ബിംബങ്ങളെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടില്ല

February 24, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കോഴിക്കോട്‌: വി.എസ്‌. അച്യുതാനന്ദന്‍ കേരളത്തിന്റെ വലിയ നേതാവാണെങ്കിലും ഒരു ബിംബത്തെ ഉയര്‍ത്തിക്കാട്ടി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഉദ്ദേശ്യമില്ലെന്നു മന്ത്രി സി. ദിവാകരന്‍. ശക്‌തമായ ഒരു നേതൃനിര എല്‍ഡിഎഫിനുണ്ട്‌. വികസനമുന്നേറ്റ ജാഥയുടെ ഭാഗമായി കോഴിക്കോട്ടു നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്‌റ്റന്‍ കൂടിയായ ദിവാകരന്‍. സര്‍ക്കാരിന്റെ വികസനവാര്‍ത്തകള്‍ ചില പത്രങ്ങള്‍ ചരമക്കോളത്തില്‍ ഒതുക്കുകയാണ്‌.
എല്ലാവര്‍ക്കും രണ്ടു രൂപയ്‌ക്ക്‌ അരി നല്‍കുമെന്ന വാര്‍ത്ത വായിക്കണമെങ്കില്‍ ഭൂതക്കണ്ണാടി വയ്‌ക്കണം. 1957 ലെ സര്‍ക്കാരിനുശേഷം ഏറ്റവുമധികം അടിസ്‌ഥാനവികസനം കൊണ്ടുവന്ന സര്‍ക്കാരാണിത്‌. എല്‍ഡിഎഫ്‌ നിലപാടുകളെ അംഗീകരിച്ചു കെ.എം. മാണി ഇറങ്ങിവന്നാല്‍ മുന്നണിയിലെടുക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കാമെന്നു ദിവാകരന്‍ പറഞ്ഞു.
വിഎസിനും മകനുമെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നു മന്ത്രി എളമരം കരീം പറഞ്ഞു. ജയിലിലേക്കു പോകുന്ന പോക്കില്‍ മറ്റുള്ളവരുടെ ദേഹത്തു ചെളി തെറിപ്പിക്കാനാണു കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. എത്ര ഉദ്യോഗസ്‌ഥര്‍ ഏതെല്ലാം രാജ്യത്തു പോവുന്നു. ഇതെല്ലാം സര്‍ക്കാര്‍ അന്വേഷിക്കാനൊക്കുമോ? അരുണ്‍ കുമാറിന്റെ യാത്രയില്‍ അനധികൃതമായി വല്ലതുമുണ്ടെങ്കില്‍ തെളിവു സഹിതം പരാതി എഴുതിത്തരട്ടെ.
വിഎസിനെതിരായ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചതു സംബന്ധിച്ച ചോദ്യത്തിന്‌, കോടതി ഏതു ഹര്‍ജിയും ഫയലില്‍ സ്വീകരിക്കുമെന്നായിരുന്നു മറുപടി. വിഎസിനെക്കുറിച്ചു പി. ശശി ഉന്നയിച്ച ആരോപണം അപ്പാടെ പാര്‍ട്ടി എഴുതിത്തള്ളിയതാണെന്നും കരീം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം