ആറ്റുകാല്‍ ഭക്‌തിയുടെ നിറവില്‍

February 17, 2011 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

തിരുവനന്തപുരം: ഭക്‌തിയുടെ നിറവില്‍ പൊങ്കാലക്ക്‌ അഗ്നിപകരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ആറ്റുകാലമ്മയുടെ അനുഗ്രഹപുണ്യം തേടി പൊങ്കാലയര്‍പ്പിക്കാന്‍ ഭക്‌തര്‍ ക്ഷേത്രപരിസരത്തു നിറഞ്ഞു തുടങ്ങി. പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന പതിവു പൂജകള്‍ ദര്‍ശിക്കാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പതിനായിരക്കണക്കിനു ഭക്‌തരാണ്‌ ആറ്റുകാലിലേക്ക്‌ ഒഴുകിയെത്തുന്നത്‌. തിരക്കു പലപ്പോഴും നിയന്ത്രണാതീതമായി. പൊങ്കാല സമര്‍പ്പണത്തിന്‌ ഇനി ശേഷിക്കുന്നതു മണിക്കൂറുകള്‍ മാത്രം.
ഏഴാം ഉല്‍സവ ദിവസമായ ഇന്നലെ ഇതുവരെയില്ലാത്ത തിരക്കാണു ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്‌. പുലര്‍ച്ചെ മുതല്‍ എത്തിക്കൊണ്ടിരുന്ന ഭക്‌തരെ ഉള്‍ക്കൊള്ളാനാകാതെ ക്ഷേത്രവും പരിസരവും വീര്‍പ്പുമുട്ടി. പതിയെ തിരക്ക്‌ ക്ഷേത്രത്തിനു പുറത്തേക്കു വ്യാപിച്ചു. 11 മണിയോടെ കിഴക്കേക്കോട്ട ജംക്‌ഷന്‍ നിശ്‌ചലമായി. കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകാനാകാതെ വിഷമിക്കുന്ന കാഴ്‌ചയാണു പിന്നീടു കണ്ടത്‌. വൈകുന്നേരം വരെ ഈ സ്‌ഥിതി തുടര്‍ന്നു.പൊങ്കാലയര്‍പ്പിക്കുന്നതിനു ദൂരദിക്കുകളില്‍ നിന്നുള്ള ഭക്‌തര്‍ ബന്ധുവീടുകളില്‍ എത്തിത്തുടങ്ങി. പലരും ക്ഷേത്രാങ്കണത്തില്‍ പൊങ്കായര്‍പ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ്‌.
പൊങ്കാലയര്‍പ്പിക്കുന്നതിനുള്ള മണ്‍കലങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വ്യാപാരവും പൊടിപൊടിക്കുകയാണ്‌. അട്ടക്കുളങ്ങരയില്‍ തുടങ്ങി കിഴക്കേക്കോട്ടയില്‍ നിന്ന്‌ ഓവര്‍ബ്രിജ്‌ വരെയും തമ്പാനൂര്‍ ഭാഗത്തേക്കും വ്യാപാരം കടന്നിട്ടുണ്ട്‌. പൊങ്കാലയര്‍പ്പിക്കാനെത്തുന്നവര്‍ക്കു കുടിവെള്ളവും ദാഹജലവും ഉള്‍പ്പെടെ ഉച്ചഭക്ഷണം വരെയുള്ളവ തയാറാക്കുന്ന തിരക്കിലാണു പല ക്ലബ്ലുകളും. മറ്റു ദിവസങ്ങളില്‍ നിന്നു വ്യത്യസ്‌തമായി ഇന്നു രാവിലെ ഏഴിനു മാത്രമേ നട തുറക്കുകയുള്ളൂ.
ചിലമ്പ്‌ മോഷ്‌ടിച്ചെന്ന കുറ്റം ചുമത്തി പാണ്ഡ്യരാജാവ്‌ കോവലനെ വധിക്കുന്നതിന്റെ ദുഃഖസൂചകമായാണ്‌ ഇന്നു രാവിലെ ഏഴിനു നട തുറക്കുന്നത്‌. ഇന്ന്‌ ഏഴിനു നട തുറക്കല്‍, ഏഴരയ്‌ക്കു നിര്‍മാല്യദര്‍ശനം, 7.45ന്‌ അഭിഷേകം, 8.15നു ദീപാരാധന, 8.30ന്‌ ഉഷഃപൂജ, 8.45ന്‌ ഉഷഃശ്രീബലി, ഒന്‍പതിനു കളഭാഭിഷേകം, 10.30നു പന്തീരടിപൂജ, ഉച്ചയ്‌ക്കു 12ന്‌ ഉച്ചപൂജ, 12.30നു ദീപാരാധന, 12.45ന്‌ ഉച്ചശ്രീബലി, ഉച്ചയ്‌ക്ക്‌ ഒന്നിനു നട അടയ്‌ക്കുന്നു. വൈകിട്ട്‌ അഞ്ചിനു നടതുറക്കല്‍, 6.45നു ദീപാരാധന, 7.15നു ഭഗവതിസേവ, രാത്രി ഒന്‍പതിന്‌ അത്താഴപൂജ, 9.15 നു ദീപാരാധന, 9.30ന്‌ അത്താഴശ്രീബലി, രാത്രി 12നു ദീപാരാധന, ഒന്നിനു പള്ളിയുറക്കം.
പതിവു പൂജകള്‍ക്കു പുറമെ ഉച്ചയ്‌ക്കു 11ന്‌ ആയില്യപൂജയും നാഗര്‍ക്കു നൂറും പാലും പൂജയും നടത്തും.കോവലന്റെ മരണവാര്‍ത്ത അറിഞ്ഞ ദേവി കൈലാസത്തില്‍ പോയി പരമശിവനില്‍ നിന്നു വരം വാങ്ങുന്ന ഭാഗമാണു തോറ്റംപാട്ടിലൂടെ ഇന്ന്‌ അവതരിപ്പിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം