ഇന്ത്യ ആരോഗ്യ പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്നുവെന്ന്‌ പഠനം

February 9, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

വാഷിങ്‌ടണ്‍: ഇന്ത്യ ആരോഗ്യപരമായ പ്രതിസന്ധി നേരിടുകയാണെന്ന്‌ ലോകബാങ്ക്‌ റിപ്പാര്‍ട്ട്‌. ഹൃദ്രോഹം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയരോഗങ്ങള്‍ പിടിപെടുന്നവരുടെ എണ്ണം ഈ രാജ്യങ്ങളില്‍ വര്‍ധിച്ചു വരികയാണെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. 2030 ആകുന്നതോടെ ഇന്ത്യയിലെ 36 ശതമാനം മരണവും ഹൃദയ സംബന്ധമായ രോഗങ്ങള്‍ കൊണ്ടായിരിക്കുമെന്നും രാജ്യാന്തര സാമ്പത്തിക സ്‌ഥാപനമായ ലോക ബാങ്ക്‌ പ്രവചിക്കുന്നു. ഉയര്‍ന്ന രക്‌തസമ്മര്‍ദമുള്ളവരുടെ എണ്ണം 2000ല്‍ 118.2 മില്യണ്‍ ആയിരുന്നെങ്കില്‍ 2025ല്‍ ഇത്‌ 213.5 മില്യണ്‍ ആകുമെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. തെറ്റായ ജീവിതരീതിയും ഭക്ഷണക്രമവും സംസ്‌കാരത്തിലെ മൂല്യച്യുതിയുമാണ്‌ ഈ രീതിയിലേക്ക്‌ ഇന്ത്യയെ നയിച്ചത്‌. അതേസമയം പുരാതന ഇന്ത്യന്‍ ശൈലികളും മറ്റും പാശ്ചാത്യര്‍ അനുകരിച്ച്‌ കൂടുതല്‍ ഉന്നതിയിലേക്കെത്തുമ്പോഴാണ്‌ ഇന്ത്യന്‍ ജനതയുടെ ഈ അവസ്ഥാ വ്യതിയാനം. പരിസ്ഥിതിയുടെ സംരക്ഷണത്തിലും വേണ്ടത്ര ശ്രദ്ധകാണിക്കാത്തതും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണമായി വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബംഗ്ലദേശ്‌, ശ്രീലങ്ക, പാക്കിസ്‌ഥാന്‍, നേപ്പാള്‍, ഇന്ത്യ തുടങ്ങിയ 52 ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ്‌ ലോകബാങ്ക്‌ പുറത്തുവിട്ടത്‌. ആദ്യം ഹൃദയാഘാതം ഉണ്ടാകാനുള്ള കുറഞ്ഞ പ്രായം 59 ആണെങ്കിലും ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇത്‌ 53 ആയതായും പഠനത്തില്‍ കണ്ടെത്തി. പുകവലിക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനാല്‍ സ്‌ഥിരമായ ശ്വാസതടസ്സവും കഫക്കെട്ടുമുണ്ടാക്കുന്ന സിഒപിഡി (ക്രോണിക്‌ ഒബ്‌സ്‌ട്രക്‌ടീവ്‌ പള്‍മനറി ഡിസീസ്‌) രോഗം വ്യാപകമാകാനുള്ള സാധ്യതയും ഏറെയാണ്‌. ദക്ഷിണേന്ത്യയിലേക്കാള്‍ ഉത്തരേന്ത്യയിലാണ്‌ ഈ രോഗസാധ്യത കൂടുതലെന്നും റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍