കോടതിക്കെതിരെ ആക്ഷേപം ഉന്നയിച്ചിട്ടില്ല -കെ. സുധാകരന്‍

February 18, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കണ്ണൂര്‍: കൊട്ടാരക്കരയില്‍ നടന്ന പ്രസംഗത്തില്‍ കോടതിക്കെതിരെയോ കോടതി വിധിക്കെതിരെയോ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും കെ. സുധാകരന്‍ എം.പി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  മാധ്യമങ്ങള്‍ വഴിതിരിച്ചുവിട്ട പ്രസംഗത്തിന്റെ യാഥാര്‍ഥ്യം എന്തെന്ന് ബോധ്യപ്പെടുത്തുന്നതിനാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാലകൃഷ്ണപ്പിള്ളയെ ശിക്ഷിച്ച ജഡ്ജിക്കെതിരെയോ വിധിക്കെതിരെയോ കോടതിക്കെതിരെയോ ഒരു വാക്കുപോലും ആ വേദിയില്‍ പരാമര്‍ശിച്ചിട്ടില്ല. രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങള്‍ മാത്രമാണ് അവിടെ ഉന്നയിച്ചത്. കൊട്ടാരക്കര പ്രസംഗത്തിന്റെ ഉത്തരവാദിത്തം എനിക്കു മാത്രമുള്ളതാണ്. ഒരു ചെറിയ പരാമര്‍ശം ഉണ്ടാക്കിയ വിവാദംമൂലം പാര്‍ട്ടിക്കുണ്ടായ പ്രശ്‌നത്തില്‍ ഖേദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യറിയും ജുഡീഷ്യല്‍ ഓഫിസര്‍മാരും രണ്ടും രണ്ടാണ്. ഞാന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചത് ജുഡീഷ്യല്‍ ഓഫിസറെയാണ്. അതുകൊണ്ടുതന്നെ കോടതിയലക്ഷ്യമാകുന്നില്ല. ഓരോ ന്യായാധിപനും ഞാനാണ് ജുഡീഷ്യറിയെന്ന് പറയുന്നത് ശരിയല്ല.
പേരെടുത്തു പറഞ്ഞില്ലെന്നേയുള്ളൂ. അത് ശ്രദ്ധിക്കാതെ ജുഡീഷ്യറിക്കെതിരെ പറഞ്ഞുവെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതാണ് പ്രശ്‌നം.
പല കേസുകളിലും കോടതി കൈക്കൊള്ളുന്ന നിലപാടുകള്‍ സംശയത്തിനിട നല്‍കുന്നതാണ്. എടക്കാട് അസംബ്ലി കേസ്, നോട്ടുകെട്ടിന്റെ ബലത്തില്‍ വിധിപറയുന്നുവെന്ന പാലോളിയുടെ പ്രസ്താവന, ജയരാജന്റെ ശുംഭന്‍ പ്രയോഗം, ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകം തുടങ്ങിയവയിലെല്ലാമുള്ള വേറിട്ടസ്വരം സാധാരണക്കാരില്‍ സംശയമുണ്ടാക്കുന്നതാണ്. ഇല്ലിക്കല്‍ ജോസ് എന്നയാളെ കൊണ്ടുവന്ന് കേസെടുക്കാനാണ് കോടിയേരി ശ്രമിക്കുന്നത്.
ഒരു ക്രിമിനലിനെ കൊണ്ടുവന്ന് പിണറായി വിജയനെപ്പോലുള്ളവര്‍ തരംതാണ പ്രവൃത്തിയാണ് നടത്തുന്നത്.  കേസ് ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്. സ്വന്തം മകന്റെ 13 കേസുകള്‍ എഴുതിത്തള്ളിയ  ആഭ്യന്തരമന്ത്രി ലോകത്തുണ്ടാവില്ല. കുടുംബത്തിന്റെ ആഭ്യന്തരമന്ത്രിയായി മാറരുത്. കോടിയേരി എന്റെ കേസല്ല അന്വേഷിക്കേണ്ടത്. വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ സ്വന്തം ഭാര്യ ജോലി സമ്പാദിച്ച സംഭവമുണ്ട്.
അന്ന് പിടിക്കപ്പെടുകയും ജോലി പോവുകയും ചെയ്‌തെങ്കിലും കേസെടുത്തില്ല. നട്ടെല്ലുണ്ടെങ്കില്‍ കോടിയേരി അന്വേഷിക്കേണ്ടത് അതാണെന്നും സ്വന്തക്കാര്‍ക്കെതിരെ കേസെടുത്ത് മാതൃക കാട്ടാന്‍ തയാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം