കലൈഞ്ജര്‍ ടി.വിയുടെ ഓഫീസില്‍ സി.ബി.ഐ റെയ്‌ഡ്‌ നടത്തി

February 18, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ചെന്നൈ: ടൂ ജി സ്‌പെക്‌ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട്‌ ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയുടെ ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടി.വിയുടെ ഓഫീസില്‍ സി.ബി.ഐ റെയ്‌ഡ്‌ നടത്തി. അര്‍ദ്ധരാതിര്‍ 12 മണിയോടെ ആരംഭിച്ച റെയ്‌ഡ്‌ പുലര്‍ച്ചെ അഞ്ചു മണിവരെ നീണ്ടു.
കലൈഞ്ഞജര്‍ ടി.വിയുടെ മാനേജിംഗ്‌ ഡയറക്ടര്‍ ശരത്‌ കുമാറിന്റെ വസതിയിലും സി.ബി.ഐ സംഘം റെയ്‌ഡ്‌ നടത്തി. സ്‌പെക്‌ട്രം അഴിമതിക്കേസില്‍ അറസ്റ്റിലായ സ്വാന്‍ ടെലികോം പ്രൊമോട്ടര്‍ ഷാഹിദ്‌ ബല്‍വയുമായി കലൈഞ്ജര്‍ ടി.വിയ്ക്ക്‌ ബന്ധമുണ്ടെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ തങ്ങള്‍ക്ക്‌ സ്വാനുമായി യാതൊരു ബന്ധവുമില്ലെന്നും ചാനലിന്റെ രേഖകള്‍ സി.ബി.ഐയ്ക്ക്‌ മുമ്പാകെ ഹാജരാക്കാന്‍ തയ്യാറാണെന്നും ശരത്‌ കുമാര്‍ പറഞ്ഞു.
അതേസമയം സ്‌പെക്‌ട്രം കേസുമായി ബന്ധപ്പെട്ട്‌ കരുണാനിധിയുടെ മകള്‍ കനിമൊഴിയെയും, ശരത്‌ കുമാറിനെയും ചോദ്യം ചെയ്‌തേക്കുമെന്ന്‌ അറിയുന്നു. ഇരുവര്‍ക്കും കലൈഞ്ജര്‍ ടി.വിയില്‍ 20 ശതമാനം ഓഹരികളാണുള്ളത്‌. മുംബയില്‍ നിന്ന്‌ 200 കോടി രൂപ ടെലിവിഷന്‍ സമാഹരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം