ആരുഷി വധം: മാതാപിതാക്കള്‍ക്കെതിരെ കൊലക്കുറ്റം

February 9, 2011 ദേശീയം

ഗാസിയാബാദ്‌ : നോയിഡയില്‍ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ഥിനി ആരുഷി തല്‍വാറും വീട്ടുജോലിക്കാരന്‍ ഹേംരാജും കൊല്ലപ്പെട്ട കേസില്‍ ആരുഷിയുടെ മാതാപിതാക്കളെ പ്രതിചേര്‍ക്കാന്‍ കോടതി ഉത്തരവ്‌.. കൊലക്കുറ്റം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഇരുവര്‍ക്കുമെതിരെ കേസെടുത്തു. തെളിവുകളുടെ അഭാവത്തില്‍ കേസ്‌ അവസാനിപ്പിക്കണമെന്ന സിബിഐയുടെ അപേക്ഷ തള്ളിക്കൊണ്ടാണ്‌ രാജേഷ്‌ തല്‍വാറിനെയും നുപൂറിനെയും പ്രതിചേര്‍ക്കാന്‍ ഗാസിയാബാദ്‌ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടത്‌. ഇരുവര്‍ക്കുമെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നു കോടതി പറഞ്ഞു. കേസ്‌ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടു സിബിഐ നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇവര്‍ക്കു നേരെയാണു വിരല്‍ ചൂണ്ടുന്നതെന്നും കോടതി പറഞ്ഞു. കേസില്‍ വിചാരണ ഈമാസം 28നു തുടങ്ങും. അന്നേ ദിവസം കോടതിയില്‍ ഹാജരാകണമെന്ന്‌ തല്‍വാര്‍ ദമ്പതികളോടു കോടതി നിര്‍ദേശിച്ചു. ആരുഷിയും ഹേംരാജും തമ്മിലുള്ള അവിഹിത ബന്ധം നേരില്‍ കണ്ട രാജേഷാണ്‌ ഇരു കൊലപാതകങ്ങളും നടത്തിയെന്നായിരുന്നു കേസ്‌ ആദ്യം അന്വേഷിച്ച നോയിഡ പൊലീസിന്റെ വിലയിരുത്തല്‍. തുടര്‍ന്നാണു രാജേഷ്‌ തല്‍വാറിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. ആരോപണങ്ങള്‍ ശക്‌തമായതോടെ കേസ്‌ അന്വേഷണം സിബിഐക്കു വിടുകയായിരുന്നു.
സംഭവത്തില്‍ ആരുഷിയുടെ മാതാപിതാക്കള്‍ മാത്രമാണ്‌ സംശയത്തിന്റെ നിഴലിലെന്നും എന്നാല്‍ ഇവര്‍ക്കെതിരെ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ സിബിഐ കേസ്‌ അവസാനിപ്പിക്കാന്‍ അനുമതി തേടിയത്‌. നോയിഡ സെക്‌ടര്‍ 25 ല്‍ താമസിക്കുന്ന ദന്ത ഡോക്‌ടര്‍മാരായ രാജേഷ്‌ തല്‍വാര്‍, നൂപുര്‍ എന്നിവരുടെ ഏകമകള്‍ ആരുഷി 2008 മേയ്‌ 15 നു രാത്രിയിലാണ്‌ കൊല്ലപ്പെട്ടത്‌. കേസില്‍ പിതാവ്‌ പ്രധാന പ്രതിയാണെന്നു സംശയിക്കുന്നെന്നും എന്നാല്‍ അതുറപ്പിക്കാനുള്ള മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. ആരുഷി കൊല്ലപ്പെട്ട രാത്രിയില്‍ തന്നെ രാജേഷിന്റെ വീട്ടുജോലിക്കാരന്‍ ഹേംരാജിനെയും കൊലപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ രാജേഷ്‌ തല്‍വാറിനെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. 57 ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിക്കു ശേഷം തെളിവില്ലാത്തതിനാല്‍ വിട്ടയയ്‌ക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം