1919 താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിരനിയമനം

February 27, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പൊതുമേഖലയിലും സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങളിലും പത്തുവര്‍ഷമായി താല്‍ക്കാലികമായി ജോലി ചെയ്യുന്ന 1919 പേര്‍ക്ക് സ്ഥിരനിയമനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗ്രാമ പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നഗരസഭകളില്‍ 271 അധിക തസ്തികകള്‍ രൂപവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
പൊന്നാനി തുറമുഖ വികസനത്തിനായി ലേല അവലോകന സമിതി ശുപാര്‍ശ ചെയ്ത മലബാര്‍ പോര്‍ട്‌സിന്റെ ലേലത്തുക അംഗീകരിച്ചു. കൊല്ലം താലൂക്കിലെ 2 ഹെക്ടര്‍ സ്ഥലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ പ്രാദേശിക കേന്ദ്രം സ്ഥാപിക്കാനായി കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പിന് കൈമാറും. 50 വര്‍ഷത്തേക്ക് പാട്ടത്തിനാണ് കൈമാറുക.
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനം പി.എസ്.സിക്ക് വിടാനും തീരുമാനമായി. കേന്ദ്ര ഗ്രാമന്യായാലയ ആക്ടില്‍ പറുന്നത് പോലെ സംസ്ഥാനത്തെ 30 ബ്ലോക്കുകളില്‍ ഗ്രാമ ന്യായാലയങ്ങള്‍ തുടങ്ങും. വിഴിഞ്ഞം പദ്ധതിക്കായി ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്നും 1490 കോടി രൂപ കടമെടുക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനര്‍ട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് കേരള റിന്യൂവബില്‍ എനര്‍ജി ഡെവലപ്‌മെന്റ് കമ്പനി എന്ന പേരില്‍ സംയുക്ത സംരംഭം തുടങ്ങും. തിരുവനന്തപുരത്ത് രജിസ്‌ട്രേറ്റ് ഓഫീസോടെ ഊര്‍ജ വകുപ്പിന് കീഴില്‍ സെന്റര്‍ ഫോര്‍ കപ്പാസിറ്റി ബില്‍ഡിങ് ഇന്‍ ന്യൂ ആന്‍ഡ് റിന്യൂവബില്‍ എനര്‍ജി ആന്‍ഡ് കണ്‍സര്‍വേഷന്‍ സൊസൈറ്റി സ്ഥാപിക്കും.
കേരളത്തിലെ സ്‌കൂളുകളില്‍ മലയാളം ഒന്നാം ഭാഷയും നിര്‍ബന്ധിത പാഠ്യവിഷയവും ആക്കുന്നതിന് എസ്.ഇ.ഇ.ആര്‍.ടിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചു. കരിക്കകത്ത് സ്‌കൂള്‍ വാന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം സഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വെളിപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം