ട്രെയിന്‍ സുരക്ഷയ്‌ക്കായി കൂടുതല്‍ സേന അനുവദിക്കണം

February 7, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്‌ക്കായി കൂടുതല്‍ സേനയെ അനുവദിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെടുമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. യാത്രക്കാരുടെ സുരക്ഷ ചര്‍ച്ചചെയ്യുന്നതിനു റയില്‍വേ പൊലീസിന്റെയും ഉദ്യോഗസ്‌ഥരുടെയും യോഗം ആഭ്യന്തരവകുപ്പ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തിനകം ചേരുമെന്നും കോടിയേരി പറഞ്ഞു.
അതേ സമയം ട്രെയിനുകളില്‍ സുരക്ഷ ഉറപ്പാക്കണമെന്നു പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി കോഴിക്കോട്‌ പറഞ്ഞു. ഷൊര്‍ണൂര്‍ പാസഞ്ചറില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നു മരിച്ച സൗമ്യയുടെ കുടുംബത്തിന്‌ അര്‍ഹമായ ധനസഹ3യം നല്‍കാന്‍ റയില്‍ വേ മന്ത്രിയോട്‌ അഭ്യര്‍ഥിച്ചിട്ടുണെന്ന്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ട്രെയിന്‍ യാത്രക്കാരായ സ്‌ത്രീകളുടെ സുരക്ഷയ്‌ക്കായി സുശക്‌തമായ സംവിധാനം ഉണ്ടാക്കണം. സൗമ്യയുടെ മരണം കേരളത്തിന്റെ മുഴുവന്‍ ദു:ഖമാണെന്നും അദ്ദേഹം പറഞ്ഞു. കേരള മോചനയാത്രയുടെ ഭാഗമായി കോഴിക്കോട്‌ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്‌.
മുസ്‌ലിം ലീഗിലെ എല്ലാ പ്രശ്‌നങ്ങളും ഒത്തു തീര്‍ന്നതായി പ്രതിപക്ഷ നേതാവ്‌ പറഞ്ഞു. ലീഗ്‌ ഒറ്റക്കെട്ടായി മുമ്പോട്ടു പോകും.കേരള മോചനയാത്രയില്‍ ലഭിച്ച വമ്പിച്ച ജനപങ്കാളിത്തം യുഡിഎഫിന്റെ ഉത്തരവാദിത്തവും ആത്മവിശ്വാസവും വര്‍ധിപ്പിച്ചതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങള്‍ യുഡിഎഫിനെ പ്രതീക്ഷയോടെയാണു കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം