കെ.മുരളീധരന്റെ തിരിച്ചു വരവ്‌: ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

February 15, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കെ.മുരളീധരനെ കോണ്‍ഗ്രസിലേക്കു തിരിച്ചെടുക്കുന്നു. മുരളീധരന്റെ ആറു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന കെപിസിസിയുടെ ആവശ്യം ഹൈക്കമാന്‍ഡ്‌ അംഗീകരിച്ചു. പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണു തീരുമാനം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന്‌ കൂടിക്കാഴ്‌ചയ്‌ക്കു ശേഷം രമേശ്‌ ചെന്നിത്തല പറഞ്ഞു. സംഘടനാ പരമായ നടപടിക്രമങ്ങള്‍ മാത്രമാണ്‌ ഇനി അവശേഷിക്കുന്നതെന്നു അദ്ദേഹം വ്യക്‌തമാക്കി.
സസ്‌പെന്‍ഷന്‍ കാലാവധി തീരുന്നതിന്‌ ഏകദേശം 25 ദിവസം അവശേഷിക്കെയാണു മുരളീധരനെ തിരിച്ചെടുക്കാന്‍ തീരുമാനമായത്‌. മുരളിയുടെ മടങ്ങിവരവിന്‌ ഹൈക്കമാന്‍ഡ്‌ നേരത്തെ തന്നെ പച്ചക്കൊടി കാട്ടിയിരുന്നു. കെപിസിസി ആവശ്യം ഉന്നയിച്ചാലുടന്‍ മുരളിയെ തിരിച്ചെടുക്കാം എന്നായിരുന്നു നിലപാട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം