ജുഡീഷ്യറിയില്‍ അഴിമതി അതിരുകടന്നുവെന്ന്‌ മന്ത്രി വിജയകുമാര്‍

February 26, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കോഴിക്കോട്‌: ജുഡീഷ്യറിയിലേയ്‌ക്ക്‌ ഒരിക്കലും കടന്നുചെല്ലാന്‍ പാടില്ലാത്ത അഴിമതി കടന്നുചെന്നിരിക്കുന്നെന്നു മന്ത്രി എം.വിജയകുമാര്‍. ആഗോള മാറ്റങ്ങളുടെ പ്രതിഫലനമാണിത്‌. കോടതിയുടെ വിശ്വാസ്യത ജനാധിപത്യത്തില്‍ പരമപ്രധാനമാണ്‌. അതു ചോദ്യം ചെയ്യപ്പെട്ടാല്‍ അരാജകത്വമാകും ഫലം. കുറേ കേസുകള്‍ എടുത്താല്‍ അഴിമതി അവസാനിക്കില്ല. ജുഡീഷ്യറിയില്‍ നിന്ന്‌ അഴിമതി തുടച്ചുനീക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരണം അതിനു മുന്‍കയ്യെടുക്കേണ്ടതും ജുഡീഷ്യറി തന്നെ. ഇല്ലെങ്കില്‍ ഭാവിയില്‍ പ്രവചനാതീതമായ ഭവിഷ്യത്തുകള്‍ ഉണ്ടാകുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
കോടതിയില്‍ വരുന്നവര്‍ വരാന്തയില്‍ നില്‍ക്കുന്നത്‌ അപരിഷ്‌കൃതമാണെന്ന നിലപാടാണു സര്‍ക്കാരിന്റേതെന്ന്‌ മന്ത്രി പറഞ്ഞു. അതുകൊണ്ടാണ്‌ ഈ സര്‍ക്കാര്‍ 724 ബെഞ്ചുകള്‍ കൊടുത്തത്‌. കോടതികള്‍ക്ക്‌ എല്ലാം കൊടുക്കണമെന്നാണു സര്‍ക്കാരിന്റെ ആഗ്രഹം. എന്തെങ്കിലും സൗകര്യം വേണമെങ്കില്‍ ഇനിയും നല്‍കുമെന്നും മന്ത്രി പറഞ്ഞു. കോടതി വികസനത്തിനു ബജറ്റില്‍ സര്‍ക്കാര്‍ തുക നീക്കിവയ്‌ക്കുന്നില്ലെന്ന ജസ്‌റ്റിസ്‌ പയസ്‌ സി. കുര്യാക്കോസിന്റെ വിമര്‍ശനത്തിന്‌ അതേ വേദിയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം