നഴ്‌സറി സ്‌കൂള്‍ വാന്‍ പുഴയിലേക്കു മറിഞ്ഞു;5 മരണം

February 17, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ചാക്കയ്‌ക്കു സമീപം കരിക്കകത്ത്‌ നഴ്‌സറി സ്‌കൂള്‍ വാന്‍ പുഴയിലേക്കു മറിഞ്ഞ്‌ അഞ്ചു പേര്‍ മരിച്ചു. നാലു കുട്ടികളും സ്‌കൂളിലെ ആയ വട്ടിയൂര്‍ക്കാവ്‌ സ്വദേശി ബിന്ദുവുമാണു മരിച്ചത്‌. അഞ്ചു കുട്ടികളെ രക്ഷപെടുത്തി ആശുപത്രിയിലേക്കു മാറ്റി. ഇവരില്‍ ഒരുകുട്ടിയുടെ നില ഗുരുതരമാണ്‌. അച്ചു, ഉജ്വല്‍, അര്‍ഷ ബൈജു, ജിനു, അസിമുദ്ദീന്‍ എന്നിവരാണു മരിച്ച കുട്ടികള്‍. മാളവിക, ജാനകി, റിസ്വാന്‍, റഫീഖ്‌ എന്നീ കുട്ടികളാണ്‌ ചികിത്സയിലുള്ളത്‌. ഇവരില്‍ മാളവികയുടെ നില അതീവ ഗുരുതരമായി തുടരുന്നു. മറ്റുകുട്ടികള്‍ അപകടനില തരണംചെയ്‌തിട്ടുണ്ട്‌. പേട്ട ലിറ്റില്‍ ഹാര്‍ട്‌സ്‌ സ്‌കൂളിന്റെ വാനാണ്‌ അപകടത്തില്‍ പെട്ടത്‌. കരിക്കകം ക്ഷേത്രത്തിനു സമീപം പാര്‍വതി പുത്തനാറിലേക്കാണു വാന്‍ മറിഞ്ഞത്‌. അമിത വേഗത്തിലായിരുന്ന വാഹനം കല്ലിലിടിച്ചു മറിയുകയായിരുന്നെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. ജലവിഭവ വകുപ്പ്‌ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍, മരാമത്ത്‌ മന്ത്രി വി.സുരേന്ദ്രന്‍പിള്ള, ദേവസ്വംമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ആരോഗ്യമന്ത്രി പി.കെ.ശ്രീമതി, പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി തുടങ്ങി പ്രമുഖര്‍ സംഭവ സ്‌ഥലത്തെത്തി. രാവിലെ ഒന്‍പതു മണിയോടെയാണ്‌ അപകടം ഉണ്ടായത്‌.
സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. ഉച്ചയ്‌ക്ക്‌ ശേഷം പോസ്റ്റുമോര്‍ട്ടവും അനന്തരനടപടികളും നടത്താനാണ്‌ നീക്കം.ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ എത്തിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകൂ എന്നാണ്‌ വിവരം. അപകടത്തില്‍പെട്ട വാനിന്റെ ഡ്രൈവര്‍ സുമേഷ്‌(19) മെഡിക്കല്‍ കോളേജ്‌ ആശുപത്രി.യില്‍ ചികിത്സയിലാണ്‌. എല്ലാവരേയും കണ്ടെത്തിയെന്ന വിശ്വാസത്തെ തുടര്‍ന്ന്‌ തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം