രാജയെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു

February 3, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: സ്പെക്ട്രം കേസില്‍ അറസ്റ്റിലായ മുന്‍ ടെലികോം മന്ത്രി എ.രാജയെ അഞ്ച് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. വൈദ്യസഹായം ആവശ്യമെങ്കില്‍ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
രാജയുടെ മുന്‍ പേഴ്സണല്‍ സെക്രട്ടറി ആര്‍.കെ. ചന്ദോളിയ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബെഹുറ എന്നിവരെയും സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. ദല്‍ഹിയിലെ പാട്യാല ഹൌസ് കോടതിയാണ് മൂവരെയും സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടത്.
മൂവരെയും വിശദമായി വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും 22,000 കോടി രൂപയുടെ നഷ്ടമാണ് തങ്ങളുടെ പ്രാഥമിക കണക്ക് പ്രകാരം ഇടപാടിലൂടെ ഉണ്ടായിരിക്കുന്നതെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

രാജ നല്‍കിയ മൊഴിയും അദ്ദേഹത്തിന്റെ വീട്ടിലും ഓഫീ‍സില്‍ നിന്നും പിടിച്ചെടുത്ത രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ട്. അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
ഒരു ന്യായീകരണവുമില്ലാതെയാണ് രാജയെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രമേശ് ഗുപ്ത കോടതിയെ അറിയിച്ചു. എല്ലാ ചോദ്യം ചെയ്യലുകള്‍ക്കും രാജ കൃത്യമായി ഹാജരായിരുന്നു. സി.ബി.ഐ നടത്തിയ റെയ്‌ഡുകളോടും രാജ സഹകരിച്ചിരുന്നു.
ഈ സഹചര്യത്തില്‍ അറസ്റ്റിന്റെ ആവശ്യമില്ലായിരുന്നുവെന്നും രമേശ് ഗുപ്ത വാദിച്ചു. ഉച്ചയ്ക് രണ്ട് മണിയോടെയാണ് രാജയെ കോടതിയില്‍ ഹാജരാക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം