ശാസ്‌ത്ര സങ്കേതികമേഖല പാവപ്പെട്ടവന്‌ പ്രയോജനപ്രദമാകണം: മുഖ്യമന്ത്രി

January 30, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ശാസ്‌ത്ര സാങ്കേതിക മേഖലയിലെ നൂതന സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി പാവപ്പെട്ടവന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാരയോഗ്യമാകണമെന്നു മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. കേരള ശാസ്‌ത്ര കോണ്‍ഗ്രസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനസാന്ദ്രതയേറിയ കേരളത്തിന്റെ തീര പരിസ്‌ഥിതിയെ സംരക്ഷിക്കുന്നതിനു ശക്‌തമായ നിലപാടുകള്‍ തീരദേശ പരിപാലന അതോറിറ്റി സ്വീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. തണ്ണീര്‍ത്തടങ്ങളെയും കണ്ടല്‍ക്കാടുകളെയും സംരക്ഷിക്കുന്നതിന്‌ ഒരു പരിധി വരെ ഇതു സഹായകരമായിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.
സുസ്‌ഥിര വികസനത്തിനു ഹരിത സമ്പദ്‌വ്യവസ്‌ഥയ്‌ക്കു പ്രാധാന്യം നല്‍കണമെന്നു പ്രഭാഷണം നടത്തിയ ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാനും പ്ലാനിങ്‌ കമ്മിഷന്‍ അംഗവുമായ ഡോ. കെ. കസ്‌തൂരിരംഗന്‍ പറഞ്ഞു. കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറച്ചു വരുംതലമുറയ്‌ക്കു പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാത്ത സമ്പദ്‌ വ്യവസ്‌ഥയായിരിക്കണം കെട്ടിപ്പടുക്കേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞു. ശാസ്‌ത്ര, സാങ്കേതികവിദ്യയുടെ കൈപിടിച്ചു മാത്രമേ ഹരിത സമ്പദ്‌വ്യവസ്‌ഥ കൊണ്ടുവരാന്‍ കഴിയൂ.
ഹരിത ബജറ്റ്‌ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ തോത്‌ കുറയ്‌ക്കുമെന്ന ധാരണ പൊതുവായുണ്ട്‌. എന്നാല്‍ ഇതു ജൈവവൈവിധ്യത്തെയും വനത്തെയും ശുദ്ധജലത്തെയും സംരക്ഷിക്കുന്നതിനൊപ്പം മലിനീകരണത്തോത്‌ കുറയ്‌ക്കുകയും ചെയ്യും. കേരള മോഡല്‍ വികസനം സുസ്‌ഥിര വികസനത്തിനെ സഹായിക്കുന്നതാണെന്നു കസ്‌തൂരിരംഗന്‍ പറഞ്ഞു. കനത്ത ജനസംഖ്യയായിട്ടും നഗര, ഗ്രാമ അന്തരം ഏറ്റവും കുറവു കേരളത്തിലാണ്‌.
പക്ഷേ കാലാവസ്‌ഥാ വ്യതിയാനവും സമുദ്രനിരപ്പ്‌ ഉയരലും കേരളത്തെയും ബാധിക്കും. കൃഷി, തോട്ടം, മൃഗസംരക്ഷണം, മല്‍സ്യബന്ധനം തുടങ്ങി കുടിവെള്ള ലഭ്യതയില്‍ വരെ ഇതു മാറ്റങ്ങള്‍ വരുത്തും. യുവശാസ്‌ത്രജ്‌ഞര്‍ക്കുള്ള അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്‌തു. ഡോ. സി.ടി.എസ്‌. നായര്‍ അധ്യക്ഷനായിരുന്നു. ഡോ. ആര്‍.വി.ജി. മേനോന്‍, ഡോ. എന്‍.പി. കുര്യന്‍, ഡോ. ജി.ജെ. സമാധാനം, ഡോ. കെ. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം