ഐസ്ക്രീം: ഗൂഡാലോചന പുറത്തുകൊണ്ടുവരുമെന്ന് ലീഗ്

February 5, 2011 മറ്റുവാര്‍ത്തകള്‍

മലപ്പുറം: പാര്‍ട്ടിക്കെതിരെയുള്ള ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് മുസ്ലിം ലീഗ് നേതൃത്വം. ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും  തെളിവുകള്‍ വൈകാതെ പുറത്തുവിടുമെന്നും പാണക്കാട്ടുചേര്‍ന്ന അടിയന്തര നേതൃയോഗത്തിനുശേഷം ഇ.ടി.മുഹമ്മദ് ബഷീര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പാര്‍ട്ടിയില്‍ ഭിന്നതയില്ല. ലീഗിനുള്ളില്‍ ഭിന്നതയുണ്ടെന്ന് വരുത്താനുള്ള ശ്രമം ബാഹ്യശക്തികള്‍ നടത്തുന്നു. ഈ നീക്കത്തെ ഒറ്റക്കെട്ടായി നേരിടും. പാര്‍ട്ടി തുടര്‍ന്നും ഒറ്റക്കെട്ടായി നീങ്ങുമെന്നും യോഗത്തിനുശേഷം ഇ.ടി.മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു. പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍ എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

ഐസ്‌ക്രീം പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകള്‍ തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഫലമാണെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നത് എം.കെ. മുനീറിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സ്വകാര്യ വാര്‍ത്താചാനലിലെ അഭിമുഖ പരിപാടിയിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുകള്‍. വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പ്രസിഡന്റ് ഇ അഹമ്മദിന്റെ സാന്നിധ്യത്തില്‍ ലീഗിന്റെ നേതൃയോഗം ഞായറാഴ്ച വീണ്ടും ചേരും. ഈ യോഗത്തില്‍ അടുത്ത നടപടികള്‍ തീരുമാനിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍