കസബിന്റെ വധശിക്ഷ ശരിവച്ചു

February 21, 2011 മറ്റുവാര്‍ത്തകള്‍

മുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ പാക്ക്‌ ഭീകരന്‍ അജ്‌മല്‍ കസബിനു പ്രത്യേക കോടതി നല്‍കിയ വധശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചു. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ലഷ്‌കറെ തയിബയ്‌ക്കു ഭൂപടങ്ങള്‍ വരച്ചു നല്‍കിയെന്നു സംശയിക്കുന്ന ഫാഹിം അന്‍സാരി, സബാബുദ്ദിന്‍ അഹമ്മദ്‌ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ച നടപടിയും ഹൈക്കോടതി ശരിവച്ചു.
പ്രത്യേക കോടതിയുടെ നിരീക്ഷണങ്ങള്‍ മുഴുവന്‍ ശരിവച്ചു കൊണ്ടാണു ജഡ്‌ജിമാരായ രഞ്‌ജനാ ദേശായി, ആര്‍.വി മോറെ എന്നിവര്‍ വിധി പ്രഖ്യാപിച്ചത്‌. ഇന്ത്യയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ പാക്കിസ്‌ഥാന്‍ സുരക്ഷാവിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ യുദ്ധമാണു നവംബര്‍ 26 ഭീകരാക്രമണം എന്ന പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി അംഗീകരിച്ചു.
കസബ്‌ 60ല്‍ അധികം പേരെ വധിച്ചതായി കോടതി പറഞ്ഞു. കൊലപാതകം ഗൂഢാലോചന, ഭീകരപ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങളാണു കസബിനെതിരെ ചുമത്തിയിട്ടുള്ളത്‌. ആളുകളെ കൊല്ലുന്നതില്‍ അജ്‌മല്‍ കസബ്‌ ആനന്ദം കണ്ടെത്തിയതായി കോടതി നിരീക്ഷിച്ചു. മൃഗീയ വാസനയുള്ള കസബ്‌ ജീവിച്ചിരിക്കുന്നതു മാനവരാശിക്കു ദോഷകരമാണെന്ന പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി പൂര്‍ണമായി ശരിവച്ചു .ഹൈക്കോടതി വിധിക്കെതിരെ കസബിനു സുപ്രീംകോടതിയെ സമീപിക്കാം.
കനത്ത സുരക്ഷയാണ്‌ ഇന്നു ഹൈക്കോടതി പരിസരത്ത്‌ ഏര്‍പ്പെടുത്തിയിരുന്നത്‌. ആയുധധാരികളായ 200 ഓളം പൊലീസുകാരെ വിന്യസിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മേയ്‌ ആറിനാണു കസബിനു പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്‌. കസബിനെ നേരിട്ടു ഹാജരാക്കാതെ ആര്‍തര്‍ റോഡ്‌ ജയിലില്‍നിന്നു വിഡിയോ കോണ്‍ഫറന്‍സ്‌ വഴിയാണു കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍