പാക്കിസ്ഥാന്‍ ഉദ്ദേശ്യശുദ്ധി തെളിയിക്കണം

January 15, 2016 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

editorial-pb-12-11-2013പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് ഭാരതം സ്വീകരിച്ച ശക്തമായ നിലപാടുകളെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ചില നടപടികളെടുത്തു തുടങ്ങിയെന്നത് ശുഭസൂചനയായിവേണം കരുതാന്‍. ഭീകരതയെ വളര്‍ത്താന്‍ പാക്കിസ്ഥാന്റെ മണ്ണ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇതിന് ചെറുക്കാന്‍ ഇതുവരെയും അവിടത്തെ ഭരണാധികാരികള്‍ക്കായിട്ടില്ല. കാരണം ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഭരണത്തിന്റെ തലപ്പത്തുണ്ടെങ്കിലും അവിടെ എല്ലാം തീരുമാനിക്കുന്നത് പട്ടാളവും ഐ.എസ്.ഐയും എന്നതുതന്നെ. അവര്‍ ഭീകരര്‍ക്ക് പരിശീലനവും സാമ്പത്തികവുമായ സര്‍വ്വവിധ സഹായങ്ങളും നല്‍കുന്നുമുണ്ട്. ഭാരതത്തിന്റെ പിടിയിലായ ഭീകരരില്‍നിന്നൊക്കെ ഇതിന് വ്യക്തമായ തെളിവ് ലഭിക്കുകയും അത് പാക്കിസ്ഥാനെ അറിയിക്കുകയും ചെയ്‌തെങ്കിലും വ്യാജ ആരോപണങ്ങള്‍ എന്ന പേരില്‍ ഇക്കാലമത്രയും പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്നു ഭാരതത്തിന്റെ അയല്‍രാഷ്ട്രം.

പത്താന്‍കോട്ട് ആക്രമണത്തിന്റെ ആസൂത്രണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് കരുതുന്ന ജെയ്‌ഷേ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെ പാക്കിസ്ഥാന്‍ തടവിലാക്കി എന്നാണ് പാക് ചാനലായ ജിയോ ടിവി വ്യക്തമാക്കിയത്. ഇയാളോടൊപ്പം സഹോദരന്‍ അബ്ദുള്‍റൗഫ്, ഭാര്യാസഹോദരന്‍ അഷ്ഫാഖ് അഹമ്മദ് എന്നിവര്‍ കസ്റ്റഡിയിലായെന്ന് സൂചനയുണ്ട്. എന്നാല്‍ ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം ജെയ്‌ഷേ മുഹമ്മദിന്റെ ഓഫീസുകള്‍ പൊട്ടിച്ചെന്നും പ്രവര്‍ത്തകരെ അറസ്റ്റുചെയ്‌തെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം പാക്പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍, പത്താന്‍കോട്ട് ഭീകരാക്രമണത്തിനുശേഷം ഇന്ത്യ ഉന്നയിച്ച ആവശ്യങ്ങളോട് ക്രിയാത്മകമായാണ് പ്രതികരിച്ചിരിക്കുന്നത്. അന്വേഷണത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടെന്ന് യോഗം വിലയിരുത്തി. മാത്രമല്ല ലോകത്ത് എവിടെയും ഭീകരാക്രമണം നടത്തുന്നതിന് പാക്കിസ്ഥാന്റെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഭീകരത അവസാനിപ്പിക്കാന്‍ ഇന്ത്യയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

1999 ഡിസംബര്‍ 24ന് കാണ്ഡഹാര്‍ വിമാന റാഞ്ചലിലൂടെ ഇന്ത്യന്‍ തടവറയില്‍നിന്ന് മോചനം നേടിയ മൂന്ന് ഭീകരരില്‍ ഒരാളാണ് മസൂദ്. 2000ത്തിലാണ് ഇയാള്‍ ജെയ്‌ഷേമുഹമ്മദ് എന്ന ഭീകര സംഘടനയ്ക്ക് രൂപം നല്‍കിയത്. കാശ്മീരിലെ ഭീകരപ്രവര്‍ത്തനത്തിന് ആളും അര്‍ത്ഥവും സമാഹരിക്കലായിരുന്നു ഇതിലൂടെ ഇയാള്‍ ലക്ഷ്യമിട്ടത്. 2002ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നില്‍ മസൂദാണെന്ന് ഏറെക്കൂറേ വ്യക്തമായിരുന്നു. 2002ല്‍ ജയ്‌ഷേമുഹമ്മദ് എന്ന ഭീകരസംഘടനയെ പാക്കിസ്ഥാന്‍ നിരോധിക്കുകയും മസൂദിനെ ഒരുവര്‍ഷത്തോളം തടങ്കലിലാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വിട്ടയയക്കപ്പെട്ട മസൂദ് പാക്അധീന കാശ്മീര്‍ കേന്ദ്രീകരിച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു.

പത്താന്‍കോട്ട് ആക്രമണത്തെതുടര്‍ന്ന് ഭാരതത്തിനൊപ്പം അമേരിക്കയും ശക്തമായ നിലപാടുമായാണ് മുന്നോട്ടുവന്നത്. ഭീകരവാദികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന അമേരിക്കയുടെ ആവശ്യവും പാക്കിസ്ഥാന്റെ ഇപ്പോഴത്തെ ‘നല്ലപിള്ള’ ചമയലിനുപിന്നില്‍ ഉണ്ടെന്നുവേണം അനുമാനിക്കാന്‍.

പട്ടാളത്തിനും ഐ.എസ്.ഐയ്ക്കും മേല്‍ക്കൈയുള്ള പാക്ഭരണത്തില്‍, പ്രധാനമന്ത്രി നവാഷ് ഷെരീഫിന് താല്‍പര്യമുണ്ടെങ്കില്‍പോലും ഭീകര്‍ക്കെതിരെ എത്രത്തോളം കടുത്തനടപടി സ്വീകരിക്കാന്‍ കഴിയുമെന്നതില്‍ ഇപ്പോഴും സംശയമുണ്ട്. ഭരണകൂടത്തെത്തന്നെ അട്ടിമറിക്കാന്‍ കാത്തിരിക്കുന്ന പട്ടാളവും ഐ.എസ്.ഐയും ഭീകരര്‍ക്കെതിരെയുള്ള തുറന്നതും ശക്തവുമായ നീക്കങ്ങളെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കുമെന്നു തോന്നുന്നില്ല. ഇക്കാര്യത്തില്‍ കാത്തിരുന്നു കാണുകയേ നിര്‍വ്വാഹമുള്ളൂ. എന്നാലും പ്രധാനമന്ത്രി നവാഷ് ഷെരീഫിന്റെ നടപടികളെ ശുഭസൂചനയായി കാണുമ്പോള്‍ തന്നെ അതിന്റെ ഉദ്ദേശ്യശുദ്ധി കാലത്തിനുമാത്രമേ തെളിയിക്കാനാകൂ.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍