ഇടമലയാര്‍ കേസില്‍ ബാലകൃഷ്‌ണ പിള്ളയ്‌ക്ക്‌ ഒരു വര്‍ഷം കഠിന തടവ്‌

February 10, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഇടമലയാര്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രി ആര്‍. ബാലകൃഷ്‌ണ പിള്ളയ്‌ക്ക്‌ സുപ്രീംകോടതി ഒരു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. മറ്റു പ്രതികളായ വൈദ്യുതി ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ ആര്‍. രാമഭദ്രന്‍നായര്‍, മുഖ്യ കരാറുകാരന്‍ പി. കെ. സജീവന്‍ എന്നിവര്‍ക്കും സുപ്രിംകോടതി ഇതേ ശിക്ഷ വിധിച്ചു. കേസ്‌ 20 വര്‍ഷംനീണ്ടുപോയ സാഹചര്യത്തിലാണ്‌ പ്രതികളുടെ ശിക്ഷ ഒരു വര്‍ഷമായി കുറച്ചതെന്നും സുപ്രീംകോടതി വ്യക്‌തമാക്കി.
ബാലകൃഷ്‌ണ പിള്ളയുള്‍പ്പെടെയുളളവരെ കുറ്റവിമുക്‌തരാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ വിധി. ഇടമലയാര്‍ പദ്ധതിക്കു കരാറുകള്‍ അനുവദിച്ചതില്‍ പ്രതികള്‍ ഗൂഢാലോചന നടത്തി വൈദ്യുതി ബോര്‍ഡിനും അതുവഴി സംസ്‌ഥാന സര്‍ക്കാരിനും രണ്ടുകോടി രൂപ നഷ്‌ടം വരുത്തി എന്നാണു കേസ്‌. കേസില്‍ ഇവര്‍ കുറ്റക്കാരാണെന്നു തെളിഞ്ഞതായി ജസ്‌റ്റിസ്‌ പി. സദാശിവം, ജസ്‌റ്റിസ്‌ ബി.എസ്‌ ചൗഹാന്‍ എന്നിവരുള്‍പ്പെട്ട ബഞ്ച്‌ വ്യക്‌തമാക്കി. കേസ്‌ കൈകാര്യം ചെയ്യുന്നതില്‍ ഹൈക്കോടതിക്ക്‌ ഗുരുതര പിഴവ്‌ സംഭവിച്ചതായും കോടതി നിരീക്ഷിച്ചു.
കേസില്‍ പ്രത്യേക കോടതി അഞ്ചു വര്‍ഷം തടവിനു മൂന്നുപേരെയും ശിക്ഷിച്ചെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ ഇവരെ വിട്ടയച്ചു. ഇതിനെതിരെ സംസ്‌ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കാതിരുന്നപ്പോഴാണ്‌ അന്നു പ്രതിപക്ഷ നേതാവായിരുന്ന അച്യുതാനന്ദന്‍ സുപ്രീം കോടതിയെ സമീപിച്ചത്‌. സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്ത കേസില്‍ അപ്പീല്‍ നല്‍കാന്‍ വ്യക്‌തി എന്ന നിലയില്‍ വി. എസ്‌. അച്യുതാനന്ദന്‌ അര്‍ഹതയുണ്ടോ എന്നു പ്രതിഭാഗം ചോദ്യം ഉന്നയിച്ചിരുന്നു. വിഎസിന്‌ അപ്പീല്‍ നല്‍കാന്‍ അര്‍ഹതയുണ്ടെന്ന്‌ നിരീക്ഷിച്ച ശേഷമാണ്‌ സുപ്രീം കോടതി ഇന്നു വിധി പ്രഖ്യാപിച്ചത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം