മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ അപകടകാരിയാകുന്നു:പഠനറിപ്പോര്‍ട്ട്

February 3, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍, ടവറുകള്‍ എന്നിവയില്‍ നിന്നുള്ള റേഡിയേഷന്‍ മനുഷ്യശരീരത്തില്‍ മാരകമായ താളക്കേടുകള്‍ക്കു ഇടയാക്കുന്നുണ്ടെന്നു കേന്ദ്ര വാര്‍ത്തവിനിമയ മന്ത്രാലയത്തിന്റെ പഠനറിപ്പോര്‍ട്ട്‌.മൊബൈല്‍ റേഡിയേഷന്‍ ശരീരത്തിലെ ജീവകോശങ്ങളെ നശിപ്പിക്കുവാന്‍ ശേഷിയുള്ളതാണ്‌.റേഡിയേഷന്റെ ഫലമായി ഓര്‍മക്കുറവ്‌, ഉറക്കം നഷ്‌ടപ്പെടല്‍, ദഹനപ്രക്രിയ താറുമാറാകല്‍ എന്നിവ സര്‍വ്വസാധാരണമായിക്കൊണ്ടിരിക്കുകയാണെന്ന്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര വാര്‍ത്തവിനിമയ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങള്‍ സംയുക്‌തമായാണ്‌ പഠനം നടത്തിയത്‌.  വന്‍ നഗരങ്ങളില്‍ ഷഢ്‌പദങ്ങളുടെ വംശനാശത്തിനും റേഡിയേഷന്‍ വഴിവയ്‌ക്കുന്നുവെന്ന ആശങ്കാജനകമായ കണ്ടെത്തലും പഠനത്തിലുണ്ട്‌. മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ മൂലം ചിത്രശലഭങ്ങള്‍, തേനീച്ചകള്‍, ചെറുകുരുവികള്‍ എന്നിവയുടെ എണ്ണം നഗരങ്ങളില്‍ കുറയുന്നതായാണ്‌ റിപ്പോര്‍ട്ട്‌.മൊബൈല്‍ ഫോണുകള്‍, സംസാരിച്ചുകൊണ്ടിക്കുമ്പോള്‍ ചൂടാകുന്നത്‌ തലച്ചോറിലെ രക്‌തചംക്രമണം വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്‌. ഇത്‌ മൂലം ശരീരത്തിലെ താപനിലയും വര്‍ധിക്കുന്നു യുറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയിലെ സവിശേഷ ഉഷ്‌ണകാലാവസ്‌ഥയില്‍ റേഡിയേഷന്‍ അതിവേഗം അപകടകാരിയാകുന്നു. കുട്ടികളും ഗര്‍ഭിണികളും മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം പാലിക്കണം. സെല്‍ഫോണുകളുടെ ഉപയോഗം യുവാക്കളില്‍ തലച്ചോര്‍ കാന്‍സര്‍ വരുന്നതിനുള്ള സാദ്ധ്യത 400%ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നു പഠനം അടിവരയിട്ടു പറയുന്നു.
ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയ്‌ക്കു സമീപം ടവറുകള്‍ സ്‌ഥാപിക്കുന്നത്‌ തടയണമെന്നാണ്‌ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ടവറുകളിലെ മൊബൈല്‍ ഫോണ്‍ തരംഗങ്ങളുടെ കാര്യത്തില്‍ ദേശീയ നയവും മാര്‍ഗരേഖയും ആവശ്യമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി 1888ലെ ഇന്ത്യന്‍ ടെലിഗ്രാഫ്‌ നിയമം ഭേദഗതി ചെയ്യണം.വാര്‍ത്താ വിനിമയ വിഭാഗത്തിലെ സാങ്കേതിക ഉപദേശകന്‍ രാംകുമാര്‍ അധ്യക്ഷനായ എട്ടംഗ കമ്മിറ്റിയാണ്‌ പഠനം നടത്തിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം