ജഡ്‌ജിമാര്‍ക്കെതിരായ ആരോപണം അന്വേഷിക്കണം: പിണറായി

January 31, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കോഴിക്കോട്‌: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ജഡ്‌ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ കോടതി പരിശോധിക്കണമെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. വ്യക്‌തമായ ആരോപണങ്ങളാണ്‌ ജഡ്‌ജിമാര്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്‌. അന്വേഷണം നടത്താന്‍ ജുഡീഷ്യറി തന്നെ മുന്‍കയ്യെടുക്കണം. വിഷയം ഹൈക്കോടതി അന്വേഷിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
മുനീര്‍ ചെയര്‍മാനായിട്ടുള്ള സ്വകാര്യ ചാനല്‍ ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ടു വസ്‌തുതകള്‍ പുറത്തു കൊണ്ടുവന്നതു സംബന്ധിച്ച്‌ അദ്ദേഹം പറയുന്നത്‌ അത്‌ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ സ്വാതന്ത്ര്യമാണെന്നാണ്‌. രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ മുനീര്‍ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കാത്തതു നല്ല കാര്യം. മുനീറിനു വ്യക്‌തമായ ധാരണയുണ്ട്‌. കേസുമായി ബന്ധപ്പെട്ട എല്ലാം മുനീറിന്‌ അറിയാമെന്നും പിണറായി വിജയന്‍ പറഞ്ഞു.
നായനാര്‍ സര്‍ക്കാരിന്റെ കാലത്തു കേസന്വേഷണത്തില്‍ വീഴ്‌ചയുണ്ടായതായി കരുതുന്നില്ല. ഇത്തരം പ്രചാരണങ്ങള്‍ യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്നു ശ്രദ്ധ തിരിച്ചു വിടാനുള്ള കുതന്ത്രങ്ങളാണ്‌. വാര്‍ത്തകള്‍ക്കു പിന്നില്‍ ഗൂഢാലോചന ആരോപിക്കുന്നത്‌ ഈ കുതന്ത്രത്തിന്റെ ഭാഗമാണ്‌. യുഡിഎഫിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്‌. ആരാണു ഗൂഢാലോചന നടത്തിയതെന്നു ലീഗ്‌ വ്യക്‌തമാക്കണമെന്നും പിണറായി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം