ശശിയുടെ ആരോപണം അസംബന്ധമെന്ന്‌ മുഖ്യമന്ത്രി

February 7, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ്‌ അന്വേഷിച്ച ജസ്‌റ്റിസ്‌ മോഹന്‍കുമാര്‍ കമ്മിഷനെ താന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പി.ശശിയുടെ ആരോപണം ശുദ്ധ അസംബന്ധമെന്നു മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍. കല്ലുവാതുക്കല്‍ കമ്മിഷനെ താന്‍ സ്വാധീനിച്ചിട്ടില്ല. മോഹന്‍കുമാറിനെതിരെ താന്‍ കോടതിയില്‍ പോയിട്ടുണ്ടെന്നുള്ളതു ചരിത്രസത്യമാണ്‌. കേസില്‍ താന്‍ എന്തെങ്കിലും സ്വാധീനം ചെലുത്തിയിരുന്നെങ്കില്‍ മോഹന്‍കുമാര്‍ അതു വെളിപ്പെടുത്തിയേനെയെന്നും വി.എസ്‌. നിയമസഭയില്‍ പറഞ്ഞു.
ജൂഡീഷ്യല്‍ കമ്മിഷനെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന പി.ശശിയുടെ ആരോപണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.ആര്യാടന്‍ മുഹമ്മദാണ്‌ അടിയന്തര പ്രമേയത്തിനു നോട്ടീസ്‌ നല്‍കിയത്‌. മുഖ്യമന്ത്രി ഗൂഢാലോചന കേസില്‍ പ്രതിയാണെന്നും അദ്ദേഹം രാജിവയ്‌്‌ക്കണമെന്നും ആര്യാടന്‍ മുഹമ്മദ്‌ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ജസ്‌റ്റിസ്‌ മോഹന്‍കുമാര്‍ കമ്മിഷനെ സ്വാധീനിച്ചിട്ടില്ലെന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. അത്തരം ആരോപണങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം