ഇസ്ലാമിക ബാങ്കിനെതിരായ ഹര്‍ജി തള്ളി

February 3, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: ഇസ്ലാമിക ബാങ്കിങ്ങിന്‌ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഡോ.സുബ്രഹ്മണ്യം സ്വാമിയും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍.വി. ബാബുവും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ തള്ളി.
പൊതുമേഖലാ സ്ഥാപനമായ കെ.എസ്‌.ഐ.ഡി.സിക്ക്‌ പതിനൊന്ന്‌ ശതമാനം ഓഹരി പങ്കാളിത്തം നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ഉത്തരവും കോടതി ശരിവച്ചു. മതേതര രാജ്യമായ ഇന്ത്യയില്‍ ഒരു പ്രത്യേക മതത്തെ പ്രീണിപ്പിക്കുന്ന ബാങ്കുകള്‍ തുടങ്ങാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം ഭരണഘടനാലംഘനമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ മുന്‍ കേന്ദ്രമന്ത്രിയും ജനതാപാര്‍ട്ടി നേതാവുമായ സുബ്രഹ്മണ്യംസ്വാമി ഹര്‍ജി നല്‍കിയത്‌. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി നകിയ ഹര്‍ജിയില്‍ ഡോ. സുബ്രഹ്മണ്യംസ്വാമി നേരിട്ട്‌ ഹാജരായി വാദം നടത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ 2010 ജനുവരി അഞ്ചിന്‌ ബാങ്കിന്റെ തുടര്‍പ്രവര്‍ത്തനം തടഞ്ഞുകൊണ്ട്‌ കോടതി ഉത്തരവിട്ടിരുന്നു.
2009 ഒക്ടോബര്‍ 14 നാണ്‌ കെഎസ്‌ഐഡിസിയുമായി സഹകരിച്ച്‌ അല്‍ ബറാക്ക്‌ എന്ന കമ്പനി ഇസ്ലാമിക ബാങ്ക്‌ എന്ന സംരംഭം തുടങ്ങുന്നതായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്‌. കമ്പനിയില്‍ 11 ശതമാനം ഓഹരിയാണ്‌ കെഎസ്‌ഐഡിസി എടുക്കാന്‍ തീരുമാനിച്ചത്‌. സര്‍ക്കാരിന്റെ ഈ തീരുമാനത്തിന്റെ ഭരണഘടനാപരമായ സാധുതയെയാണ്‌ ഹര്‍ജിക്കാരന്‍ ചോദ്യംചെയ്‌തത്‌.
സംസ്ഥാനത്ത്‌ ഇസ്ലാമിക ബാങ്കിങ്‌ അപ്രായോഗികമാണെന്ന്‌ കേന്ദ്ര സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ റിസര്‍വ്‌ ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരവും ബാങ്കിങ്‌ നിയന്ത്രണ നിയമപ്രകാരവുമാണ്‌ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്‌. ബാങ്കിങ്‌ ഇതര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ രാജ്യത്ത്‌ റിസര്‍വ്‌ ബാങ്കിന്റെ അനുമതി ആവശ്യമാണ്‌. ഈ സാഹചര്യത്തില്‍ റിസര്‍വ്‌ ബാങ്ക്‌ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായിട്ടല്ലാതെ ബാങ്കിങ്‌, നോണ്‍ ബാങ്കിങ്‌ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ നിയമവിരുദ്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം