ദേവാസ്‌ -ആന്‍ട്രിക്സ്‌ കരാര്‍ റദ്ദാക്കി

February 18, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: ഐഎസ്‌ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ്‌ കോര്‍പ്പറേഷനും സ്വകാര്യ സ്ഥാപനമായ ദേവാസ്‌ മള്‍ട്ടിമീഡിയയും ഒപ്പിട്ട എസ്‌ ബാന്‍ഡ്‌ കരാര്‍ റദ്ദാക്കി. സര്‍ക്കാരിന്‌ കോടികളുടെ നഷ്ടത്തിന്‌ വഴിതെളിച്ച കരാര്‍ വന്‍വിവാദമായതിനെ തുടര്‍ന്ന്‌ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാകാര്യമന്ത്രിസഭാ സമിതിയാണ്‌ ഈ തീരുമാനമെടുത്തത്‌.

ആന്‍ട്രിക്സും ദേവാസും 1000 കോടിരൂപക്ക്‌ ഒപ്പിട്ട കരാര്‍ അനുസരിച്ച്‌ ഖജനാവിന്‌ രണ്ട്‌ ലക്ഷംകോടിരൂപയുടെ നഷ്ടം ഉണ്ടായതായി കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ പ്രശ്നം വന്‍ വിവാദമായത്‌. സ്പേസ്‌ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്‌ വിവാദ കരാര്‍ റദ്ദാക്കാന്‍ മന്ത്രിസഭാ സമിതി തീരുമാനിച്ചത്‌.

വിവാദ കരാറിന്‌ പിന്നിലെ അഴിമതിയും റവന്യൂ നഷ്ടം സംബന്ധിച്ച കണക്കുകളും പുറത്തുവന്നതോടെ ഇടപാട്‌ പുനഃപരിശോധിക്കുകയാണെന്നും കരാര്‍ റദ്ദാക്കാനുള്ള നടപടി ആരംഭിച്ചതായും കേന്ദ്രസര്‍ക്കാരും ഐഎസ്‌ആര്‍ഒയും വ്യക്തമാക്കിയിരുന്നു. കരാര്‍ റദ്ദാക്കാന്‍ സ്പേസ്‌ കമ്മീഷ ന്‍ തീരുമാനിച്ചതിന്‌ പിന്നാലെ ദേവാസുമായി പ്രധാനമന്ത്രിയുടെ ഓഫീസ്‌ പിന്‍വാതില്‍ ചര്‍ച്ച നടത്തിയതായി വാര്‍ത്ത വന്നിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും കരാര്‍ പ്രാവര്‍ത്തികമായിട്ടില്ലെന്നുമായിരുന്നു ഇതിന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ നല്‍കിയ വിശദീകരണം. കരാര്‍ റദ്ദാക്കാന്‍ എന്തെങ്കിലും കാലതാമസമുണ്ടായിട്ടുണ്ടെങ്കില്‍ അത്‌ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍, കരാര്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയവും അനുചിതവുമാണെന്ന്‌ ദേവാസ്‌ ആരോപിച്ചു. കൃത്യമായ അന്വേഷണവും സ്വാഭാവിക നീതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ്‌ സര്‍ക്കാര്‍ ഇത്തരത്തിലുള്ള തീരുമാനമെടുത്തതെന്നും ദേവാസ്‌ ആരോപിച്ചു.രാജ്യത്തിന്റെ നയതന്ത്ര താത്പര്യങ്ങള്‍ക്കു നിരക്കുന്നതല്ലാത്തതിനാലാണ് കരാര്‍ റദ്ദാക്കിയതെന്ന് കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്‌ലി അറിയിച്ചു. കരാര്‍ റദ്ദാക്കണമെന്ന് ബഹിരാകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.രണ്ടാം തലമുറ സ്‌പെക്ട്രം (2ജി) വിലകൂട്ടാതെ വിതരണം ചെയ്തതു വഴി ഖജനാവിന് വന്‍ നഷ്ടം വരികയും അത് ടെലികോം മന്ത്രി എ.രാജയെ പുറത്താക്കുന്നതിലേക്കു നയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് എസ്-ബാന്‍ഡ് കരാര്‍ വിവാദമായത്. ഐ.എസ്.ആര്‍.ഒ.യുടെ ജിസാറ്റ് 6, ജിസാറ്റ് 6എ എന്നീ ഉപഗ്രഹങ്ങളുടെ ട്രാന്‍സ്‌പോണ്ടര്‍ കപ്പാസിറ്റിയുടെ 90 ശതമാനവും 1350 കോടി രൂപയ്ക്ക് 12 വര്‍ഷത്തേക്ക് ‘ദേവാസ് മള്‍ട്ടി മീഡിയ’യ്ക്ക് ലഭ്യമാക്കുന്നതായിരുന്നു കരാര്‍. കരാറിനെ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിമര്‍ശിച്ചിരുന്നു.

അതേസമയം, കരാര്‍ ഏകപക്ഷീയമായി റദ്ദാക്കിയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ദേവാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കരാറിന്റെ എല്ലാ വശങ്ങളും സമഗ്രമായി പരിശോധിച്ചിട്ടുണ്ടെന്നും നിയമനടപടികള്‍ക്കു മുതിര്‍ന്നാല്‍ ദേവാസിന് ജയിക്കാനാവില്ലെന്നുമാണ് മൊയ്‌ലി പറഞ്ഞത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം