ശബരിമല: ആചാരങ്ങളെ നിയമംകൊണ്ട് വ്യാഖ്യാനിക്കരുത്

January 12, 2016 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

Ayyappa-editorialലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവതീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയുടെ പ്രശസ്തി വര്‍ഷം ചെല്ലുന്തോറും കൂടി വരികയാണ്. ദേശീയ തീര്‍ത്ഥാടനകേന്ദ്രമെന്ന പദവിക്ക് അര്‍ഹമാണെങ്കിലും ആ പ്രഖ്യാപനം നടന്നില്ലെന്നേയുള്ളൂ. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യവും പിന്നീട് അമ്പതുകളുടെ ആരംഭത്തിലും ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഈ കാനനക്ഷേത്രം ഈശ്വരാംശത്തിലും സാമ്പത്തികമായും പ്രശസ്തിയിലും മുന്നേറിയിട്ടേയുള്ളൂ.

ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. നൂറ്റാണ്ടുകളായി അവ നിലനില്‍ക്കുകയുമാണ്. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠികബ്രഹ്മചാരി സങ്കല്‍പ്പത്തിലുള്ളതാണ്. അതുകൊണ്ടാണ് മണ്ഡല-മകരവിളക്ക് പൂജകള്‍ക്കും മാസപൂജകള്‍ക്കും ശേഷം നടഅടയ്ക്കുന്നതിനുമുന്‍പ് അയ്യപ്പവിഗ്രഹം പൂര്‍ണമായും ഭസ്മത്തില്‍ മൂടി രുദ്രാക്ഷമണിയിച്ച് യോഗദണ്ഡും ചാര്‍ത്തി യോഗനിദ്രയിലാക്കുന്നത്. നൈഷ്ഠികബ്രഹ്മചാരി സങ്കല്‍പ്പമുള്ളതിനാലാണ് 10 വയസ്സിനും 50നും ഇടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നത്.

ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിനും ഭരണഘടനയ്ക്കു രൂപം നല്‍കുന്നതിനും മുമ്പുതന്നെ തുടര്‍ന്നു വരുന്നതാണ് ഈ ആചാരം. അതിനെ പരമോന്നത കോടതിക്ക് എങ്ങനെയാണ് വ്യാഖ്യാനിക്കാന്‍ കഴിയുക. 10 വയസിനു മുമ്പും അമ്പതുവയസിനുശേഷവും സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. നാല്‍പ്പത്തിയൊന്നുദിവസത്തെ വ്രതമെടുത്തുവേണം ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറമെന്നാണ് ആചാരം. എന്നാല്‍ 10നും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് ആര്‍ത്തവകാലമുള്ളതിനാല്‍ നാല്‍പത്തിയൊന്നു ദിവസം വ്രതമെടുക്കാന്‍ കഴിയില്ല. ഇങ്ങനെ വ്രതമെടുക്കാതെ തന്നെ അയ്യപ്പന്‍മാര്‍ ശബരിമല ദര്‍ശനം നടത്തുന്നുണ്ടാവാം. ആ കാരണത്തിന്റെ പേരില്‍ ആചാരലംഘനം നടത്തണമെന്നു പറയുന്നത് പരിപാവനമായ ശബരിമല ക്ഷേത്രത്തോടും സാക്ഷാല്‍ കലിയുഗവരദനോടും ചെയ്യുന്ന അപരാധമാണെന്നു പറയേണ്ടിവരും.

ഒരു ക്ഷേത്രത്തെ സംബന്ധിച്ച് അന്തിമമായി തീരുമാനം പറയേണ്ടത് ക്ഷേത്രതന്ത്രിയാണ്. എന്നാല്‍ തന്ത്രിക്കും തീരുമാനമെടുക്കാന്‍ കഴിയാത്തകാര്യങ്ങളില്‍ ദേവഹിതമാണ് ഇതിനു പ്രമാണമായി തുടര്‍ന്നുവരുന്ന കീഴ്‌വഴക്കം. ദേവഹിതത്തിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയില്‍ 10നും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ഒഴിവാക്കിയതെന്ന് തന്ത്രി കണ്ഠരര് രാജീവരര് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞകാലങ്ങളില്‍ നടന്ന ദേവപ്രശ്‌നങ്ങളിലെല്ലാം തെളിഞ്ഞ ദേവഹിതവും ഇതുതന്നെയാണ്. ഈ സാഹചര്യത്തില്‍ കേവലം ഭരണഘടനയുടെ പേരുപറഞ്ഞുകൊണ്ട് നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ആചാരങ്ങളെ തടയാനാവില്ല.

ഭരണഘടനാപരമായ അവകാശങ്ങളെ നൂറ്റാണ്ടുകളോ അല്ലെങ്കില്‍ സഹസ്രാബ്ദങ്ങളോ ആയി തുടര്‍ന്നുവരുന്ന ആചാരങ്ങളുമായി കൂട്ടിക്കുഴയ്ക്കാന്‍ ശ്രമിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. മാത്രമല്ല ദേവഹിതത്തിന് എതിരാവുന്നതിലൊന്നും സുപ്രീംകോടതി പോലും ഇടപെടാതിരിക്കുന്നതാണ് ഉത്തമം.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍