ശ്രീപത്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

February 1, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം മൂന്നുമാസത്തിനകം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ കാലശേഷം ക്ഷേത്രത്തിന്റെ അവകാശം അനന്തരാവകാശികള്‍ക്ക് കിട്ടില്ലെന്നും സര്‍ക്കാരില്‍ നിക്ഷിപ്തമാവുമെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായരുടെയും ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്റെയും ഉത്തരവ്. രാജകുടുംബത്തിന്റെയോ പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന സത്യസന്ധരായ വ്യക്തികളുടെ സമിതി കല്ലറകള്‍ തുറന്ന് അമൂല്യവസ്തുക്കളുടെ പട്ടിക തയ്യാറാക്കണം. ഇവ ക്ഷേത്രപരിസരത്തു മ്യൂസിയമുണ്ടാക്കി അതില്‍ പ്രദര്‍ശനത്തിനു വയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ളതിനാല്‍ ക്ഷേത്രത്തിന്റെ സുരക്ഷ പോലീസിനെ ഏല്പിക്കുകയോ ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാര്‍ക്ക് പോലീസിന്റെ സഹായം ഉറപ്പാക്കുകയോ ചെയ്യണം. ക്ഷേത്രഭരണം നിലവില്‍ നല്ലനിലയില്‍ നടക്കുന്നതിനാല്‍ ഇടപെടേണ്ട ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍, സര്‍ക്കാരിന്റെ ഈ നിലപാട് നിയമപരമോ നീതിയുക്തമോ അല്ലെന്ന് കോടതി വ്യക്തമാക്കി. ശ്രീപത്മനാഭസ്വാമിക്ഷേത്രം കുടുംബക്ഷേത്രമാണെന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ വാദം കോടതി അംഗീകരിച്ചില്ല. ഇത് പൊതുക്ഷേത്രമാണെന്ന് കോടതി നേരത്തേ മറ്റുപല ഉത്തരവുകളിലും വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം