ശബരിമല: പ്രധാനമന്ത്രിക്ക്‌ എന്‍എസ്‌എസ്‌ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

January 30, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കോട്ടയം: ശബരിമലയുമായി ബന്ധപ്പെട്ടു നിലവിലുള്ള ആചാരാനുഷ്‌ഠാനങ്ങളില്‍ മാറ്റം വരുത്താതെ ഭക്‌തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നായര്‍ സര്‍വീസ്‌ സൊസൈറ്റി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനു സമര്‍പ്പിച്ചു. കേന്ദ്ര – സംസ്‌ഥാന സര്‍ക്കാരുകളുടെയും ദേവസ്വം ബോര്‍ഡിന്റെയും ഏകോപിച്ചുള്ള പ്രവര്‍ത്തനം അടിയന്തിരമായി ഇക്കാര്യത്തില്‍ ഉണ്ടായേതീരൂ എന്നു ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ പ്രധാനമന്ത്രിക്ക്‌ അയച്ച കത്തില്‍ പറയുന്നു. ശബരിമലയിലെ സുരക്ഷയുമായി ബന്ധപ്പെട്ടു മുന്‍കാലത്തുണ്ടായ ജസ്‌റ്റിസ്‌ ചന്ദ്രശേഖര മേനോന്‍ കമ്മിഷന്റെയും ജസ്‌റ്റിസ്‌ പരിപൂര്‍ണന്‍ കമ്മിഷന്റെയും റിപ്പോര്‍ട്ടുകളും ബൂട്ടാസിങ്‌ ചെയര്‍മാനായ പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശങ്ങളും കാര്യക്ഷമമായ രീതിയില്‍ നടപ്പാക്കേണ്ടതായിരുന്നുവെന്നു സുകുമാരന്‍ നായര്‍ പറഞ്ഞു. നിര്‍ദേശങ്ങള്‍ സംബന്ധിച്ച്‌ അദ്ദേഹം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരുമായി ചര്‍ച്ച നടത്തുകയും ചെയ്‌തു.

എന്‍എസ്‌എസ്‌ മുന്നോട്ടുവച്ച പ്രധാന നിര്‍ദേശങ്ങള്‍

  • ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. സംസ്‌ഥാന സര്‍ക്കാരിന്റെയോ ദേവസ്വം ബോര്‍ഡിന്റെയോ അധികാരത്തില്‍ കൈകടത്താതെ, തീര്‍ഥാടകരെത്തുന്ന സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും കേന്ദ്ര വനം – പരിസ്‌ഥിതി വകുപ്പിന്റെയും അധികാരികളുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനം ഉറപ്പാക്കണം. വിവിധ സംസ്‌ഥാനങ്ങള്‍ ലെയ്‌സണ്‍ ഓഫിസറെ നിയമിക്കണം. അവരുടെ സേവനം അതതു സംസ്‌ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്കു ലഭ്യമാക്കണം.
  • ക്രൈസിസ്‌ മാനേജ്‌മെന്റ്‌ ഉള്‍പ്പെടെയുള്ള പ്രഫഷനല്‍ പില്‍ഗ്രിം മാനേജ്‌മെന്റ്‌ ശബരിമലയില്‍ നടപ്പാക്കണം. ജമ്മുവിലെ വൈഷ്‌ണവദേവി ക്ഷേത്രത്തിലും കുംഭമേള നടക്കുന്ന ഹരിദ്വാറിലും തിരുപ്പതി, പരിശുദ്ധ മക്ക തുടങ്ങിയ ഭക്‌തജനബാഹുല്യമുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലും കാര്യക്ഷമമായി നടക്കുന്ന പില്‍ഗ്രിം മാനേജ്‌മെന്റ്‌ പഠിച്ചു പ്രായോഗികമായവ ശബരിമലയിലും നടപ്പാക്കണം.
  • ശബരിമല തീര്‍ഥാടനം സംബന്ധിച്ച വിവരശേഖരണത്തിനായി വിദഗ്‌ധ ഏജന്‍സിയെക്കൊണ്ടു ബേസ്‌ ലൈന്‍ സര്‍വേ നടത്തണം. എത്ര തീര്‍ഥാടകര്‍ ഏതൊക്കെ സമയത്ത്‌ എത്തുന്നു എന്നതിനെക്കുറിച്ചു പ്രാഥമികവിവരം ഉണ്ടെങ്കില്‍ മാത്രമേ കാര്യക്ഷമമായ ക്രമീകരണം ഉറപ്പു വരുത്താനാവൂ.
  • ശബരിമല മാസ്‌റ്റര്‍ പ്ലാന്‍ കുറഞ്ഞതു 100 വര്‍ഷത്തെ വികസനം മുന്നില്‍ക്കണ്ടു തയാറാക്കണം.
  • ശബരിമല സന്നിധാനത്തിലെ കെട്ടിടങ്ങളുടെ ബാഹുല്യമാണ്‌ അനിയന്ത്രിതമായ തിരക്കിനു മുഖ്യകാരണം. അനാവശ്യ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണം.
  • തിരക്കു കൂടുന്ന സമയങ്ങളില്‍ ഭക്‌തജനങ്ങളെ വടംകെട്ടി തടയുന്നതിനു ശാസ്‌ത്രീയമായ മാറ്റം വരുത്തണം.
  • ശബരിമല തീര്‍ഥാടനത്തില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും വ്യക്‌തമായ നയം രൂപീകരിക്കണം. ബോര്‍ഡിനും സര്‍ക്കാരിനും ശബരിമല ധനാഗമമാര്‍ഗം മാത്രമാണ്‌. എന്നാല്‍, ജനലക്ഷങ്ങള്‍ക്ക്‌ അഭയകേന്ദ്രമാണു ശബരിമല.
  • ഭക്‌തജനങ്ങള്‍ തിങ്ങിക്കൂടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സൗരോര്‍ജ വിളക്കുകള്‍ സ്‌ഥാപിക്കണം. ശുദ്ധജല ലഭ്യതയും ടോയ്‌ലറ്റ്‌ സൗകര്യങ്ങളും നിര്‍ബന്ധമായും ഉറപ്പുവരുത്തണം.
  • ഇടത്താവളങ്ങള്‍ പരിഷ്‌കരിച്ച്‌ അടിസ്‌ഥാന സൗകര്യങ്ങള്‍ ക്രമീകരിക്കണം.
  • പ്രതിബദ്ധതയുള്ള ഐഎഎസ്‌ ഓഫിസറെ ശബരിമല കേന്ദ്രമാക്കി സര്‍ക്കാര്‍ നിയോഗിക്കുന്നതു ഭക്‌തരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സഹായിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം