സിനിമകള്‍ക്കു പുതിയ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റു വരുന്നു

February 6, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: യു, എ, യു/എ, എസ്‌…സിനിമ തുടങ്ങുന്നതിന്‌ മുന്‍പ്‌ പ്രേക്ഷകര്‍ക്കു മുന്നിലേക്കു പുതിയൊരു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റു കൂടി കടന്നു വരുന്നു. 15 വയസ്സിന്‌ മുകളിലുള്ളവര്‍ക്കു കാണുവാനുള്ള ചിത്രങ്ങളെന്ന നിലയിലായിരിക്കും പുതിയ വര്‍ഗ്ഗീകരണം. നിലവില്‍ നാലു തരംസര്‍ട്ടിഫിക്കറ്റുകളാണ്‌ സിനിമകള്‍ക്കു സെന്‍സര്‍ ബോര്‍ഡ്‌ നല്‍കുന്നത്‌. പുതിയ സര്‍ട്ടിഫിക്കറ്റു സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ വയ്‌ക്കുമെന്നു കേന്ദ്ര ചലച്ചിത്ര സര്‍ട്ടിഫിക്കറ്റ്‌ ബോര്‍ഡ്‌ അധ്യക്ഷ ഷര്‍മിള ടാഗോര്‍ പറഞ്ഞു.
12 വയസ്സുള്ള കുട്ടികളില്‍ നിന്നു 15 വയസ്സുകാരുടെ വികാരവിചാരങ്ങള്‍ക്കു വലിയ വ്യത്യാസമാണുള്ളത്‌. അതിനാല്‍ പുതിയ വര്‍ഗീകരണം ആവശ്യമായി വന്നിരിക്കുകയാണ്‌.നിര്‍മ്മാതാക്കള്‍ സഹകരിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും ഷര്‍മിള ചൂണ്ടിക്കാട്ടി. തന്റെ നേതൃത്വത്തിലുള്ള സെന്‍സറിങ്‌ സമിതി പരമാവധി സിനിമകളെ കത്തിവെയ്‌ക്കാതിരിക്കാനാണ്‌ ശ്രമിക്കാറുള്ളത്‌. ഓംകാര, കാംനെ, നൊ വണ്‍ കില്‍ഡ്‌ ജസീക്ക തുടങ്ങിയ പല വിവാദ ചിത്രങ്ങളും അത്തരത്തില്‍ പുറത്തു വന്നിട്ടുള്ളതാണ്‌. ചലച്ചിത്ര മേഖലയില്‍ ഒരു നിയന്ത്രണ ബോര്‍ഡിന്റെ ആവശ്യമില്ലെന്ന ചില നിര്‍മ്മാതക്കളുടെ വാദം ശരിയല്ലെന്നും ഷര്‍മിള പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം