വിദ്യാര്‍ത്ഥികളുടെ കാലില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളര്‍നീക്കം ചെയ്‌തു

February 17, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: ട്രൈവാലി സര്‍വാകലശാലയിലെ മൂന്ന്‌ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാലില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളര്‍ കൂടി നീക്കം ചെയ്‌തു. സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സുസ്‌മിത തോമസ്‌ യു.എസ്‌ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ്‌ റേഡിയോ കോളര്‍ നീക്കം ചെയ്യാനുള്ള തീരുമാനം ഉണ്ടായത്‌. വിദ്യാര്‍ത്ഥികളുടെ പാസ്‌പോര്‍ട്ടും അധികൃതര്‍ തിരികെ നല്‍കിയിട്ടുണ്ട്‌. കഴിഞ്ഞയാഴ്ച രണ്ടു വിദ്യാര്‍ത്ഥികളുടെ കാലില്‍ നിന്ന്‌ റേഡിയോ കോളര്‍ നീക്കം ചെയ്‌തിരുന്നു. അനധികൃത കുടിയേറ്റ പ്രശ്‌നത്തില്‍ അടച്ചുപൂട്ടിയ ട്രൈവാലി സര്‍വകലാശാലയിലെ 18 ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കാലില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ച ഏപ്രില്‍ 6ന്‌ ദല്‍ഹിയില്‍ നടക്കുമെന്ന്‌ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു അറിയിച്ചു. സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റനുമായിട്ടാവും ചര്‍ച്ച നടക്കുക. ത്രിദിന സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ നിരുപമ റാവു സന്ദര്‍ശനത്തിന്റെ അവസാന ദിവസമാണ്‌ ഇക്കാര്യം അറിയിച്ചത്‌.ഹിലരി ക്ലിന്റനുമായി നടത്തിയ ചര്‍ച്ച ഏറെ പ്രയോജനം ചെയ്തുവെന്ന്‌ നിരുപമ റാവു അറിയിച്ചു. ആഗോളസാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഈ സന്ദര്‍ശനം ഇന്ത്യയ്ക്ക്‌ മുന്നില്‍ നിരവധി സാധ്യതകള്‍ തുറന്നുകാട്ടുന്നതാണെന്നും നിരുപമ റാവു മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക്‌ സ്ഥിരാംഗത്വം വേണമെന്ന ആവശ്യത്തെ ഒബാമ പിന്തുണച്ചത്‌ തക്ക സമയത്താണ്‌. ഇക്കാര്യത്തില്‍ ഒബാമ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും നിരുപമ റാവു കൂട്ടിച്ചേര്‍ത്തു. യുഎന്നിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ദ്ദീപ്‌ പുരി ഇന്ത്യക്ക്‌ യു എന്‍ സുരക്ഷാകൗണ്‍സിലില്‍ അംഗത്വം വേണമെന്ന ആവശ്യത്തില്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റുമായി ചര്‍ച്ച നടത്തി വരുന്നു. ഇന്ത്യക്ക്‌ പുറമേ ജപ്പാനും അമേരിക്ക പിന്തുണപ്രഖ്യാപിച്ചിട്ടുണ്ടെന്ന്‌ നിരുപമ റാവു കൂട്ടിച്ചേര്‍ത്തു. ബ്രസീല്‍, ജര്‍മനി, ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക്‌ ഈ വര്‍ഷത്തില്‍ത്തന്നെ സ്ഥിരാംഗത്വം ലഭിക്കുമെന്നാണ്‌ കണക്ക്‌ കൂട്ടല്‍. സുഡാന്‍, ഐവറികോസ്റ്റ്‌ എന്നീ രാജ്യങ്ങളുടെ വിഷയങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിരുന്നതായി നിരുപമാറാവു അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍