കോണ്‍സ്‌റ്റബിളും ഹെഡ്‌കോണ്‍സ്‌റ്റബിളും പൊലീസില്‍ ഇന്നുമുതല്‍ ഓഫിസര്‍മാര്‍

February 2, 2011 മറ്റുവാര്‍ത്തകള്‍

ചാരുംമൂട്‌: സംസ്‌ഥാന പൊലീസില്‍ ഇന്നുമുതല്‍ എല്ലാവരും ഓഫിസര്‍മാര്‍. പൊലീസ്‌ സേനയിലെ തസ്‌തികകളുടെ പേരുകള്‍ ഇന്നാണു മാറുന്നത്‌. പൊലീസ്‌ കോണ്‍സ്‌റ്റബിളും ഹെഡ്‌കോണ്‍സ്‌റ്റബിളും ഇനി സ്‌റ്റേഷനുകളിലില്ല. പൊലീസ്‌ കോണ്‍സ്‌റ്റബിള്‍മാര്‍ ഇനിമുതല്‍ അറിയപ്പെടുക സിവില്‍ പൊലീസ്‌ ഓഫിസര്‍ എന്നാണ്‌. പിസി എന്ന വാക്ക്‌ നെയിംബോര്‍ഡില്‍നിന്ന്‌ അപ്രത്യക്ഷമാകും. അതോടൊപ്പംതന്നെ എച്ച്‌സി സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫിസറായി മാറും.
അത്യാവശ്യഘട്ടങ്ങളില്‍ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ വരാറുള്ള എആര്‍ പൊലീസ്‌ എന്ന നാമകരണവും ഇല്ലാതായിരിക്കുകയാണ്‌. ഇവരും ഇന്നുതൊട്ടു സിവില്‍ പൊലീസ്‌ ഓഫിസര്‍മാരായി മാറും.എസ്‌ഐക്കും എഎസ്‌ഐക്കും മാറ്റമില്ല. ഇതുവരെ പൊലീസ്‌ സ്‌റ്റേഷനുകളില്‍ ഓഫിസര്‍മാര്‍ എന്ന്‌ അറിയപ്പെട്ടിരുന്നത്‌ എസ്‌ഐ റാങ്ക്‌ മുതല്‍ ഉള്ളവരായിരുന്നു. പേരുകള്‍ മാറുമ്പോഴും യൂണിഫോം പഴയതുതന്നെ. പുതിയ നാമകരണം വൈകിട്ടു നാലിനു തിരുവനന്തപുരം ചന്ദ്രശേഖര്‍നായര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഇതേസമയത്തുതന്നെ സംസ്‌ഥാനത്തെ എല്ലാ പൊലീസ്‌ സ്‌റ്റേഷനുകളിലും പുതിയ നാമകരണച്ചടങ്ങു നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍