അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്‌ ഇന്ന്‌ തുടക്കം

February 6, 2011 കേരളം,മറ്റുവാര്‍ത്തകള്‍

അയിരൂര്‍: ‍തൊണ്ണൂറ്റിയൊമ്പതാമത്‌ അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്‌ ഇന്ന്‌ തുടക്കമാകും. പമ്പാതീരത്ത്‌ ഒരാഴ്‌ചക്കാലം നീണ്ടു നില്‍കുന്ന കണ്‍വെന്‍ഷനില്‍ സംസ്‌ഥാനത്തിനകത്തും പുറത്തുമുളള ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും. പമ്പാ മണല്‍പ്പുറത്ത്‌ ഒരുക്കിയിട്ടുളള വിദ്യാധിരാജ നഗറിലാണ്‌ അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്‌ നടക്കുക.
ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ്‌ അസ്‌ട്രോണമി പ്രസിഡന്റ്‌ ഡോ.ജി.മാധവന്‍ നായര്‍ ഹിന്ദുമത പരിഷത്‌ ഉദ്‌ഘാടനം ചെയ്യും. സ്വാമി സന്ദീപാനന്ദഗിരി അധ്യക്ഷനായിരിക്കും. എട്ടു സമ്മേളനങ്ങള്‍ക്കും വിവിധ വിഷയങ്ങളെ അധികരിച്ചുളള പ്രഭാഷണങ്ങള്‍ക്കും പരിഷത്ത്‌ വേദിയാകും. ഇതിനൊപ്പം മതപാഠശാലാ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങളും നടക്കും. പരിഷത്തിനായി അരലക്ഷത്തോളം പേര്‍ക്ക്‌ ഇരിക്കാവുന്ന പന്തല്‍ പമ്പാതീരത്ത്‌ ഉയര്‍ന്നു കഴിഞ്ഞു.
ഹിന്ദുമത പരിഷത്തിനോട്‌ അനുബന്ധിച്ചുളള ജ്യോതി പ്രയാണം, ഛായചിത്ര, പതാക ഘോഷയാത്രകള്‍ എന്നിവ രാവിലെ പരിഷത്ത്‌ നഗറില്‍ എത്തിച്ചേരും. വിവിധ സ്‌ഥലങ്ങളില്‍ നിന്നും ചെറുകോല്‌പ്പുഴയിലേക്ക്‌ കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. 13 ന്‌ പരിഷത്തിന്‌ സമാപിക്കും. സമാപനസമ്മേളനം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ.നായര്‍ ഉദ്‌ഘാടനം ചെയ്യും. ഒരു വര്‍ഷം നീണ്ടു നില്‍കുന്ന ശതാബ്‌ദി ആഘോഷങ്ങള്‍ സ്വാമി പൂര്‍ണാമൃതാനന്ദപുരി ഉദ്‌ഘാടനം ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം