വാര്‍ത്ത തന്റെ അറിവോടെയല്ലെന്ന്‌ മുനീര്‍

January 31, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കോഴിക്കോട്‌: താന്‍ ചെയര്‍മാനായ സ്വകാര്യ ചാനലിലൂടെ ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ടു പുറത്തു വന്ന കാര്യങ്ങള്‍ തന്റെ അറിവോടെയല്ലെന്ന്‌ മുസ്‌ലിം ലീഗ്‌ നേതാവ്‌ എം.കെ.മുനീര്‍. ചാനലിന്റെ ചെയര്‍മാന്‍ സ്‌ഥാനം ആലങ്കാരിക പദവി മാത്രമാണ്‌. വാര്‍ത്ത എഡിറ്റോറിയല്‍ ബോര്‍ഡ്‌ തീരുമാനമാണ്‌. ബോര്‍ഡ്‌ തീരുമാനങ്ങള്‍ ചെയര്‍മാന്‍ അറിഞ്ഞു കൂടണമെന്നില്ല. എഡിറ്റോറിയല്‍ ബോര്‍ഡിന്റെ സ്വാതന്ത്രത്തില്‍ ഇടപെടില്ലെന്നാണു തന്റെ നിലപാട്‌. അതേസമയം ചാനലിലൂടെ പുറത്തുവന്ന വാര്‍ത്തകളോടു യോജിപ്പില്ലെന്നും മുനീര്‍ പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയെയും തന്നെയും രണ്ടു ചേരിയിലാക്കാന്‍ ചില നിക്ഷിപ്‌ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മുനീര്‍ പറഞ്ഞു. പാര്‍ട്ടിയുടെ സംസ്‌ഥാന നേതൃയോഗത്തിനു മുന്നോടിയായാണ്‌ എം.കെ.മുനീര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്‌.
എന്നാല്‍ ചാനല്‍ പുറത്തു വിടുന്ന വാര്‍ത്തകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയില്ല. വാര്‍ത്ത പുറത്തുവിടാനുള്ള സ്വാതന്ത്ര്യം മാധ്യമസ്‌ഥാപനങ്ങള്‍ക്കുണ്ട്‌. മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടരുതെന്നാണു തന്റെ വിശ്വാസം. ചാനല്‍ വെളിപ്പെടുത്തിയ കാര്യങ്ങളില്‍ തനിക്കു മുന്‍കൂര്‍ അറിവില്ല. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ടു നാലുമാസമായി റിപ്പോര്‍ട്ടേഴ്‌സ്‌ നടത്തിയ അന്വേഷണത്തെ കുറിച്ചു താന്‍ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്‌ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ സാധാരണ ലീഗ്‌ പ്രവര്‍ത്തകന്‍ മാത്രമാണ്‌. തന്റെ നിലപാടുകള്‍ പാര്‍ട്ടിക്കു നന്നായറിയാം. ചാനലിന്റെ വാര്‍ത്ത സംബന്ധിച്ചു പാര്‍ട്ടിയുടെ നിലപാടിനൊപ്പം നില്‍ക്കും. മുസ്‌ലിം ലീഗ്‌ എന്ന പാര്‍ട്ടിയെ വിവാദങ്ങളിലേക്കു വലിച്ചിഴക്കുന്നു. തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ധാരാളം വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നതിനാലാണ്‌ ഇപ്പോള്‍ വിശദീകരണം നല്‍കുന്നത്‌. മുസ്‌ലീം ലീഗിനെതിരായ പ്രചാരണങ്ങള്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും. അതിനായി പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം നില്‍ക്കുമെന്നും മുനീര്‍ പറഞ്ഞു. അവസാന ശ്വാസം വരെ താന്‍ മുസ്‌ലീം ലീഗുകാരനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം