ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി

February 13, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ കാപ്പുകെട്ടി കുടിയിരുത്ത് ചടങ്ങോടെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിനു തുടക്കമായി. ആയിരക്കണക്കിനു ഭക്തജനങ്ങളുടെ  പ്രാര്‍ത്ഥനകള്‍ക്കിടെ ക്ഷേത്രതന്ത്രി ചേന്നാസ് ദിനേശന്‍ നന്പൂതിരിയാണാ കാപ്പുകെട്ടല്‍ ചടങ്ങ് നടത്തിയത്. ആറ്റുകാലമ്മയുടെ ഉടവാളിലും ക്ഷേത്രമേല്‍ശാന്തി ബാലമുരളിയുടെ കരത്തിലും  കാപ്പ് കെട്ടുന്ന ചടങ്ങാണ് കാപ്പുകെട്ടി കുടിയിരുത്തല്‍.

ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥപറയുന്ന തോറ്റംപാട്ടിനും ഇന്നലെ തുടക്കമായി ദേവിയെ പാടിക്കുടിയിരുത്തിയാണ് എം. പ്രഭാകരന്‍നായരുടെ  നേതൃത്വത്തിലുള്ള പാട്ട് സംഘം തുടക്കം കുറിച്ചത്.

19നാണ് പൊങ്കാല. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് 18, 19 തീയതികളില്‍ കൊല്ലം-തിരുവനന്തപുരം പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. 18ന് ഉച്ചയ്ക്ക് 12.15ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ 2.35ന് തിരുവനന്തപുരത്തെത്തും. 19ന് പുലര്‍ച്ചെ നാലുമണിക്ക് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ ആറുമണിക്ക് തിരുവനന്തപുരത്തെത്തും. 18, 19 തീയതികളില്‍ സര്‍വീസ് നടത്തുന്ന പരശുറാം, അമൃത, വഞ്ചിനാട്, അനന്തപുരി എക്‌സ്​പ്രസ്സുകള്‍, മധുര-കൊല്ലം പാസഞ്ചര്‍ എന്നീ വണ്ടികള്‍ക്ക് മിക്ക സ്റ്റേഷനുകളിലും സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം