വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ രാഷ്‌ട്രത്തിന്‌

February 11, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്പ്‌മെന്റ്‌ ടെര്‍മിനല്‍ യാഥാര്‍ഥ്യമായി. വല്ലാര്‍പാടം ടെര്‍മിനല്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്‌ രാഷ്‌ട്രത്തിനു സമര്‍പ്പിച്ചു. 2005ല്‍ താന്‍ തറക്കല്ലിട്ട പദ്ധതി ഉദ്‌ഘാടനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. പൊതു സ്വകാര്യ പങ്കാളിത്തത്തിന്റെ വിജയമാണു പദ്ധതി. നിക്ഷേപകര്‍ക്ക്‌ കടന്നു വരാന്‍ ഏറ്റവും പറ്റിയ സ്‌ഥലമാണു കേരളം. വികസന കാര്യത്തില്‍ കേരളം മറ്റു സംസ്‌ഥാനങ്ങള്‍ക്കു മാതൃകയാവണമെന്നു മന്‍മോഹന്‍ സിങ്‌ പറഞ്ഞു.
കൊച്ചി സാമ്പത്തിക സിരാ കേന്ദ്രമായി മാറും. കൊച്ചിയുടെ വികസത്തിന്റെ കേന്ദ്ര ബിന്ദുവാണു വല്ലാര്‍പാടം പദ്ധതി. കയറ്റുമതി ഇറക്കുമതിയില്‍ മുന്നേറാനാകും. വല്ലാര്‍പാടത്തിനൊപ്പം ഉള്‍നാടന്‍ ജലഗതാഗത മാര്‍ഗങ്ങളും വികസിപ്പിക്കണം. രാജ്യത്തിന്റെ വ്യവസായ തലസ്‌ഥാനമായി കേരളത്തെ ഉയര്‍ത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, എ.കെ.ആന്റണി, സംസ്‌ഥാന ഗവര്‍ണര്‍ ആര്‍.എസ്‌.ഗവായി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഉദ്‌ഘാടനത്തില്‍ പങ്കെടുക്കുന്നതിനായി ദുബായ്‌ വേള്‍ഡ്‌ ചെയര്‍മാന്‍ ഷെയ്‌ഖ്‌ ഷേഖ്‌ അഹമ്മദ്‌ ബിന്‍ സയീദ്‌ അല്‍ മക്‌തും ഉള്‍പ്പെടെയുള്ള രാജകുടുംബാംഗങ്ങള്‍ ഇന്നലെ അര്‍ധരാത്രിയോടെ കൊച്ചിയില്‍ എത്തിച്ചേര്‍ന്നിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം