ചെന്നൈയിലെ പ്രളയം വലിയ മുന്നറിയിപ്പാണ്

December 5, 2015 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

ChennaiFloods-480x278ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പേമാരിയില്‍ ചെന്നൈ എന്ന മഹാനഗരം മഹാസാഗരമായി. സമീപകാലത്തൊന്നും ഇതിനു സമാനമായ മറ്റു സംഭവങ്ങളില്ല. മുന്നൂറോളം പേരുടെ ജീവന്‍ നഷ്ടമായെന്നാണ് കണക്ക്. ഇതില്‍ ഏറ്റവും കരളലിയിപ്പിക്കുന്ന സംഭവം കഴിഞ്ഞദിവസം ചെന്നൈ നന്ദമ്പാക്കത്തെ സ്വകാര്യ മള്‍ട്ടീ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന പതിനെട്ടുപേര്‍ ഓക്‌സിജന്‍ കിട്ടാതെ ശ്വാസംമുട്ടി മരിച്ചതാണ്. വൈദ്യുത തകരാറിനെത്തുടര്‍ന്ന് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നെങ്കിലും അതും ഒടുവില്‍ പ്രളയത്തില്‍ അകപ്പെടുകയും ഇന്ധനം ലഭ്യമല്ലാതാവുകയും ചെയ്തതോടെയാണ് ഈ ദുരന്തമുണ്ടായത്.

ദുരന്ത പ്രദേശങ്ങളില്‍ ഭക്ഷണം മാത്രമല്ല കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. ഒരു കുപ്പി കുടിവെള്ളത്തിന് നൂറു രൂപയും വെള്ളവും ഒരു ലിറ്റര്‍ പാലിന് നൂറ്റി അമ്പതുരൂപയും നല്‍കിയാല്‍ പോലും കിട്ടാത്ത അവസ്ഥയാണ്. സര്‍ക്കാരും സേനകളും സന്നദ്ധപ്രവര്‍ത്തകരുമൊക്കെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും പൂര്‍ണ്ണമായതോതില്‍ സഹായം ലഭ്യമാക്കാനായിട്ടില്ല. ആയിരക്കണക്കിന്‌കെട്ടിടങ്ങളില്‍ കുടിവെള്ളവും ഭക്ഷണവും ലഭ്യമാകാതെ ഇപ്പോഴും ജനങ്ങള്‍ നരകയാതന അനുഭവിക്കുന്നതായാണ് വിവരം. വാര്‍ത്താവിനിമയബന്ധങ്ങളും വൈദ്യുതിയും ഇത്താത്തതിനാല്‍ ഇപ്പോഴും യതാര്‍ത്ഥ വിവരങ്ങള്‍ എന്താണെന്ന് ലഭ്യമായിട്ടില്ല.

ദക്ഷിണേന്ത്യയിലെ മഹാനഗരമായ ചെന്നൈയ്ക്കു പോലും ഇതുപോലൊരു പ്രളയത്തെ അതിജീവിക്കാനായില്ല എന്നത് നമുക്കു നല്‍കുന്നത് വലിയ മുന്നറിയിപ്പാണ്. പത്തുവര്‍ഷം മുമ്പും ഇതുപോലൊരു പേമാരി നഗരത്തെ വലച്ചെങ്കിലും അന്ന് അതിജീവിക്കാനായി. എന്നാല്‍ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ചെന്നൈ നഗരം ഒറ്റപ്പെട്ട തുരുത്തുപോലെയായി. അവിടത്തെ ഭൂപ്രകൃതി ഏതാണ്ട് പരന്നതാണ്. വെള്ളം പ്രകൃതിദത്തമായി ഒഴുകിപ്പോകാന്‍ കഴിയില്ല. അതിന് ജല നിര്‍ഗമന മാര്‍ഗങ്ങള്‍ വേണം. കെട്ടിടങ്ങളുടെ മഹാസാഗരമായി ചെന്നൈ മാറിയതാണ് ഇപ്പോഴത്തെ ഈ ദുരന്തത്തിനു കാരണമെന്നാണ് ശാസ്ത്രപരിസ്ഥിതി രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ചട്ടങ്ങളെല്ലാം ലംഘിച്ച് ആയിരക്കണക്കിന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്‍ബലത്തോടെ നദികളും ജലാശയങ്ങളും കൈയേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി. തുറന്ന സ്ഥലങ്ങള്‍ ഇല്ലാതായെന്നു മാത്രമല്ല ജലം മണ്ണിലേക്കിറങ്ങാനാകാത്തവിധം വിടുകള്‍ ഉള്‍പ്പെടെ എല്ലായിടത്തും കോണ്‍ക്രിറ്റ് ചെയ്തിരിക്കുന്നു. മതിലുകളും കെട്ടിടങ്ങളുമെല്ലാം വഴികളെപ്പോലും ഇടുങ്ങിയതാക്കി. ഈ മാറ്റമാകാം ഒരുപക്ഷേ ഇപ്പോഴത്തെ പേമാരിയില്‍ ചെന്നൈ നഗരം കുടുങ്ങിപ്പോയത്.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളെല്ലാം ചെന്നൈയ്ക്കു സമാനമായ ഭീഷണി നേരിടുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. കേരളത്തിനു ഇതു വലിയ പാഠമാണ്. നമ്മുടെ ഭൂപ്രകൃതി വെള്ളം ഒഴുകിപ്പോകാന്‍ പര്യാപ്തമാണെങ്കിലും വയലേലകളും തുറന്ന പ്രദേശങ്ങളും ചതുപ്പുകളുമൊക്കെ നികത്തി കോണ്‍ക്രീറ്റ് വനങ്ങളാക്കുന്ന പ്രവണത ഏറിവരുകയാണ്. പല സ്ഥലത്തും ജലം ഒഴുകിപ്പോകേണ്ട ചാലുകളും മറ്റും അടച്ചുകൊണ്ടാണ് നിര്‍മ്മാണം നടക്കുന്നത്. വീടുകളുടെ മുന്നിലും മറ്റും കോണ്‍ക്രീറ്റ് ചെയ്തും ഓടുകള്‍ പാകിയും ജലം ഒരുതുള്ളിപോലും ഭൂമിയിലേക്ക് ഇറങ്ങാനാകാത്തവിധമാക്കുന്നു.

ചെന്നൈ നഗരത്തില്‍ പത്തുലക്ഷത്തിലേറെ മലയാളികള്‍ പാര്‍ക്കുന്നുണ്ടെന്നാണ് കണക്ക്. മാത്രമല്ല കേരളവുമായി ഈ നഗരത്തിന് ആത്മബന്ധവുമുണ്ട്. ആ നിലയില്‍ ചെന്നൈ നഗരത്തിനുണ്ടായ ദുരന്തത്തില്‍ സഹായിക്കേണ്ട ബാധ്യത കേരളീയര്‍ക്കുമുണ്ട്. പ്രകൃതി ദുരന്തത്തിന്റെ വേളയില്‍ അതിന് ഇരയായവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുക എന്ന കര്‍ത്തവ്യത്തോടൊപ്പം ഇതില്‍നിന്നുപാഠം പഠിക്കാനുള്ള ബാധ്യതയും ഓരോരുത്തര്‍ക്കുമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍