മാനഭംഗം: പ്രതി പിടിയിലായി

February 3, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ചെറുതുരുത്തി: ട്രെയിനില്‍ യാത്ര ചെയ്‌ത യുവതിയെ പുറത്തേക്കു തള്ളിയിട്ടു മാനഭംഗപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട്‌ ഒരാളെ പോലീസ്‌ പിടികൂടി. കോയമ്പത്തൂര്‍ സ്വദേശി ചാര്‍ലി (30) ആണ്‌ പിടിയിലായത്‌. ബുധനാഴ്‌ച രാത്രി വടക്കാഞ്ചേരിയില്‍ നിന്നാണ്‌ റെയില്‍വെ സംരക്ഷണസേന ചാര്‍ലിയെ പിടികൂടിയത്‌.
സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന പ്രത്യേക പോലീസ്‌ സംഘം ചാര്‍ലിയെ ചോദ്യംചെയ്യുകയാണ്‌. ദൃക്‌സാക്ഷികളില്‍ ചിലര്‍ ചാര്‍ലിയെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്‌. ഗുരുതരമായി പരിക്കേറ്റ്‌ അവശനിലയിലായ യുവതി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്‌. ചൊവ്വാഴ്‌ച രാത്രി ഒന്‍പതേകാലോടെയായിരുന്നു സംഭവം. യുവതിയെ ഉപദ്രവിച്ചു കടന്ന ഒറ്റക്കൈയുള്ള മദ്ധ്യവയസ്‌കനുവേണ്ടി പോലീസ്‌ ബുധനാഴ്‌ചതന്നെ തിരച്ചില്‍ തുടങ്ങിയിരുന്നു.
കൊച്ചിഷൊര്‍ണൂര്‍ പാസഞ്ചറിന്റെ വനിതാ കമ്പാര്‍ട്ട്‌മെന്‍റില്‍ സഞ്ചരിക്കുകയായിരുന്നു യുവതി. ഷൊര്‍ണൂരില്‍ അവസാന സ്‌റ്റോപ്പ്‌ ആയതിനാല്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ ഉണ്ടായിരുന്ന യാചകനെന്നു തോന്നിക്കുന്ന മദ്ധ്യവയസ്‌കന്‍ ഈ സമയത്ത്‌ വനിതാ കമ്പാര്‍ട്ട്‌മെന്‍റില്‍ കയറി യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റിലെ ചിലര്‍ നിലവിളി കേട്ടതായി അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.
പതുക്കെ പോവുകയായിരുന്ന ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്കു തള്ളിയിട്ട്‌, ഒപ്പം ഇയാളും ചാടിയിറങ്ങി. രണ്ടുട്രാക്കിനപ്പുറത്തേക്കു യുവതിയെ വലിച്ചിഴച്ചുകൊണ്ടുപോയാണ്‌ മാനഭംഗപ്പെടുത്തിയത്‌. രണ്ടുപേര്‍ പുറത്തേക്ക്‌ വീണതായി ഗാര്‍ഡ്‌ അറിയിച്ചതിനെ തുടര്‍ന്ന്‌ സ്‌റ്റേഷന്‍ അധികൃതരും നാട്ടുകാരും ചെറുതുരുത്തി പോലീസും തിരഞ്ഞെങ്കിലും ഉടനെ ആരെയും കണ്ടെത്താനായില്ല. പത്തരയോടെയാണ്‌ കുറച്ച്‌ദൂരെ അവശയുമായ യുവതിയെ കണ്ടെത്തിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം