ശശീന്ദ്രന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ടു

February 18, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: പാലക്കാട്ടെ മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണം സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
മരണത്തിനു മുമ്പായി ശശീന്ദ്രന്റെ ദേഹത്ത് കാണപ്പെട്ട ചതവുകള്‍, ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നിലവിലുള്ള വിജിലന്‍സ് കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്‍ എഴുതിയതായി പറയുന്ന കത്ത് എന്നിവയെപ്പറ്റി സംശയമുന്നയിക്കപ്പെട്ടിട്ടുണ്ട്. അന്വേഷണം കൂടുതല്‍ വൈദഗ്ദ്ധ്യമുള്ള പ്രത്യേക ഏജന്‍സിതന്നെ അന്വേഷിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്റെ ഭാര്യ ടീന, അച്ഛന്‍ വേലായുധന്‍ മാസ്റ്റര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് തോമസ് പി. ജോസഫിന്റെ ഉത്തരവ്.
ഒട്ടേറെ അപൂര്‍വതകളുള്ള ഈ കേസില്‍ സത്യം പുറത്തുകൊണ്ടുവരാനും ഹര്‍ജിക്കാരിയുടെ മൗലികാവകാശം ഉറപ്പാക്കാനും സിബിഐ അന്വേഷണം വേണമെന്ന് കോടതി വ്യക്തമാക്കി. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനെയാണ് അന്വേഷണച്ചുമതല ഏല്പിച്ചിട്ടുള്ളത്. വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ പ്രായോഗിക വിഷമമുണ്ടെന്ന്‌സിബിഐ കോടതിയില്‍ ബോധിപ്പിച്ചുവെങ്കിലും അത് കോടതി അംഗീകരിച്ചില്ല. സിബിഐക്ക് സ്വന്തം പ്രശ്‌നങ്ങളുണ്ടാവും. എന്നാല്‍ ഗൗരവമേറിയ ഒരു കേസിന്റെ അന്വേഷണം ഏറ്റെടുക്കാതിരിക്കാന്‍ അത് കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണത്തിനാവശ്യമായ സൗകര്യങ്ങള്‍ സിബിഐ ഏര്‍പ്പെടുത്തണം. കഴിവ് തെളിയിച്ച ഉദ്യോഗസ്ഥരെ നിയോഗിച്ച് കേസിലെ ദുരൂഹത നീക്കി സത്യം പുറത്തുകൊണ്ടുവരണം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ എല്ലാ സൗകര്യവും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കേസന്വേഷണം സിബിഐക്ക് വിടരുതെന്ന പാലക്കാട്ടെ മനുഷ്യാവകാശ സംഘടനാധ്യക്ഷന്റെ ആവശ്യം സംശയാസ്​പദമെന്ന് കോടതി വിലയിരുത്തി. ശശീന്ദ്രന്റെ ദേഹത്ത് കണ്ട ചതവുകള്‍, കരാറുകാരില്‍ നിന്നും കൂട്ടാളികളില്‍ നിന്നും ഉണ്ടായതായി പറയുന്ന ഭീഷണി, അഴിമതി ആരോപണങ്ങളെല്ലാം പിന്‍വലിച്ച് ശശീന്ദ്രന്‍ എഴുതിയതായി പറയുന്ന കത്ത്, മുറിയില്‍ കണ്ട നാലാമത്തെ കുരുക്ക് എന്നിവയെപ്പറ്റിയൊക്കെ സിബിഐ വിശദമായി അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വിജിലന്‍സ് കേസിന്റെ നടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്ന് കരാറുകാരനില്‍ നിന്നും കൂട്ടാളികളില്‍ നിന്നും നിരന്തരം ഭീഷണിയുണ്ടായിരുന്നുവെന്ന ഹര്‍ജിക്കാരിയുടെ പരാതി സിബിഐ അന്വേഷിക്കണം. ശശീന്ദ്രനെയും രണ്ട് കുട്ടികളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ട മുറിയില്‍ നാലാമതൊരു കുരുക്ക് കൂടി കണ്ടെത്തിയിരുന്നു. ഇത് എപ്പോള്‍, എങ്ങനെ വന്നു എന്നും ആര്‍ക്കുവേണ്ടിയായിരുന്നു എന്നും സിബിഐ പരിശോധിക്കണം.
ശശീന്ദ്രന്റെ ശരീരത്തില്‍ മരണത്തിന് മുമ്പായി ഒമ്പത് ചതവ് പറ്റിയിട്ടുണ്ട് എന്നാണ് പോലീസ് സര്‍ജന്റെ റിപ്പോര്‍ട്ട്. ഇതിലൊന്ന് 72 മണിക്കൂര്‍ മുമ്പ് പറ്റിയതാണ്. കക്ഷത്തിലുള്ള ചതവ് ബലപ്രയോഗം തടയാന്‍ ശ്രമിച്ചതിന്റെ ഭാഗമാവാമെന്ന് സൂചനയുണ്ട്. ഇരു കൈകളിലും ഒരേപോലെ കൈപ്പത്തിക്കു താഴെയുള്ള ചതവ് എങ്ങനെയുണ്ടായെന്ന് വ്യക്തമല്ല. ചിലത് ആത്മഹത്യയുടെ ഭാഗമായുണ്ടാകാവുന്നതല്ല എന്നത് പോലീസിനെ കുഴക്കുന്നുണ്ട്. ഇതേപ്പറ്റി വിദഗ്ദ്ധമായ അന്വേഷണം വേണമെന്നത് അതി പ്രധാനമാണെന്ന് കോടതി വിലയിരുത്തി.

കേസന്വേഷണം സിബിഐക്ക് വിടരുതെന്ന പാലക്കാട്ടുള്ള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് വര്‍ഗീസിന്റെ വാദം കോടതി തള്ളി. ശശീന്ദ്രന്റെ ഭാര്യയും അച്ഛനുമാണ് അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടിട്ടുള്ളത്. അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാരും തയ്യാറാണ്. ഇതിന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ നിന്ന് മരണം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന നിഗമനത്തിലെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതിനാല്‍ അന്വേഷണം സിബിഐക്ക് വിടരുതെന്ന സംഘടനയുടെ ആവശ്യം സംശയാസ്​പദമാണെന്ന് കോടതി നിരീക്ഷിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം