്ഥമാണ്. പ്രസിദ്ധവും പാവനവുമായ ഒന്നാണത്. അതിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ, ഈ തീര്‍ത്ഥഘട്ടത്തില്‍ വച്ച് ദാനം ചെയ്യുന്നതായാല്‍, മറ്റെല്ലാദാനങ്ങളേയും വെല്ലുന്ന, വലിയ ഫലം ലഭിക്കുന്നതാണ്. ദാനതീര്‍ത്ഥത്തില്‍ ദാനം ചെയ്ത് രണ്ടു പലം സ്വര്‍ണ്ണമോ ഇരട്ടി വെള്ളിയോ പട്ടാബരങ്ങളോ രത്‌നങ്ങളോ ദാനം ചെയ്താല്‍, ദാതാവിന്, ആയിരം അശ്വമേധങ്ങളും നൂറ് രാജസൂയങ്ങളും നടത്തിയ പുണ്യം കിട്ടും. എന്തിന്, ദാനതീര്‍ത്ഥഘട്ടങ്ങളിലെ സ്‌നാനപുണ്യത്തിന്റെ പതിനാറിലൊന്നു പുണ്യം ബദര്യാശ്രമാദി തീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്ത് നേടാനാവില്ല. ഈ മഹാതീര്‍ത്ഥസമീപം ഒരു മാസം താമസീച്ചാല്‍ മറ്റുള്ള തീര്‍ത്ഥാടനങ്ങളേക്കാള്‍ ഒരു കോടി മടങ്ങ് പുണ്യം ഉണ്ടാകുന്നു. മാത്രമല്ല; ദാനതീര്‍ത്ഥം സ്‌നാനഫലം കണക്കാക്കാന്‍ ചിത്രഗുപ്തന് കഴിയുകയില്ല. ബ്രഹ്മാവിന് പോലും സാദ്ധ്യമാവുകയില്ല. ഈ തീര്‍ത്ഥഘട്ടത്തില്‍വച്ച് അന്നദാനം ചെയ്താല്‍ ദേവ-ഋഷി-പിതൃ-ഋണങ്ങള്‍ പരിഹൃതങ്ങളാകും. മാത്രമല്ല ആ പുണ്യവാന്‍ വിഷ്ണുലോകം പൂകാന്‍ അര്‍ഹാനാവുകയും ചെയ്യും. ദാനം ചെയ്യുന്നയാളുടെ മാതൃ-പിതൃപക്ഷ കുലങ്ങളിലെ പതു പത്തു തലമുറകള്‍ ഉദ്ധരിക്കപ്പെടും. സാരൂപ്യമുക്തിനേടുന്ന ആ മഹാമതികള്‍ പീതാംബരാധാരികളും ചതുര്‍ഭുജന്മാരും ഗജാരൂഢന്മാരുമായി പരിണമിക്കും.

ശ്രീകൃഷ്ണ ഗൃഹത്തിനുപടിഞ്ഞാറുള്ള മായാതീര്‍ത്ഥവും പുണ്യാകരമാണ് സിംഹാരൂഢയായ ദുര്‍ഗ്ഗയാണ് അവിടത്തെ അധിദേവത! സ്യമന്തകമണി തേടി ജാംബവാന്റെ ഗുഹയില്‍ ശ്രീകൃഷ്ണന്‍ പ്രവേശിച്ചു എന്നറിഞ്ഞ ദേവകീദേവി, സത്ഫല ലബ്ധിക്കായി മായാതീര്‍ത്ഥഘട്ടത്തില്‍ പൂജയര്‍പ്പിച്ചു. അതിന്റെ ഫലമായിട്ടാണത്രേ, ഭഗവാന്‍ ജാംബവതിയെന്ന കന്യകയേയും സ്യമന്തകരണത്തേയുംകൊണ്ട് പുറത്തുവന്നു. മായാതീര്‍ത്ഥവന്ദനം ചെയ്ത് ദുര്‍ഗ്ഗാദേവിയെ പൂജിക്കുന്നവരുടെ സര്‍വ്വമനോരഥങ്ങളും സഫലമാകുന്നതാണ്.

‘ ഓം ബ്രഹ്മവിദാപ്‌നോതി പരം. തദേഷാഭ്യുക്താ. സത്യം ജ്ഞാനം അനന്തം ബ്രഹ്മ, യോ വേദ നിഹിതം ഗുഹായാം പരമേ വ്യോമന്‍. സോfശ്‌നുതേ സര്‍വ്വാന്‍ കാമാന്‍ സഹ. ബ്രഹ്മണാ വിപശ്ചിതേതി’. (ബ്രഹ്മത്തെ സാക്ഷാല്‍ക്കരിക്കുന്നവന്‍ ശ്രേഷ്ഠതമമായ ബ്രഹ്മത്തെ പ്രാപിക്കുന്നു. അതിനെപ്പറ്റി ഈ വിധം പറയപ്പെട്ടിട്ടുണ്ട്. ബ്രഹ്മം സത്യവും ആനന്ദവും ജ്ഞാനവും ആകുന്നു. ബുദ്ധിയുള്ള സൂക്ഷ്മമായ ആകാശത്തില്‍ ബ്രഹ്മത്തെ സാക്ഷാല്‍ക്കരിക്കുന്നവന്‍ സര്‍വ്വജ്ഞമായ ബ്രഹ്മസ്വരൂപത്തില്‍ എല്ലാ ആഗ്രഹങ്ങളേയും ഒന്നിച്ചനുഭവിക്കുന്നു.) തൈത്തിരീയോപനിഷത്തിലെ ഒരു മന്ത്രമാണിത്. ‘ഓം ബ്രഹ്മമാപ്‌നോതി പരം’, ‘സത്യം ജ്ഞാനമനന്തം ബ്രഹ്മം’ എന്നീ വാക്യങ്ങള്‍ പ്രധാനം. ബ്രഹ്മത്തെ സാക്ഷാല്‍ക്കരിക്കുന്നവന്‍ ബ്രഹ്മത്തെ പ്രാപിക്കുന്നു. ബ്രഹ്മം സത്യവും ആനന്ദവും ജ്ഞാനവുമാകുന്നു. എന്നാണീ വാക്യങ്ങളുടെ സാരം. പരമ സത്യം മനസ്സിലാക്കുന്നയാള്‍ ക്രമേണ ബ്രഹ്മത്തെ പ്രാപിക്കും. നാരദന്റെ വിവരണത്തിലൂടെ, ദ്വാരകയിലെ പ്രധാനപ്പെട്ട തീര്‍ത്ഥങ്ങളുടെ പുണ്യമാണ് വെളിവായത്. വിഷയം, വക്താവ്, ശ്രോതാവ് ഇവയനുസരിച്ചാണ് വിഷയത്തിന് മാനങ്ങളുണ്ടാകുന്നത്. ഒരേ കാര്യം വക്തൃ-ശ്രോതൃ വ്യത്യാസങ്ങളാല്‍ വിവിധതലങ്ങളിലാണ് ആസ്വദിക്കപ്പെടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം