ഐസ്‌ക്രീംകേസ്‌ ഇല്ലാതാക്കിയത്‌ കുഞ്ഞാലിക്കുട്ടി മാത്രമല്ല: ഡിവൈഎഫ്‌ഐ

January 30, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കണ്ണൂര്‍: ഐസ്‌ക്രീം കേസ്‌ ഇല്ലാതാക്കിയതിനു പിന്നില്‍ കുഞ്ഞാലിക്കുട്ടി മാത്രമല്ലെന്നും ആദര്‍ശധീരനെന്നു പറയുന്ന എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും അറിയാതെ കേസ്‌ ഇല്ലാതാവില്ലെന്നും ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി ടി.വി. രാജേഷ്‌. യുഡിഎഫിന്റെ ജീര്‍ണ രാഷ്‌ട്രീയത്തിനും മാഫിയ സംസ്‌കാരത്തിനുമെതിരെ ഡിവൈഎഫ്‌ഐ ഇന്നുമുതല്‍ ഏരിയാ കേന്ദ്രങ്ങളില്‍ യുവജനമാര്‍ച്ച്‌ സംഘടിപ്പിക്കുമെന്നും രാജേഷ്‌ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കുക വഴി വിമോചനയാത്ര ഐസ്‌ക്രീം ന്യായീകരണയാത്രയാക്കി ഉമ്മന്‍ചാണ്ടി മാറ്റി. ഐസ്‌ക്രീം കേസിലെ ഇടപെടലുകള്‍ അന്നുമുഖ്യമന്ത്രിമാരായിരുന്ന ആന്റണിയും ഉമ്മന്‍ചാണ്ടിയും അറിഞ്ഞിട്ടില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ പൊതുവേദികളില്‍ നിന്നു മാറ്റിനിര്‍ത്താന്‍ ഇവര്‍ തയാറാകണം. ഐസ്‌ക്രീം കേസ്‌ പുനരന്വേഷിക്കണം. കുഞ്ഞാലിക്കുട്ടിയുടെ സ്വത്തിനെ കുറിച്ചും വിശദമായ അന്വേഷണം നടത്തണം. മുസ്‌ലിം ലീഗിന്റെ കോഴിക്കോട്ടെ സംസ്‌ഥാന കമ്മിറ്റി ഓഫിസ്‌ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിച്ചതില്‍ ലീഗ്‌ നേതാക്കളും പ്രവര്‍ത്തകരും ഇടപെടണം. സംസ്‌ഥാന കമ്മിറ്റി അംഗം എ.എന്‍. ഷംസീര്‍, ജില്ലാ പ്രസിഡന്റ്‌ കെ. സന്തോഷ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം