ഐസ്‌ക്രീം പാര്‍ലര്‍ കേസ്: സഭയില്‍ വാക്കേറ്റം

February 8, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ടു ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. ബഹളം മൂലം സഭ നിര്‍ത്തി വച്ചു. കെ.കെ. ഷൈലജ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിനിടെയിലെ പരാമര്‍ശമാണ്‌ വാക്കേറ്റത്തിനു കാരണമായത്‌. സ്‌ത്രീ പീഡനക്കേസിലെ പ്രതികള്‍ രക്ഷപെടാതിരിക്കാന്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം. ഐസ്‌ക്രീംകേസിലെ പ്രതി കുഞ്ഞാലിക്കുട്ടി എന്ന പരാമര്‍ശമാണു പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്‌.
കുഞ്ഞാലിക്കുട്ടി കേസില്‍ പ്രതിയല്ല എന്നു പറഞ്ഞ്‌ ലീഗ്‌ എംഎല്‍എ അബ്‌ദു റഹ്‌മാന്‍ രണ്ടത്താണി ചാടിയെണീക്കുകയായിരുന്നു. തുടര്‍ന്ന്‌ മുഹമ്മദ്‌ ഉണ്ണി ഹാജിയും അബ്‌ദു റഹ്‌മാന്‍ രണ്ടത്താണിക്കൊപ്പം ചേര്‍ന്നു. ഈ സാഹചര്യത്തില്‍ ഭരണപക്ഷത്തു നിന്നു ശിവന്‍കുട്ടി എംഎല്‍എ ഉള്‍പ്പെടെയുളളവര്‍ ചാടിയെണീക്കുകയും വാക്കേറ്റം രൂക്ഷമാകുകയും ചെയ്‌തു. വാക്കേറ്റം കയ്യാങ്കളിയിലെത്തുന്ന അവസരത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിമാര്‍ ഇടപെട്ടു. വി.സുരേന്ദ്രന്‍ പിള്ള ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഇടപെട്ടാണു സ്‌ഥിതി ശാന്തമാക്കിയത്‌. ഇതിനിടെ സ്‌പീക്കര്‍ സഭ അല്‍പസമയത്തേക്കു നിര്‍ത്തിവയ്‌ക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

നേരത്തെ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ അനധികൃത നിയമനം സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. പി.സി. വിഷ്ണുനാഥാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. സംവരണ തത്വങ്ങള്‍ പോലും അട്ടിമറിച്ച് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരെ പിന്‍വാതിലിലൂടെ നിയമിക്കുകയാണെന്നും ഒഴിവുകള്‍ തെരുവില്‍ ലേലം വിളിക്കുന്ന അവസ്ഥയാണുള്ളതെന്നും വിഷ്ണുനാഥ് ആരോപിച്ചു. എന്നാല്‍, പിന്‍വാതില്‍ നിയമനം നടക്കുന്നുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്​പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. അര മണിക്കൂറിനുശേഷമാണ് സഭാനടപടികള്‍ പുനരാരംഭിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം