എ.രാജ പാര്‍ട്ടി സ്ഥാനം രാജിവച്ചു

February 3, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: രാജ്യം കണ്ട എറ്റവും വലിയ അഴിമതിക്കേസുകളിലൊന്നായ 2 ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ അറസ്‌റ്റിലായ മുന്‍ കേന്ദ്രമന്ത്രി എ.രാജ പാര്‍ട്ടി സ്ഥാനം രാജിവച്ചു. ഡിഎംകെയുടെ പ്രചാരണ വിഭാഗം സെക്രട്ടറിയായിരുന്നു. ഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ ഇന്നു ചെന്നൈയില്‍ ചേരാനിരിക്കെയാണു രാജയുടെ രാജി പ്രഖ്യാപനം. അഴിമതി ആരോപണങ്ങളുടെ പശ്‌ചാത്തലത്തില്‍ കഴിഞ്ഞ നവംബര്‍ 14നാണ്‌ രാജ കേന്ദ്രമന്ത്രി സ്‌ഥാനം രാജിവച്ചത്‌.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്‍ദേശംപോലും അവഗണിച്ച്‌, ആദ്യം അപേക്ഷിക്കുന്നവര്‍ക്ക്‌ ആദ്യം ലൈസന്‍സ്‌ എന്ന നയം അവലംബിച്ചും 2001ല്‍ നിശ്‌ചയിച്ച നിരക്കു മാത്രം 2007-ലും ഈടാക്കിയും 2 ജി സ്‌പെക്‌ട്രം ലൈസന്‍സ്‌ നല്‍കുക വഴി പൊതുഖജനാവിന്‌ കോടിക്കണക്കിനു രൂപയുടെ നഷ്‌ടമുണ്ടാക്കി എന്നതാണ്‌ കേസ്‌. സ്‌പെക്‌ട്രം ലൈസന്‍സ്‌ വിതരണ അഴിമതിക്കേസില്‍ ഇന്നലെയാണു രാജയെയും രണ്ട്‌ അനുയായികളെയും സിബിഐ അറസ്‌റ്റു ചെയ്‌തത്‌. രാജയ്‌ക്കു പുറമേ അദ്ദേഹത്തിന്റെ പഴ്‌സനല്‍ സെക്രട്ടറി ആര്‍.കെ. ചന്ദോലിയ, മുന്‍ ടെലികോം മന്ത്രാലയ സെക്രട്ടറി സിദ്ധാര്‍ഥ്‌ ബെഹൂരിയ എന്നിവരെയും അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം