പാമൊലിന്‍ കേസ്‌: തുടരന്വേഷണം വേണമെന്നു സര്‍ക്കാര്‍

February 26, 2011 കേരളം

തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ തുടരന്വേഷണം വേണമെന്നു സംസ്‌ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയിലാണു സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചത്‌. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാമെന്നും ഇതിനായി തുടരന്വേഷണം അനിവാര്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ നടപടി. കേസ്‌ പരിഗണിക്കുന്നതിനായി മാര്‍ച്ച്‌ ഏഴിലേക്കു മാറ്റി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ പ്രതിയായ കേസിന്റെ സ്‌റ്റേ സുപ്രീം കോടതി നീക്കിയതിനെ തുടര്‍ന്നാണു കേസില്‍ തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്‌. തുടര്‍ന്നു മുന്‍ സിവില്‍ സപ്ലൈസ്‌ മന്ത്രി ടി എച്ച്‌ മുസ്‌തഫ നല്‍കിയ വിടുതല്‍ ഹര്‍ജിയാണ്‌ ഇപ്പോഴത്തെ നടപടിക്ക്‌ ആധാരം. അന്നു ധനമന്ത്രിയായ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാത്ത സാഹചര്യത്തില്‍ തന്നെയും പ്രതിപ്പട്ടികയില്‍ നിന്ന്‌്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടാണു ടി എച്ച്‌ മുസ്‌തഫ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്‌. മുസ്‌തഫയുടെ ഹര്‍ജി രാഷ്‌ട്രീയ വിവാദം ആയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം