തൃണമൂല്‍-ബിജെപി സഖ്യ വിജയം കോണ്‍ഗ്രസ്സിന്‌ മുന്നറിയിപ്പ്‌

February 19, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ഇംഫാല്‍: ബിജെപിയുമായി രാഷ്ട്രീയ അയിത്തമില്ലെന്ന്‌ പ്രഖ്യാപിച്ച്‌ വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസ്‌. പശ്ചിമബംഗാളില്‍ തങ്ങളുടെ ശക്തിക്ക്‌ അടിത്തറ പാകിയ രാഷ്ട്രീയസഖ്യത്തിലേക്ക്‌ മടങ്ങാനുള്ള സൂചനയായാണ്‌ മണിപ്പൂരിലെ കോന്തുജാംസരടില്‍ ബിജെപിയുമായി ചേര്‍ന്ന്‌ തൃണമൂല്‍ നേടിയ തെരഞ്ഞെടുപ്പ്‌ വിജയം വിലയിരുത്തപ്പെടുന്നത്‌. ആസന്നമായ പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ സഖ്യസാധ്യതകള്‍ തള്ളി എല്ലാ സീറ്റിലും മത്സരിക്കുമെന്ന്‌ ബിജെപി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മമതയുടെ പുതിയ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണ്‌ കാണുന്നത്‌.
കോന്തുജാം സരടില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി എസ്‌. രഞ്ജനെ 651 വോട്ടിന്‌ തോല്‍പ്പിച്ചാണ്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ മണിപ്പൂര്‍ നിയമസഭയില്‍ ആദ്യമായി ഇടം നേടിയത്‌. അരുണാചലില്‍ കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസിനോട്‌ നേരിട്ടേറ്റുമുട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ്‌ അഞ്ച്‌ സീറ്റില്‍ വിജയിച്ചിരുന്നു. ‘മാതാവ്‌, മണ്ണ്‌, മനുഷ്യന്‍’ എന്ന പാര്‍ട്ടി മുദ്രാവാക്യത്തിന്റെ വിജയമായാണ്‌ മണിപ്പൂര്‍ സഖ്യത്തിന്റെ നേട്ടത്തെ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജി വിശേഷിപ്പിച്ചത്‌. ബിജെപി സഖ്യത്തെ തള്ളിപ്പറയാന്‍ മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കിടയിലും അവര്‍ തയ്യാറാകാതിരുന്നതും ശ്രദ്ധേയമായി. വടക്കു കിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിനും ഇടതു സര്‍വാധിപത്യത്തിനുമെതിരായ ഐക്യനിരക്കാണ്‌ തൃണമൂല്‍ ഉന്നംവെക്കുന്നതെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്‌.
അതേസമയം മണിപ്പൂര്‍ സഖ്യം യുപിഎയെ ബാധിക്കില്ലെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ ജനാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞു. യുപിഎ സഖ്യകക്ഷികള്‍ പ്രാദേശികതലത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടുന്നതില്‍ പുതുമയില്ലെന്നാണ്‌ അദ്ദേഹത്തിന്റെ വാദം. ഗോവയില്‍ കോണ്‍ഗ്രസിനെതിരെ ബിജെപിയുമായി മറ്റൊരു സഖ്യകക്ഷിയായ എന്‍സിപി സഖ്യത്തിലാണെന്ന്‌ ജനാര്‍ദ്ദന്‍ ദ്വിവേദി ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം