വീണ്ടും ഇന്ധന വില ഉയരാന്‍ സാധ്യത

February 23, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരത്തില്‍ തുടരുന്നത് ഇന്ത്യയിലും ഇന്ധന വില ഉയര്‍ത്തിയേക്കും. ഇന്ധന ഉപഭോഗത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്നതിനാല്‍ രാജ്യാന്തര വിപണിയിലെ വില വര്‍ധന പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.
എണ്ണ വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി സര്‍ക്കാര്‍ ഉടന്‍ തന്നെ യോഗം ചേരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ലിബിയയില്‍ കാലാപം തുടരുന്നതിനെ തുടര്‍ന്ന് ക്രൂഡ് ഓയിലിന്റെ ലഭ്യതയില്‍ കാര്യമായ ഇടിവുണ്ടാകുമെന്നാണ് നിലവിലെ ആശങ്ക. ഐ.സി.ഇ ഫ്യൂച്ചര്‍ എക്‌സ്‌ചേഞ്ചില്‍ ബ്രന്റ് ക്രൂഡ് ഒയില്‍ ബാരലിന് 106.95 ഡോളര്‍ വരെ ചൊവ്വാഴ്ച്ച ഉയര്‍ന്നു. രാജ്യാന്തര എണ്ണ കമ്പനികള്‍ ലിബിയയില്‍ നിന്ന് തൊഴിലാളികളെ പിന്‍വലിക്കുന്ന സാഹചര്യത്തില്‍ ക്രൂഡിന് വില ഇനിയും പത്ത് ശതമാനത്തോളമെങ്കിലും ഉയരുമെന്ന ആശങ്ക സജീവമാണ്.
ഇന്ത്യയില്‍ പെട്രോള്‍ വിലയിലുള്ള സര്‍ക്കാര്‍ നിയന്ത്രണം മാറ്റിയതിന് ശേഷം ആഗോള വിപണിയിലെ വില വര്‍ധന പെട്രോളിന് വില ഉയര്‍ത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ പൊതുമേഖലാ പെട്രോളിയം കമ്പനികള്‍ പെട്രോള്‍ വില ലിറ്ററിന് 2.70 രൂപയെങ്കിലും വര്‍ധിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. അതേസമയം, ക്രൂഡ് ഓയില്‍ വില നിയന്ത്രിക്കുന്നതിനായി അടിയന്തര നടപടി കൈക്കൊള്ളണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി ഒപ്പെക്കിനോട് ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം